വഖഫ് പോര്‍ട്ടല്‍ രജിസ്ട്രേഷൻ: ആശങ്ക പരിഹരിക്കണമെന്ന് മുസ്ലിം സംഘടനകൾ
text_fieldsജസ്റ്റീഷ്യയുടെ ആഭിമുഖ്യത്തിൽ ‘ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന്: ആവലാതികളും ആശങ്കകളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മുസ്ലിം സംഘടന യോഗം
കോഴിക്കോട്: പോര്‍ട്ടലില്‍ രജിസറ്റര്‍ ചെയ്യുന്നതിന് സാവകാശം ചോദിച്ച് സുപ്രീംകോടതിയില്‍ ബോധിപ്പിച്ച ഹരജി തീർപ്പാക്കുന്നതുവരെയും പോര്‍ട്ടലിലെ അപാകതകള്‍ പരിഹരിക്കുന്നതുവരെയും വഖഫുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് മുസ്ലിം സംഘടന നേതാക്കളുടെ യോഗം മഹല്ല് ഭാരവാഹികളോടും മുതവല്ലിമാരോടും ആഹ്വാനം ചെയ്തു.
നിലവില്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വഖഫുകള്‍ മാത്രമാണ് പുതുതായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. അങ്ങിനെയുള്ളവ മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി കണക്കാക്കുകയുമുള്ളൂ. അതിനാൽ, വഖഫുകള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ധിറുതി കൂട്ടേണ്ടതില്ല. അഭിഭാഷക വേദിയായ ജസ്റ്റീഷ്യ ‘ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന്: ആവലാതികളും ആശങ്കകളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ആഹ്വാനം.
ഉമീദ് പോര്‍ട്ടലിലെ രജിസ്ട്രേഷന് അപാകതകളിൽ പരിഹാരം തേടുന്നതിന് പ്രബല മുസ്ലിം സംഘടനകളുടെ സംയുക്ത വേദിയായി, 15 മുസ്ലിം സംഘടന പ്രതിനിധികള്‍ ഉൾപ്പെടുന്ന ലീഗല്‍ കോഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. മുഖ്യരക്ഷാധികാരിയായി കേരള ഹൈകോടതി റിട്ട. ആക്ടിങ് ചീഫ് ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം, ചെയര്‍മാനായി ഉമർ ഫൈസി മുക്കം, ജന. സെക്രട്ടറിയായി ജസ്റ്റീഷ്യ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം എന്നിവരെ തെരഞ്ഞെടുത്തു.
കേരള ഹൈകോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.കെ. അബ്ദുറഹീം യോഗം ഉദ്ഘാടനം ചെയ്തു. ജസ്റ്റീഷ്യ പ്രസിഡന്റ് അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ഉമര്‍ ഫൈസി മുക്കം, അഡ്വ. ത്വയ്യിബ് ഹുദവി (സമസ്ത കേരള ജംഇയ്യതുല്‍ ഉലമ), അഡ്വ. സൈഫുദ്ദീന് സഖാഫി (സുന്നി മര്‍ക്കസ് ലീഗൽ സെല്‍), മൗലാന അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി, മുസമ്മില്‍ കൗസരി (ഓള് ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ്), നൗഫല്‍ കൗസരി (ജംഇയ്യതുല്‍ ഉലമ ഏ ഹിന്ദ്), ഷംസുദ്ദീന് മന്നാനി (ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ), ഡോ. ഹുസൈന് മടവൂര്‍ (കേരള നദ്വത്തുല് മുജാഹിദീന്‍), ഡോ. അനസ് കടലുണ്ടി, അഡ്വ. ജവാദ് അബ്ദുല്‍ ബഷീര്‍ (മര്‍ക്കസ്സുദ്ദഅ്വ), ശിഹാബ് പൂക്കോട്ടൂര്‍, എച്ച്. ഷഹീര്‍ മൗലവി, പി.പി. അബ്ദുറഹിമാന് പെരിങ്ങാടി (ജമാഅത്തെ ഇസ്ലാമി), വി.പി. അബ്ദുറഹിമാന് (എം.ഇ.എസ്), കെ.എ. മുജീബുല്ല, വി.ടി. അബ്ദുല്‍ ബഷീര്‍ (വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന്), വി.എം. ഫൈസല്‍ (മദ്റസ വഖഫ് സംരക്ഷണ വേദി), ടി.എ. സിയാദ് (മജ്ലിസ് ഹിമായത്തുല്‍ ഔഖാഫ്), ടി.കെ. ഹുസൈന്, അഭിഭാഷകരായ അഡ്വ.കെ.പി. മായിന്‍, അഡ്വ. ആലിക്കോയ കടലുണ്ടി എന്നിവർ സംസാരിച്ചു.
അഡ്വ. അഹമ്മദ് കുട്ടി പുത്തലത്ത്, അഡ്വ.എം. ത്വാഹ, അഡ്വ. എം.എം. അലിയാര്, അഡ്വ. എം.സി. അനീഷ് എന്നിവര്‍ മോഡറേറ്റര്‍മാരായി. ജസ്റ്റീഷ്യ വൈസ് പ്രസിഡന്റ് അഡ്വ. ഫൈസല്‍ പി. മുക്കം സ്വാഗതവും ജനറല്‍ സെക്രട്ടറി അഡ്വ.കെ. അബ്ദുല്‍ അഹദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

