പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒബാമയെ കൊണ്ടുവരും; ട്രോളി ബല്‍റാം
text_fieldsകൂറ്റനാട് (പാലക്കാട്): അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമയെ കൊണ്ടുവരുമെന്നും കൂറ്റനാട് സെന്‍ററില്‍ ഒരുകോടി ആളുകള്‍ പങ്കെടുത്തുകൊണ്ടുള്ള യോഗം നടക്കുമെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. കഴിഞ്ഞദിവസം കേരളത്തില്‍ മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞ് പ്രചാരണം നടത്തിയ കായിക മന്ത്രിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു ബല്‍റാം. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം മന്ത്രിയെ ട്രോളിയത്.
അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി കേരളത്തിലേക്ക് വരുന്നില്ലെന്ന കാര്യം കായികമന്ത്രി വി. അബ്ദുറഹ്മാൻ തന്നെ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാക്കുപറഞ്ഞ സ്പോൺസറും റിപ്പോർട്ടർ ടി.വി ഉടമയുമായ ആന്റോ മെസ്സി കേരളത്തിൽ വരാതെ ‘വഞ്ചിച്ചാൽ’ പിന്നെ ഇന്ത്യയിലെവിടെയും കാലുകുത്തിക്കില്ല എന്ന് ഭീഷണിപ്പെടുത്തുന്ന മട്ടിലാണ് സംസാരിച്ചത്. റിപ്പോർട്ടർ മുതലാളിയെ നമുക്ക് തൽക്കാലം അവഗണിക്കാം. എന്നാൽ, കായികമന്ത്രിയുടെ വാക്കുകളും വാഗ്ദാനങ്ങളും അങ്ങനെയല്ല. ജനങ്ങളോട് നേരിട്ടുതന്നെ ഉത്തരവാദിത്തമുള്ളയാളാണ് മന്ത്രി.
ജനങ്ങളെ പറഞ്ഞുപറ്റിക്കുന്ന കാമ്പയിന് മന്ത്രിതന്നെ നേതൃത്വം നൽകിയത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. അർജന്റീന അധികാരികളുമായി ചർച്ചക്കെന്ന പേരിൽ മന്ത്രി അബ്ദുറഹ്മാനും പരിവാരങ്ങളും നടത്തിയ വിദേശയാത്രയുടെ ചെലവ് ഖജനാവിൽനിന്നായിരിക്കുമല്ലോ. അതിന്നാട്ടിലെ സാധാരണക്കാരുടെ നികുതിപ്പണമാണ്. കണ്ണിൽക്കണ്ട വീരപ്പന്മാരുടെ തട്ടിപ്പിന്റെ ഭാരം പൊതുഖജനാവ് പേറേണ്ടതില്ല. മന്ത്രി തന്നെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.