വയനാട് ഉരുൾപൊട്ടൽ: ടൗൺഷിപ് പദ്ധതിയിൽ 49 പേരെക്കൂടി ഉൾപ്പെടുത്തി, ചികിത്സാപദ്ധതി നീട്ടി
text_fieldsകൽപറ്റ: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പട്ടികയിൽ 49 പേരെ കൂടി ഉൾപ്പെടുത്തി. സാങ്കേതിക പ്രശ്നങ്ങൾ കാരണം പട്ടികയിൽ പെടാതെ പോയവരെയാണ് ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. ദുരന്തം അതിജീവിച്ചവർക്കായുള്ള ചികിത്സാപദ്ധതി ഡിസംബർ 31 വരെ നീട്ടാനും തീരുമാനമായി. ചികിത്സാ സഹായം നിലച്ചതായി മാധ്യമം വാർത്ത നൽകിയിരുന്നു.
“48 പേരെകൂടി പദ്ധതിയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് ഡി.ഡി.എം.എയുടെ ശിപാർശ ലഭിച്ചിരുന്നു. ഒരു കേസ് പ്രത്യേകമായും നൽകിയിരുന്നു. അങ്ങനെ 49 പേരെ കൂടി ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്” -മന്ത്രി പറഞ്ഞു.
ഗുണഭോക്താക്കളുടെ പട്ടിക നേരത്തെ വലിയ ആക്ഷേപം നേരിട്ടിരുന്നു. ദുരന്തബാധിതർ തന്നെ സർക്കാറിനെതിരെ സമയം ചെയ്യേണ്ട സാഹചര്യമുണ്ടായി. ഏറ്റവുമൊടുവിൽ 402 പേരുടെ പട്ടികയാണ് സർക്കാർ പുറത്തുവിട്ടത്. എന്നാൽ 50 മീറ്റർ പരിധിയുടെ സാങ്കേതിക പ്രശ്നം കാണിച്ച് പുഞ്ചിരിമട്ടത്തെ ഉൾപ്പെടെ നിരവധിപേർ പട്ടികക്ക് പുറത്തായി. ഇതോടെയാണ് സർക്കാറിനെതിരെ സമരം നടന്നത്. ജില്ലാ ഭരണകൂടം നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് പുതുതായി 49 പേരെ ഉൾപ്പെടുത്തിയത്. ഇതോടെ ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 451 ആകും.
പുതുക്കിയ പട്ടിക പുറത്തുവിട്ടാൽ മാത്രമേ ആരൊക്കെ പുതുതായി ഉൾപ്പെട്ടുവെന്ന കാര്യം വ്യക്തമാകുകയുള്ളൂ. പുഞ്ചിരിമട്ടത്തിനു പുറമെ വാസയോഗ്യമല്ലാതായ പടവെട്ടിക്കുന്നിലെ ആളുകളും പദ്ധതിയിലേക്ക് തങ്ങളെ ചേർക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മരിച്ച ആളുകൾക്കായി ഒരു സ്മാരകം നിർമിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. അതിനായി 93 കോടിരൂപ വകയിരുത്തും. ദുരന്തം ബാധിച്ച ആദിവാസി കുടുംബങ്ങളെ പുനരധിവാസത്തിനും കച്ചവട സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാനും യോഗത്തിൽ തീരുമാനമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.