Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എന്റെ മകനേ, എന്റെ മകനേ... എന്ന മാതാപിതാക്കളുടെ നിലവിളി കേട്ടപ്പോൾ തകർന്നുപോയി...’ ​കൈപ്പമംഗലം അപകടത്തിൽ മൃതദേഹ പരിശോധന നടത്തിയ പൊലീസുകാരൻ

text_fields
bookmark_border
‘എന്റെ മകനേ, എന്റെ മകനേ... എന്ന മാതാപിതാക്കളുടെ നിലവിളി കേട്ടപ്പോൾ തകർന്നുപോയി...’ ​കൈപ്പമംഗലം അപകടത്തിൽ മൃതദേഹ പരിശോധന നടത്തിയ പൊലീസുകാരൻ
cancel
camera_alt

തൃശൂർ ദേശീയപാത 66ലെ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിലുണ്ടായ വാഹനാപകടം.  മരിച്ചവരുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ കൊണ്ടുവന്നപ്പോൾ പൊട്ടിക്കരയുന്ന ബന്ധു 

തൃശൂർ: എട്ടു യുവവിദ്യാർഥികളുടെ പ്രാണൻ ചിതറിത്തെറിച്ച കൈപ്പമംഗലത്തെ വാഹനാപകടത്തിൽ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് ചെയ്തതിന്റെ നടുക്കം വിട്ടുമാറാതെ സിവിൽ പൊലീസ് ഓഫിസർ. “എന്റെ മകനേ… എന്റെ മകനേ…’ എന്ന മാതാപിതാക്കളുടെ നിലവിളി കേൾക്കുമ്പോൾ, ഒരു പോലീസുകാരനെന്ന നിലയിൽ എത്രയോ അപകടങ്ങൾ കണ്ടിട്ടുണ്ടെങ്കിലും തകർന്നുപോയതായി വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫിസർ ഫിറോസ് ​എട​ശ്ശേരി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. എട്ടുപേരുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ, മരിച്ചവരുടെ ബന്ധുക്കളുടെ പൊട്ടിക്കരച്ചിൽ നാടിന്റെ കണ്ണീരായി.

‘ഇന്നലത്തെ രാത്രി… മറക്കാനാവില്ല. രാത്രി 2.30 മണി. സ്റ്റേഷനിൽ നിന്ന് ഒരു ഫോൺ കോൾ. “ഉടൻ സ്റ്റേഷനിലെത്തണം… ഇൻക്വസ്റ്റിന് പോകണം.”എന്താണ് സംഭവിച്ചതെന്ന് അറിയാതെ, ഉറക്കമുണർന്ന് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അവിടെ നിന്നാണ് ആ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായത്.

കൈപ്പമംഗലത്ത് വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികളുടെ ജീവനാണ് പൊലിഞ്ഞത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോൾ കണ്ട കാഴ്ച… ഇപ്പോഴും മനസ്സിൽ നിന്ന് മായുന്നില്ല.

ഒരു വശത്ത്, മക്കളെ അവസാനമായി കാണേണ്ടി വന്ന മാതാപിതാക്കളുടെ നെഞ്ചുപൊട്ടുന്ന നിലവിളി… മറുവശത്ത്, ജീവിതത്തിന്റെ നിറങ്ങൾ മുഴുവൻ ബാക്കിയുണ്ടായിരുന്ന എട്ട് കുഞ്ഞുജീവനുകൾ നിശ്ചലമായി കിടക്കുന്നു…“എന്റെ മകനേ… എന്റെ മകനേ…” എന്ന മാതാപിതാക്കളുടെ നിലവിളി കേൾക്കുമ്പോൾ, ഒരു പൊലീസുകാരനെന്ന നിലയിൽ എത്രയോ അപകടങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, തകർന്നുപോയി.

ഒരു നിമിഷത്തെ അശ്രദ്ധ… ഒരു നിമിഷത്തെ അമിതവേഗം… ഒരു കുടുംബത്തിന്റെ മുഴുവൻ ജീവിതത്തെയും തകർത്തുകളയാം. റോഡിൽ വാഹനം ഓടിക്കുമ്പോൾ നമ്മൾ ഓർക്കേണ്ടത് നമ്മുടെ ജീവൻ മാത്രമല്ല. നമ്മെ കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട്. നമ്മുടെ വരവിനായി കാത്തിരിക്കുന്ന മാതാപിതാക്കളുണ്ട്. നമ്മെ ആശ്രയിച്ച് ജീവിക്കുന്ന പ്രിയപ്പെട്ടവരുണ്ട്.

വേഗതയല്ല ലക്ഷ്യം… സുരക്ഷിതമായി വീട്ടിലെത്തുന്നതാണ് ഓരോ യാത്രയുടെയും യഥാർത്ഥ വിജയം. ആ എട്ട് വിദ്യാർത്ഥികളുടെയും ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ. അവരുടെ മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും വേദനയിൽ ഹൃദയപൂർവ്വം പങ്കുചേരുന്നു. റോഡിൽ ഒരു നിമിഷം സൂക്ഷിക്കുക… ഒരു കുടുംബത്തിന്റെ ജീവിതം മുഴുവൻ സംരക്ഷിക്കാം’ -ഫിറോസ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ശനിയാഴ്ച പുലർച്ച 12 മണിയോടെയാണ് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ ദേശീയപാത 66ൽ നിർത്തിയിട്ട ചരക്കുലോറിയുടെ പിന്നിൽ കാറിടിച്ച് തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ ദാരുണമായി കൊല്ലപ്പെട്ടത്. നിർമാണം നടക്കുന്ന ഭാഗത്ത് അനധികൃതമായി നിർത്തിയിട്ട ചരക്കുലോറിയുടെ പിന്നിലാണ് കാർ ഇടിച്ചത്.

തൃശൂർ ദേശീയപാത 66ലെ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ കൊണ്ടുവന്നപ്പോൾ പൊട്ടിക്കരയുന്ന ബന്ധു

തമിഴ്നാട് മധുര സ്വദേശികളായ ഗോകുലകൃഷ്ണന്‍റെ മകൻ സന്തോഷ് (20), രാംകുമാറിന്‍റെ മകൻ പ്രസന്ന (20), ജോൺസന്‍റെ മകൻ ജോഷ്വ ഹിൽസൺ (20), മുരുകന്‍റെ മകൻ മുരളീകൃഷ്ണൻ (21), സേലം സ്വദേശി വസന്തകുമാറിന്‍റെ മകൻ വിശ്വ (20), ദിണ്ടിഗൽ സ്വദേശികളായ ഇയ്യപ്പന്‍റെ മകൻ സൂര്യ (20), കാർത്തികേയന്‍റെ മകൻ യുവ സഞ്ജിത്ത് (21), നടരാജന്‍റെ മകൻ ജീവ (20) എന്നിവരാണ് മരിച്ചത്.

ദിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളജിലെ സിവിൽ, മെക്കാനിക്കൽ വിഭാഗങ്ങളിലെ അവസാന വർഷ വിദ്യാർഥികളാണ് മരിച്ച ആറുപേർ. യുവ സഞ്ജിത്ത്, വിശ്വ എന്നിവർ ഇക്കഴിഞ്ഞ ജൂലൈയിൽ കോഴ്സ് പൂർത്തിയാക്കിയവരാണ്. ഇതിൽ യുവ സഞ്ജിത്താണ് വാഹനമോടിച്ചിരുന്നത്. വാഹനാപകടത്തിന് കാരണം അമിതവേഗതയും അപകടകരമായ അനധികൃത പാർക്കിങ്ങുമാണെന്ന് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. ലോറിക്കടിയിലേക്ക് പാഞ്ഞുകയറിയ കാർ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ആറുപേരെ നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് കാറിൽനിന്ന് പുറത്തെടുത്തു. ബാക്കി രണ്ടുപേരെ അഗ്നിരക്ഷ സേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആറുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്.

ആവശ്യത്തിന് സുരക്ഷാ മുന്നറിയിപ്പുകളില്ലാതെയും ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കാതെയും നടക്കുന്ന ദേശീയപാത 66-ന്റെ വികസന പ്രവർത്തനങ്ങൾ തൃശൂർ ജില്ലയെ വലിയൊരു മരണക്കെണിയാക്കി മാറ്റുകയാണ്. വെള്ളിയാഴ്ച മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ദേശീയപാതയിലുണ്ടായ അപകടങ്ങളിൽ 11 മനുഷ്യജീവനാണ് പൊലിഞ്ഞത്. ഇതിൽ കയ്പമംഗലത്താണ് നാടിനെ നടുക്കിയ ഏറ്റവും വലിയ ദുരന്തമുണ്ടായത്. അപായ സൂചനകളോ ലൈറ്റുകളോ ഇല്ലാതെ പാതയിൽ അനധികൃതമായി ലോറി പാർക്ക് ചെയ്തതും, വിദ്യാർഥികൾ സഞ്ചരിച്ച കാറിന്റെ അമിതവേഗതയുമാണ് എട്ടുപേരുടെ ജീവനെടുത്ത ഈ വൻ ദുരന്തത്തിന് വഴിവെച്ചത്.

കയ്പമംഗലം അപകടത്തിന് പുറമെ ജില്ലയിലെ ദേശീയപാതയിൽ മൂന്നുപേർക്ക് കൂടി ജീവൻ നഷ്ടമായി. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി ആറാംകല്ലിൽ കാറിടിച്ച് മത്സ്യത്തൊഴിലാളിയായ പുതുവീട്ടിൽ അസീസ് മരണപ്പെട്ടപ്പോൾ, കയ്പമംഗലം കൊപ്രാക്കളത്ത് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരനായ രാജേഷും മരണപ്പെട്ടു. കൂടാതെ അകലാട് ഒറ്റയിനിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അബൂബക്കർ എന്ന യുവാവും മരണത്തിന് കീഴടങ്ങി. വൻ തോതിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിൽ തുടരെയുണ്ടാകുന്ന ഇത്തരം ദുരന്തങ്ങൾ മേഖലയിലാകെ കടുത്ത ഭീതി പടർത്തിയിരിക്കുകയാണ്.

ദേശീയപാത പുനർനിർമാണം ആരംഭിച്ചത് മുതൽ ഉയർന്നുകേൾക്കുന്ന പരാതികൾ ശരിവെക്കുന്നതാണ് നിലവിലെ ഭയാനകമായ സാഹചര്യങ്ങൾ. പണി നടക്കുന്ന ഭാഗങ്ങളിലോ ഗതാഗതം വഴിതിരിച്ചുവിടുന്ന ഇടങ്ങളിലോ കൃത്യമായ സൈൻബോർഡുകളോ വേഗനിയന്ത്രണ സൂചകങ്ങളോ സ്ഥാപിക്കാൻ കരാർ കമ്പനികൾ തയ്യാറാകുന്നില്ല. നിർമാണക്കമ്പനികളുടെ ഈ ഗുരുതരമായ കെടുകാര്യസ്ഥതയ്ക്ക് പുറമെ, ദേശീയപാത അതോറിറ്റി അധികൃതരുടെ കൃത്യമായ മേൽനോട്ടമില്ലായ്മയും അപകടങ്ങളുടെ വ്യാപ്തി ഇരട്ടിയാക്കുന്നു.

നേരത്തെ നാട്ടികയിലുണ്ടായ വലിയ അപകടത്തിന് പിന്നാലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിഹാരം കാണുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും, ഒന്നും യാഥാർഥ്യമായില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലത്തെ മരണങ്ങൾ. ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലിടുന്ന നിരവധിയാളുകൾ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. അടിയന്തരമായി ബ്ലാക്ക്‌സ്പോട്ടുകൾ കണ്ടെത്തി സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാനും സ്പീഡ് ട്രാക്കുകളിലെ അനധികൃത പാർക്കിംഗ് തടയാനും അധികൃതർ തയാറായില്ലെങ്കിൽ ദേശീയപാത തൃശൂരിന്റെ സ്ഥിരം മരണക്കെണിയായി മാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - wails shattered me says Policeman who examined bodies in Kaipamangalam accident,
Next Story