വഫ ഫിറോസും പ്രതി; അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
text_fieldsതിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിനെതിരെയും കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചത് പ്രോത്സാഹിപ്പിച്ചതിനാണ് കേസെടുത്തത്. ഐ.പി.സി 184, 188 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.
അതേസമയം, മദ്യപിച്ചിരുന്ന ശ്രീറാം തന്നെയാണ് വാഹനമോടിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസ് മൊഴി നൽകി. പൊലീസിനും മജിസ്ട്രേറ്റ് മുമ്പാകെയുമാണ് അവർ മൊഴി നൽകിയത്. സംഭവം നടന്നയുടൻ താനാണ് കാർ ഒാടിച്ചതെന്ന് പറഞ്ഞ വഫ പിന്നീട് മൊഴി അപ്പാടെ മാറ്റുകയായിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ കുറേനാളായി അറിയാം. ഭർത്താവ് അബൂദബിയിൽ മറൈൻ എൻജിനീയറാണ്. താനും വിദേശത്തായിരുന്നു. മോഡലിങ് ചെയ്തിട്ടുണ്ട്. ഇപ്പോൾ മകൾക്കൊപ്പം പട്ടം മരപ്പാലത്തിന് സമീപമാണ് താമസമെന്നും നാവായിക്കുളം സ്വദേശിനിയായ വഫ വ്യക്തമാക്കി.
‘യുവ െഎ.എ.എസുകാരൻ എന്ന നിലക്കാണ് ശ്രീറാമിനോട് സൗഹൃദം കൂടാൻ തോന്നിയത്. ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. അദ്ദേഹം എസ്.എം.എസ് അയച്ചതിനെതുടർന്നാണ് കാറുമായി അസമയത്ത് കവടിയാറിൽ എത്തിയത്. കവടിയാർ വിവേകാനന്ദ പാർക്കിനടുത്ത് എത്താനായിരുന്നു സന്ദേശം. ഇപ്പോൾ വരാമെന്ന് മകളോട് പറഞ്ഞ് വീട്ടിൽനിന്നിറങ്ങി.
വിദേശപരിശീലനം കഴിഞ്ഞ് ജോലിയിൽ തിരികെ കയറിയതിെൻറ പാര്‍ട്ടി കഴിഞ്ഞാണ് ശ്രീറാം വന്നത്. മദ്യപിച്ചതിനാൽ വാഹനമോടിക്കേണ്ടെന്ന് താൻ പറഞ്ഞു. എന്നാൽ ശ്രീറാം കേട്ടില്ല. താക്കോൽ വാങ്ങി കവടിയാറിൽനിന്ന് കാറെടുത്തു. വാഹനം അമിതവേഗത്തിലായിരുന്നു. പബ്ലിക് ഒാഫിസിന് മുന്നിലെത്തിയപ്പോൾ കാറിന് നിയന്ത്രണം തെറ്റുന്നതായി തോന്നി. ഉടൻതന്നെ ബ്രേക്ക് ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു.

ഉടൻതന്നെ തങ്ങൾ ഇരുവരും കാറിൽനിന്ന് പുറത്തിറങ്ങി. ശ്രീറാംതന്നെ യുവാവിനെ എടുത്ത് േറാഡിലേക്ക് കൊണ്ടുവന്നു. തങ്ങളുടെ കാറിൽ യുവാവിനെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വാഹനം സ്റ്റാർട്ടായില്ല. തുടർന്ന് പലരോടും സഹായം ആവശ്യപ്പെട്ടു. അപ്പോഴേക്കും പൊലീസ് എത്തി’ - വഫ മൊഴി നൽകി.
സംഭവശേഷം മ്യൂസിയം പൊലീസ് ഉബർ വിളിച്ച് വിട്ടയച്ച വഫയെ പിന്നീട് പൊലീസ് വിളിച്ചുവരുത്തി രക്തപരിശോധന നടത്തുകയായിരുന്നു. അതിനുശേഷം രാവിലെ 11 മണിയോടെ കേൻറാൺമെൻറ് സ്റ്റേഷനിലെത്തിയാണ് അവർ മൊഴി നൽകിയത്. വൈകുന്നേരത്തോടെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കെ.പി. ആനന്ദിന് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി. പൊലീസിനും മജിസ്ട്രേറ്റിനും നൽകിയത് ഒരേ മൊഴിയെന്നാണ് വിവരം.
ശ്രീറാമിനെതിരെ സാക്ഷിമൊഴികൾ
തിരുവനന്തപുരം: കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന് തന്നെയെന്ന് ദൃക്സാക്ഷികളും. കാറില്‍ നിന്നിറങ്ങുമ്പോള്‍ ശ്രീറാം മദ്യപിച്ച നിലയിലായിരുെന്നന്നും ഇക്കാര്യം പൊലീസിന് അപ്പോള്‍ തന്നെ ബോധ്യപ്പെട്ടിരുന്നെന്നും ദൃക്സാക്ഷിയായ ജോബി പറഞ്ഞു. ദൃക്സാക്ഷികളായ രണ്ട് ഒാട്ടോ ഡ്രൈവർമാരും ഇക്കാര്യം സ്ഥിരീകരിച്ചു. അപകടത്തിന് തൊട്ടുമുമ്പ് കാര്‍ തെൻറ ഓട്ടോയെ അതിവേഗത്തില്‍ മറികടന്നുപോയെന്ന് മറ്റൊരു ദൃക്സാക്ഷിയായ ഷഫീഖ് പറയുന്നു.
ഇക്കാര്യങ്ങളെല്ലാം പൊലീസിനോടും പറഞ്ഞതായി മറ്റൊരു ഒാേട്ടാ ഡ്രൈവർ മണിക്കുട്ടനും പറഞ്ഞു. മൂവരും ശനിയാഴ്ച രാവിലെ മാധ്യമങ്ങൾക്ക് മുന്നിലെത്തി തങ്ങൾ കണ്ട കാഴ്ച വിശദീകരിച്ചിട്ടും പൊലീസ് മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചില്ല. മഫ്തിയിലെത്തിയ ചില പൊലീസുകാർ ഒാേട്ടാ ഡ്രൈവർമാരെ വിരട്ടിയതായും ആരോപണമുണ്ട്. ശ്രീറാം മദ്യപിച്ചിരുന്നതായി മനസ്സിലായെന്നും അതിനാൽ അദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നതായും മ്യൂസിയം എസ്.െഎയും സമ്മതിക്കുന്നു. എന്നാൽ എന്തുകൊണ്ട് വൈദ്യപരിശോധനക്ക് വിധേയനാക്കിയില്ലെന്ന ചോദ്യത്തിന് ആ ഉദ്യോഗസ്ഥനും മറുപടിയില്ല.
ശ്രീറാം സമ്മതിക്കാത്തതിനാലാണ് രക്തസാമ്പിളെടുക്കാത്തതെന്നാണ് അഡീ. സിറ്റി പൊലീസ് കമീഷനറും ഡി.െഎ.ജിയുമായ സഞ്ജയ്കുമാർ ഗുരുഡിൻ പ്രതികരിച്ചത്. ആഭ്യന്തരവകുപ്പിെൻറ നിർദേശാനുസരണം പത്ത് മണിക്കൂറിന് ശേഷമാണ് ശ്രീറാമിെൻറ രക്തസാമ്പിൾ എടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.