വരുമാനം കൂട്ടാൻ ബി.ഒ.ടി പദ്ധതികൾ: അനുമതി തേടി ജല അതോറിറ്റി
text_fieldsതിരുവനന്തപുരം: ജലേതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി), ബിൽഡ് ഓപറേറ്റ് ട്രാൻസ്ഫർ (ബി.ഒ.ടി) പദ്ധതികൾ നടപ്പാക്കാൻ അനുമതി തേടി ജല അതോറിറ്റി സർക്കാറിനെ സമീപിച്ചു. വിവിധ ജില്ലകളിലെ ഭൂമിയിൽ പി.പി.പി, ബി.ഒ.ടി മാതൃകളിൽ വിവിധ വികസന-വരുമാന പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നിരുന്നു.
ജല അതോറിറ്റി എം.ഡി, ടെക്നിക്കൽ മെംബർ, പ്രോജക്ട്സ് ആൻഡ് ഓപറേഷൻസ് ചീഫ് എൻജിനീയർ, ഫിനാൻസ് മാനേജർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ഇത്തരം പദ്ധതികൾ അനിവാര്യമാണെന്ന അഭിപ്രായമാണ് ഉയർന്നത്. എന്നാൽ, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾക്ക് ഭൂമി കൈമാറുന്നത് കരുതലോടെ വേണമെന്ന് ജല അതോറിറ്റിയിലെ ഭരണപക്ഷ യൂനിയനുകളിൽ നിന്ന് തന്നെ വിയോജിപ്പ് ഉയർന്ന സാഹചര്യത്തിൽ സർക്കാർ അനുമതിയോടെ മുന്നോട്ടുപോയാൽ മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു. സ്വകാര്യ പങ്കാളിത്തം സർക്കാറിന്റെ നയപരമായ തീരുമാനമാണെന്ന വിലയിരുത്തൽ ചേർന്ന ഡയറക്ടർ ബോർഡിലുമുണ്ടായി. തുടർന്നാണ് പദ്ധതി നടപ്പാക്കിയാലുള്ള നേട്ടങ്ങൾ വിവരിച്ച് അനുമതിക്കായി സർക്കാറിനെ സമീപിച്ചത്.
വാണിജ്യകേന്ദ്രങ്ങൾ, റിസോർട്ടുകൾ, റസ്റ്റാറന്റുകൾ, ഗെസ്റ്റ് ഹൗസുകൾ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുകയാണ് ലക്ഷ്യം. ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്കും മറ്റും ചെലവിടാനുള്ള പണം ജല അതോറിറ്റിക്ക് ഇല്ലാത്തതിനാൽ നിക്ഷേപകരെ കണ്ടെത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് മാനേജ്മെന്റ് വിലയിരുത്തൽ. അതേസമയം പദ്ധതികൾക്കായി കൈമാറുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം രേഖകളിൽ ജല അതോറിറ്റിയിൽ തന്നെയായിരിക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ നൽകുന്ന കരാറുകൾ സ്വത്തുവകകളിൽ ജല അതോറിറ്റിയുടെ നിയന്ത്രണം നഷ്ടപ്പെടുത്തുമെന്നാണ് ആശങ്ക ഉയരുന്നത്.
ഇതിനിടെ, ജല അതോറിറ്റിയുടെ കോടികൾ വിലവരുന്ന സ്വത്തുവകകളുടെ വിശദാംശങ്ങൾ ശേഖരിച്ച് ഡിജിറ്റൈസ് ചെയ്യാനും നടപടി തുടങ്ങി. ജലവിതരണ ആവശ്യങ്ങൾക്കല്ലാതെയുള്ള ഭൂമിയും മറ്റും എങ്ങനെ ലാഭകരമായി വിനിയോഗിക്കാമെന്നത് സംബന്ധിച്ച പഠനത്തിന് കൺസൽട്ടന്റിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.