ദുരന്ത സഹായം: ഡൽഹിയിൽ സമരവുമായി വയനാട് എൽ.ഡി.എഫ്
text_fieldsഎൽ.ഡി.എഫ് വയനാട് ജില്ല കമ്മിറ്റി ഡൽഹിയിൽ നടത്തിയ പ്രതിഷേധം
ന്യൂഡൽഹി: വയനാട് ദുരിതബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എൽ.ഡി.എഫ് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ രണ്ടു ദിവസത്തെ സമരത്തിന് തിങ്കളാഴ്ച തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് പ്രഖ്യാപിച്ച മാർച്ചിനും ജന്തർമന്തറിൽ രാപകൽ സമരത്തിനും ഡൽഹി പൊലീസ് അനുമതി നൽകിയില്ല. പകരം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 10 മുതൽ ഒന്നുവരെ മൂന്നു മണിക്കൂർ സമരത്തിന് മാത്രമാണ് അനുമതി നൽകിയത്. ഇതിനെത്തുടർന്ന് ഉച്ചയോടെ ആദ്യ ദിവസത്തെ സമരം അവസാനിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ ജന്തർമന്തറിൽ ആരംഭിച്ച സമരം അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വയനാടിന്റെ ആവശ്യങ്ങളിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മൗനം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വയനാട്ടിൽ പോയി കുട്ടികൾക്കൊപ്പം ഫോട്ടോയെടുത്തു എന്നല്ലാതെ ദുരന്തത്തിനിരയായവർക്ക് എന്തു സഹായം നൽകിയെന്ന് ആം ആദ്മി പാർട്ടി രാജ്യസഭ എം.പി സഞ്ജയ് സിങ് ചോദിച്ചു. വയനാട് വിഷയത്തിൽ ഒരു നിവേദനംപോലും നൽകാൻ വയനാട് എം.പി പ്രിയങ്ക ഗാന്ധി തയാറാകുന്നില്ലെന്ന് ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി. സി.പി.ഐ നേതാവ് ആനി രാജ, ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ സേട്ട്, എൽ.ഡി.എഫ് വയനാട് ജില്ല കൺവീനർ സി.കെ. ശശീന്ദ്രൻ, സി.പി.എം വയനാട് ജില്ല സെക്രട്ടറി കെ. റഫീഖ്, സി.പി.ഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബു തുടങ്ങിയവർ സംസാരിച്ചു.
വയനാടിന് സഹായം നൽകാത്തതിൽ പാർലമെന്ററി സമിതിയിൽ വിമർശനം
ന്യൂഡൽഹി: വയനാട് ദുരന്തം സംഭവിച്ച് ഏഴു മാസക്കാലം കഴിഞ്ഞിട്ടും അവിടത്തെ സാധാരണക്കാർക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്നും യാതൊരുവിധ ആശ്വാസവും ലഭിച്ചില്ലെന്ന് ആഭ്യന്തരകാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി യോഗത്തിൽ ഹാരിസ് ബീരാൻ എം.പി. ദുരന്തനിവാരണ ഫണ്ട് അനുവദിക്കുന്നതിന്റെയും ചെലവഴിക്കുന്നതിന്റെയും മാനദണ്ഡങ്ങൾ വ്യക്തമാക്കണമെന്നും യോഗത്തിൽ ഹാരിസ് ബീരാൻ എം.പി ആവശ്യപ്പെട്ടു.
ഡിസാസ്റ്റർ മാനേജ്മെന്റ്, ആഭ്യന്തര സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളുടെ നടത്തിപ്പിനു വേണ്ട ഫണ്ടുകൾ വിനിയോഗിക്കുന്നതിൽ കേന്ദ്രം പരാജയമാണെന്നും എം.പി കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.