വാളയാർ: മൂന്നുപേരെ വെറുതെവിട്ട കോടതിവിധിയുടെ പകര്‍പ്പ് പുറത്ത്
text_fieldsപാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വെറുതെവിട്ട കോടതിവിധിയുടെ പകര്‍പ്പ് പുറത്തുവന്നു. ഒക്ടോബർ 25നാണ് ഒന്നും രണ്ടും നാലും പ്രതികളായ വി. മധു, ഷിബു, എം. മധു എന്നിവരെ കുറ്റമുക്തമാക്കി പാലക്കാട് ഫസ്റ്റ് അഡീഷനൽ കോടതി (പോക്സോ) വിധി പ്രസ്താവിച്ചത്. പ്രതികളെ ശിക്ഷിക്കാൻതക്ക തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷന് പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു.
കുറ്റപത്രത്തിൽ നിഗമനങ്ങള്‍ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയത്. സാഹചര്യതെളിവുകളോ നേരിട്ടുള്ള തെളിവുകളോ ഉണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ പ്രതികളെ ശിക്ഷിക്കാനാവില്ല. തെളിവായി ഹാജരാക്കിയ വസ്ത്രങ്ങള്‍ പീഡനസമയത്ത് ധരിച്ചതാണെന്ന് ഉറപ്പിക്കാൻ അന്വേഷണ സംഘത്തിനായില്ല. പീഡനസ്ഥലത്തെകുറിച്ചും അവ്യക്തതയുണ്ടായി. പീഡനം നടന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാൽ, കുറ്റകൃത്യം ചെയ്തത് പ്രതികളാണെന്ന് സ്ഥാപിക്കാൻതക്ക തെളിവുകളില്ല. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണ് സാക്ഷികളുടെ മൊഴിയെടുത്തതെന്നും പറയുന്നു.
കുട്ടിയുടെ ശരീരത്തിലെ മുറിവും പഴുപ്പും അണുബാധ മൂലമാകാമെന്ന ഡോക്ടറുടെ നിഗമനവും കേസിന് തിരിച്ചടിയായി. സാക്ഷികള്‍ പൊലീസിന് നൽകിയ മൊഴിയും കോടതിയില്‍ പറഞ്ഞ മൊഴിയും പരസ്പരവിരുദ്ധമാണ്. കുട്ടിയുടെ മാതാവിെൻറയും രണ്ടാനച്ഛെൻറയും മൊഴികള്‍ എടുത്തെങ്കിലും കോടതിക്ക് ഇത് വിശ്വാസയോഗ്യമായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.