എൽസ്റ്റൺ എസ്റ്റേറ്റ് ഉടമക്ക് 24 കോടി അനുവദിച്ചു; തൊഴിലാളികൾക്ക് അഞ്ച് ദിവസത്തിനകം ആനുകൂല്യം വിതരണം ചെയ്യണമെന്ന് ഹൈകോടതി
text_fieldsഎൽസ്റ്റൺ എസ്റ്റേറ്റ്
കൊച്ചി: മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഏറ്റെടുത്ത കൽപ്പറ്റയിലെ ഏൽസ്റ്റൺ എസ്റ്റേറ്റ് ഉടമക്ക് 24 കോടി അനുവദിച്ചു. എസ്റ്റേറ്റ് ഉടമ ഹൈകോടതിയിൽ ഫയൽ ചെയ്ത റിട്ട് ഉത്തരവ് പ്രകാരം സർക്കാർ ഹൈകോടതിയിൽ കെട്ടിവെച്ച തുകയിൽ നിന്നാണ് 24 കോടി രൂപ അനുവദിച്ചത്. എസ്റ്റേറ്റ് ഉടമക്ക് ലഭിച്ച തുകയിൽ നിന്നും തൊഴിലാളികൾക്ക് ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങൾ അഞ്ച് ദിവസത്തിനകം വിതരണം ചെയ്യണമെന്നും ഹൈകോടതി നിർദോശിച്ചതായി ഡെപ്യൂട്ടി ലേബർ കമീഷണർ കെ.എം. സുനിൽകുമാർ അറിയിച്ചു.
കലക്ടറേറ്റ് ആസൂത്രണ ഭവനിലെ തൊഴിൽ വകുപ്പ് ഓഫിസിൽ തൊഴിലാളി പ്രതിനിധികളുമായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി ലേബർ കമീഷണർ. എസ്റ്റേറ്റ് ഉടമ തുക വിതരണം ചെയ്യുന്നതിൽ കാലതാമസ്സമുണ്ടാക്കിയാൽ റവന്യൂ റിക്കവറി മുഖേന ഗ്രാറ്റുവിറ്റി അടക്കമുള്ള കേസുകളിൽ നിയമ പ്രകാരം തൊഴിലാളികൾക്ക് തുക നൽകാൻ സാധിക്കുമെന്നും ഡെപ്യൂട്ടി ലേബർ കമീഷണർ അറിയിച്ചു. റവന്യു റിക്കവറി സ്വീകരിച്ച ഗ്രാറ്റുവിറ്റി കേസുകളിൽ തുക അക്കൗണ്ടിൽ എത്തുന്ന തിയതി തന്നെ വിതരണം ചെയ്യണമെന്നും ഉടമയുടെ അക്കൗണ്ടിൽ നിന്നും തുക പിടിച്ചെടുക്കാൻ ജില്ലാ കലക്ടർ നടപടി സ്വീകരിച്ചു. കേസ് ഫയൽ ചെയ്യാത്ത തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റിയുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സെറ്റിൽമെന്റ് രീതിയിൽ വിതരണം ചെയ്യാൻ സർക്കാർ തലത്തിൽ പ്രൊപ്പോസൽ നൽകാൻ നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ലേബർ കമീഷണർ അറിയിച്ചു.
ഹൈകോടതി നിർദ്ദേശിച്ച സമയപരിധിക്കകം ഉടമ തൊഴിലാളികൾക്ക് കുടിശ്ശിക നൽകാത്ത സാഹചര്യമുണ്ടായാൽ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യത് റവന്യൂ റിക്കവറി നടപടി സ്വീകരിച്ച് കേസുകളിൽ തൊഴിൽ ഉടമയുടെ ബാങ്ക് അക്കൗണ്ട് അറ്റാച്ച് ചെയ്യാനുള്ള നടപടി ജില്ലാ കലക്ടർ സ്വീകരിച്ചിട്ടുണ്ട്. പി.എഫ് കടിശ്ശിക തൊഴിലുടമ അടയ്ക്കാത്ത സാഹചര്യമുണ്ടായാൽ തൊഴിലുടമയുടെ അക്കൗണ്ടിൽ നിന്നും തുക അറ്റാച്ച്മെന്റ് ചെയ്യാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കുന്ന മുറക്ക് പി.എഫ് ആനുകൂല്യം പരമാവധി 20 ദിവസത്തിനകം തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് ലഭ്യമാകുമെന്നും മുണ്ടക്കൈ- ചൂരൽമല സ്പെഷൽ ഓഫിസർ അറിയിച്ചു. എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിശ്ചിത സമയപരിധിക്കകം തൊഴിലുടമ തുക തൊഴിലാളികൾക്ക് വിതരണം ചെയ്യണമെന്നും ദുരന്തനിവാരണ നിയമ പ്രകാരമോ, വയനാട് പാക്കേജിലോ, അനുയോജ്യമായ മറ്റു പാക്കോജുകളിലോ ഉൾപ്പെടുത്തി കുടിശ്ശിക തുക നൽകാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.
ജില്ലാ ലേബർ ഓഫിസർ സി. വിനോദ് കുമാർ, ചൂരൽമല-മുണ്ടക്കൈ സ്പെഷൽ ഓഫിസർ സി.വി. മൻമോഹൻ, പ്ലാന്റേഷൻ ഇൻസ്പെക്ടർ ആർ. പ്രിയ, വിവിധ തൊഴിലാളി സംഘടന പ്രതിനിധികളായ പി. ഗഗാറിൻ (സി.ഐ.ടി.യു), പി.പി. ആലി (ഐ.എൻ.ടി.യു.സി), എൻ. ദേവസി (എച്ച്.എം.എസ്), വേണുഗോപാലൻ (കെ.ഡി.എൽ.പി.സി), യു. കരുണൻ (എസ്റ്റേറ്റ് ലേബർ യൂണിയൻ), ബി. സുരേഷ് ബാബു (മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ), കെ.ഡി, ബാലകൃഷ്ണൻ (വയനാട് എസ്റ്റേറ്റ് ലേബർ യൂണിയൻ) എന്നിവർ പങ്കെടുത്തു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.