വഖഫ് ഭേദഗതി: താക്കീതായി ജി.ഐ.ഒ റാലി
text_fieldsവഖഫ് നിയമ ഭേദഗതിക്കെതിരെ കോഴിക്കോട്ട് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച റാലി
കോഴിക്കോട്: രാജ്യത്തെ വഖഫ് സംവിധാനത്തെ തകർക്കുന്ന മോദി സർക്കാറിന്റെ വഖഫ് നിയമ ഭേദഗതിക്കെതിരെ കോഴിക്കോട്ട് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) സംഘടിപ്പിച്ച റാലി, ഭരണഘടനക്ക് മേലുള്ള കൈയേറ്റത്തിനെതിരായ താക്കീതായി.
മുസ്ലിം വംശഹത്യ പദ്ധതിയായ വഖഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിൽ നൂറുകണക്കിന് വനിതകൾ അണിനിരന്നു. വൈകീട്ട് 4.30ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തുനിന്ന് ആരംഭിച്ച റാലി അഞ്ചരയോടെ ബീച്ച് ഫ്രീഡം സ്ക്വയറിൽ എത്തി. തുടർന്ന് നടന്ന പ്രതിഷേധ സംഗമം നാഷനൽ ഫെഡറേഷൻ ഓഫ് ജി.ഐ.ഒ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്നിയത് ഉദ്ഘാടനം ചെയ്തു.
വഖഫ് ഭേദഗതി നിയമം ഭരണഘടന വിരുദ്ധവും പൗരവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണെന്നും ഫാത്തിമ തഹ്നിയത് അഭിപ്രായപ്പെട്ടു. ഇത് മുസ്ലിംകളോടുള്ള വിവേചമാണെന്നും അതിനെ പ്രതിരോധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. വഖഫ് നിയമ ഭേദഗതി മുസ്ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്ന് സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ അംബിക മറുവാക്ക് ചൂണ്ടിക്കാട്ടി.
അഡ്വ. വി.ആർ. അനൂപ്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, വിമൻ ജസ്റ്റിസ് മൂവ്മെന്റ് കേരള ജന. സെക്രട്ടറി ഫസ്ന മീയാൻ, ജമാഅത്തെ ഇസ്ലാമി കേരള വനിത വിഭാഗം ജന. സെക്രട്ടറി കെ.ടി. നസീമ, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് കെ. ഷിഫാന, ജി.ഐ.ഒ സംസ്ഥാന ജന. സെക്രട്ടറി അഫ്ര ശിഹാബ്, ജി.ഐ.ഒ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ലുലു മർജാൻ തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.