ജല അതോറിറ്റി പ്ലാന്റുകളിൽ സന്ദർശകർക്ക് ഫീസ് ഈടാക്കി പ്രവേശനം
text_fieldsതിരുവനന്തപുരം: ജല അതോറിറ്റിയുടെ കീഴിലുള്ള ജലശുദ്ധീകരണ പ്ലാന്റുകൾ, മലിനജല സംസ്കരണ പ്ലാന്റുകൾ എന്നിവിടങ്ങളിൽ ഫീസ് ഈടാക്കി സന്ദർശകർക്ക് പ്രവേശനം അനുവദിക്കാൻ പദ്ധതി വരുന്നു. വിദ്യാർഥികൾ, ജല മാനേജ്മെന്റിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികൾ, എൻ.ജി.ഒകൾ തുടങ്ങിയവർക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച നിർദേശം കഴിഞ്ഞ ഡയറക്ടർ ബോർഡ് ചർച്ച ചെയ്തു.
നിലവിൽ ജലേതര വരുമാനം വർധിപ്പിക്കാനുള്ള വിവിധ പദ്ധതികൾ അതോറിറ്റി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിലൊന്നായാണ് പ്ലാന്റുകളിൽ ഫീസ് ഈടാക്കി പ്രവേശനം അനുവദിക്കാനുള്ള നിർദേശം. ഡാമുകളിൽ സന്ദർശനം അനുവദിക്കുന്നതുപോലെ പ്ലാന്റുകളിലും സന്ദർശക സൗകര്യമൊരുക്കുന്നതിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തൽ. കെ.എസ്.ഇ.ബിയുടെ ഹൈഡൽ ടൂറിസത്തിന് സമാനമായ സാധ്യതകൾ ജല അതോറിറ്റിക്കും പ്രയോജനപ്പെടുത്താമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
വെള്ളക്കരം വരുമാനത്തെ മാത്രം ആശ്രയിച്ച് സ്ഥാപനത്തിന് സുഗമമായി മുന്നോട്ടുപോകൽ പ്രയാസമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് വരുമാന വർധനക്കുള്ള വിവിധ പദ്ധതികൾ പരിഗണിക്കുന്നത്. തിരുവനന്തപുരത്തെ ജല മ്യൂസിയം അടക്കമുള്ളവ ഇതിന്റെ ഭാഗമാണ്. വിവിധ ജില്ലകളിൽ ഇത്തരത്തിൽ നടപ്പാക്കാൻ അനുയോജ്യമായ പദ്ധതികളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നു.
തലസ്ഥാനത്തെ ഒബ്സർവേറ്ററി ഹില്ലിലുള്ള ഒഴിഞ്ഞ ഭൂമിയിൽ കേരള സ്റ്റാർട്ടപ് മിഷനുമായി ചേർന്ന് ഇൻഫോടെയിൻമെന്റ് പാർക്ക് സ്ഥാപിക്കുന്ന പദ്ധതിക്ക് ഇതിനകം രൂപരേഖയായിട്ടുണ്ട്. ജല അതോറിറ്റിയുടെ സ്വത്തുവകകൾ എങ്ങനെ അധിക വരുമാനം കണ്ടെത്താൻ കഴിയുമെന്ന് പഠിക്കാൻ കൺസൽട്ടന്റിനെ നിയോഗിക്കാൻ തീരുമാനമെടുത്തിരുന്നു. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും വിനോദ സഞ്ചാര മേഖലയിലടക്കം വരുമാനമുണ്ടാക്കാവുന്ന പദ്ധതികളിലേക്ക് കടക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.