'സവർക്കർജി പാവമാണ്, പച്ചവെള്ളം ചവച്ച് കുടിച്ചിരുന്ന ആളാണ്, മഹാപുരുഷനാണ്, ബാക്കിയൊക്കെ സുപ്രീം കോടതി പറയുന്ന പോലെ'; രൂക്ഷ വിമർശനവുമായി വി.ടി.ബൽറാം
text_fieldsപാലക്കാട്: ഹിന്ദു മഹാസഭ നേതാവ് സവർക്കർക്കെതിരെ മിണ്ടരുതെന്ന് രാഹുൽ ഗാന്ധിയോട് സുപ്രീം കോടതി നൽകിയ മുന്നറിയിപ്പിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി.ബൽറാം.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിലേക്ക് ഇപ്പോഴും തോക്കുചൂണ്ടുന്ന ഗോഡ്സേ ഭക്തരെയൊന്നും സുപ്രീം കോടതിക്ക് കാണാൻ കഴിയുന്നില്ലെന്നും ജവാഹർലാൽ നെഹ്രുവിനെതിരെ കേന്ദ്രമന്ത്രിമാരടക്കമുള്ള സംഘികൾ നിരന്തരം നടത്തുന്ന അവഹേളനങ്ങളും നുണപ്രചരണങ്ങളും സുപ്രീം കോടതിക്ക് കാണാൻ കഴിയുന്നില്ലെന്നും വി.ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിന്റെ ഗൂഢാലോചനക്കേസിൽ പ്രതിയായിരുന്നു വി.ഡി.സവർക്കറെന്നും ആൻഡമാൻ ജയിലിൽ നിന്ന് മോചിപ്പിക്കപ്പെടുന്നതിനായി ബ്രിട്ടീഷ് അധികാരികൾക്ക് നിരവധി തവണ മാപ്പപേക്ഷ നൽകിയ ആളാണെന്നും ബൽറാം കുറ്റപ്പെടുത്തി.
'സുപ്രീം കോടതി പറയുന്ന പോലെ. വി.ഡി സവർക്കർജി പാവമാണ്, പച്ചവെള്ളം ചവച്ച് കുടിച്ചിരുന്ന ആളാണ്, ഹിന്ദുത്വത്തിന്റെ ഉപജ്ഞാതാവാണ്, ഗോഡ്സേജിയുടെ ഗുരുവാണ്, ഇന്ന് രാജ്യം ഭരിക്കുന്നവരുടെ ആശയാചാര്യനാണ്, അതുകൊണ്ട് തന്നെ മഹാനാണ്, മഹാപുരുഷനാണ്.' എന്നും ബൽറാം പരിഹസിച്ചു.
വി.ടി.ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിലേക്ക് ഇപ്പോഴും തോക്കുചൂണ്ടുന്ന ഗോഡ്സേ ഭക്തരെയൊന്നും സുപ്രീം കോടതിക്ക് കാണാൻ കഴിയുന്നില്ല.
സ്വാതന്ത്ര്യ സമര സേനാനി കൂടിയായ രാഷ്ട്രശിൽപ്പി ജവാഹർലാൽ നെഹ്രുവിനെതിരെ കേന്ദ്രമന്ത്രിമാരടക്കമുള്ള സംഘികൾ നിരന്തരം നടത്തുന്ന അവഹേളനങ്ങളും നുണപ്രചരണങ്ങളും സുപ്രീം കോടതിക്ക് കാണാൻ കഴിയുന്നില്ല.
ഏതായാലും ഒരു സുപ്രീം കോടതിക്കും നിഷേധിക്കാനാവാത്ത രണ്ട് ചരിത്ര വസ്തുതകൾ ഒന്നുകൂടി ആവർത്തിക്കട്ടെ.
ഒന്ന്) ആൻഡമാൻ ജയിലിൽ നിന്ന് മോചിപ്പിക്കപ്പെടുന്നതിനായി ബ്രിട്ടീഷ് അധികാരികൾക്ക് നിരവധി തവണ മാപ്പപേക്ഷ നൽകിയ ആളാണ് വി.ഡി.സവർക്കർ.
രണ്ട്) മഹാത്മാഗാന്ധിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഗൂഢാലോചനക്കേസിൽ പ്രതിയായിരുന്നു വി.ഡി.സവർക്കർ.
ബാക്കിയൊക്കെ സുപ്രീം കോടതി പറയുന്ന പോലെ. വി ഡി സവർക്കർജി പാവമാണ്, പച്ചവെള്ളം ചവച്ച് കുടിച്ചിരുന്ന ആളാണ്, ഹിന്ദുത്വത്തിന്റെ ഉപജ്ഞാതാവാണ്, ഗോഡ്സേജിയുടെ ഗുരുവാണ്, ഇന്ന് രാജ്യം ഭരിക്കുന്നവരുടെ ആശയാചാര്യനാണ്, അതുകൊണ്ട് തന്നെ മഹാനാണ്, മഹാപുരുഷനാണ്."
വി.ഡി. സവർക്കെതിരായ പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ലഖ്നോ കോടതിയിൽ നിലനിൽക്കുന്ന ക്രിമിനൽ മാനനഷ്ടക്കേസുകൾ സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീംകോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ചരിത്രവും ഭൂമിശാസ്ത്രവും അറിയാതെ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് നിരുത്തരവാദമായ പരാമർശങ്ങൾ നടത്തരുതെന്നും അവരോട് ഇതേ രീതിയിൽ പെരുമാറരുതെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്.
കേസ് പരിഗണിച്ചയുടന്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകനാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് ജസ്റ്റിസ് ദത്ത എതിര്‍പ്പ് രേഖപ്പെടുത്തി. വൈസ്രോയിക്കുള്ള കത്തുകളില്‍ 'നിങ്ങളുടെ വിശ്വസ്ത ദാസന്‍' എന്ന പദം ഉപയോഗിച്ചതുകൊണ്ട് മഹാത്മാഗാന്ധിയെ ബ്രിട്ടീഷുകാരുടെ സേവകന്‍ എന്ന് വിളിക്കാമോ എന്ന് ജസ്റ്റിസ് ദത്ത ചോദിച്ചു.
നിങ്ങളുടെ മുത്തശ്ശി ഇന്ദിരാഗാന്ധി പോലും സവർക്കറെ ബഹുമാനിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തെ പ്രശംസിച്ച് കത്തയച്ചിരുന്ന കാര്യമറിയാമോ എന്നും ദത്ത ചോദിച്ചു. രാഹുലിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ എം.എം. സിങ്‍വിയാണ് കോടതിയിൽ ഹാജരായത്.
ഭാരത് ജോഡോ യാത്രക്കിടെ 2022 നവംബർ 17നാണ് രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ സവർക്കറെ വിമർശിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.