‘എടോ ചങ്ങായിമാരേ, നിങ്ങൾക്കെതിരെയാണ് പരാതി, പ്രതിസ്ഥാനത്തുള്ള നിങ്ങളാണ് വിശ്വാസ്യത തെളിയിക്കേണ്ടത്’; തെരഞ്ഞെടുപ്പ് കമീഷനെ പരിഹസിച്ച് വി.ടി. ബൽറാം
text_fieldsവിടി ബൽറാം, രാഹുൽ ഗാന്ധി
കോഴിക്കോട്: വോട്ട് മോഷണം സംബന്ധിച്ച വെളിപ്പെടുത്തലിൽ രാഹുൽ ഗാന്ധി പരാതികൾ എഴുതി നൽകണമെന്ന തെരഞ്ഞെടുപ്പ് കമീഷന്‍റെ ആവശ്യത്തെ വിമർശിച്ച് കെ.പി.സി.സി മുൻ വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം. രാഹുലിന്‍റെ വെളിപ്പെടുത്തലിൽ തെരഞ്ഞെടുപ്പ് കമീഷനാണ് ജനങ്ങൾക്ക് ബോധിക്കുന്ന വിശദീകരണങ്ങൾ നൽകേണ്ടതെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ സമഗ്രമായ പരിശോധനക്ക് തെരഞ്ഞെടുപ്പ് കമീഷൻ സ്വമേധയാ തയാറാവുന്നില്ല. ഇലക്ഷൻ കമീഷൻ ഓഫ് ഇന്ത്യയായാലും ഇലക്ഷൻ കമീഷൻ ഓഫ് ബി.ജെ.പിയായാലും പ്രതിക്കൂട്ടിലുള്ളതും മറുപടി പറയേണ്ടതും തെരഞ്ഞെടുപ്പ് കമീഷനാണെന്നും ബൽറാം എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി.
വി.ടി. ബൽറാം ഫേസ്ബുക്ക് പോസ്റ്റ്
രാഹുൽ ഗാന്ധി പരാതികൾ തങ്ങൾക്ക് എഴുതി സമർപ്പിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ. ഇല്ലെങ്കിൽ മാപ്പ് പറയണമത്രേ! എടോ ചങ്ങായിമാരേ, നിങ്ങൾക്കെതിരെയാണ് പരാതി. നിങ്ങൾ ബിജെപിക്ക് വേണ്ടി ഇലക്ഷൻ അട്ടിമറിക്കുന്നു എന്നതാണ് പരാതി. നിങ്ങളാണ് പ്രതിസ്ഥാനത്ത്.
രാജ്യത്തിന്റെ ഔദ്യോഗിക പ്രതിപക്ഷ നേതാവാണ് നിങ്ങളിൽ അവിശ്വാസം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ നിരവധി അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും അതേ അഭിപ്രായമാണ്. ഇലക്ഷൻ കമ്മീഷൻ എന്ന നിലയിൽ നിങ്ങളുടെ സ്റ്റേക് ഹോൾഡേഴ്സാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ. അവരിൽ ഭൂരിപക്ഷത്തിനും വിശ്വാസമില്ലാതെ എങ്ങനെയാണ് നിങ്ങൾ ഒരു സിസ്റ്റം കൊണ്ടുനടക്കാൻ ഉദ്ദേശിക്കുന്നത്?
അതുകൊണ്ട് നിങ്ങളാണ് വിശ്വാസ്യത തെളിയിക്കേണ്ടത്. നിങ്ങളാണ് ജനങ്ങൾക്ക് ബോധിക്കുന്ന വിശദീകരണങ്ങൾ നൽകേണ്ടത്. എന്തുകൊണ്ടാണ് നിങ്ങൾ മെഷീൻ റീഡബിൾ ആയിട്ടുള്ള ഡിജിറ്റൽ ഫോർമാറ്റിൽ വോട്ടർ പട്ടിക ലഭ്യമാക്കാത്തത്? എന്തുകൊണ്ടാണ് നിങ്ങൾ വീഡിയോ തെളിവുകൾ നശിപ്പിച്ച് കളയുന്നത്? നിങ്ങളുടെ കയ്യിലുള്ള നിങ്ങൾ പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിലെ ഗുരുതരമായ ക്രമക്കേടുകളേക്കുറിച്ച് ലഭ്യമായ തെളിവുകൾ വച്ച് ചൂണ്ടിക്കാണിച്ചിട്ടും എന്തുകൊണ്ട് അതംഗീകരിച്ച് സമഗ്രമായ പരിശോധനക്ക് നിങ്ങൾ സ്വമേധയാ തയ്യാറാവുന്നില്ല?
ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയായാലും ശരി, ഇലക്ഷൻ കമ്മീഷൻ ഓഫ് ബിജെപിയായാലും ശരി, നിങ്ങളാണ് പ്രതിക്കൂട്ടിൽ. നിങ്ങളാണ് മറുപടി പറയേണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.