ഇഴഞ്ഞുനീങ്ങുന്ന ടൗൺഷിപ് നിർമാണം
text_fieldsഎൽസ്റ്റൺ എസ്റ്റേറ്റിലെ മാതൃകാ വീടിന്റെ നിർമാണം
ഉരുളെടുത്ത ജീവനുകളിൽ ബാക്കിയായവരെ ചേർത്തുപിടിക്കാനുള്ള സർക്കാർ പദ്ധതികളിൽ പലതും എങ്ങുമെത്താതെ ഒച്ചിഴയും വേഗത്തിലായത് ദുരിത ബാധിതരെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കുന്നത്. ദുരന്ത ബാധിതരെ പുനരധിസിപ്പിക്കുന്നതിന് എൽസ്റ്റൺ എസ്റ്റേറ്റിൽ നടപ്പിലാക്കുന്ന ടൗൺഷിപ് പദ്ധതിയിൽ 70 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞ മാതൃകാ വീടിന്റെ നിർമാണം പോലും ഇഴഞ്ഞുനീങ്ങുകയാണ്. പുനരധിവാസത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ എട്ടു മാസത്തിനു ശേഷമാണ് തുടക്കം കുറിക്കുന്നത്.
ടൗൺഷിപ്പിന്റെ നിർമാണ പ്രവൃത്തി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 49.5 ഹെക്ടറിലാണ് നടക്കുന്നത്. ഇതിന്റെ പ്രാരംഭപ്രവൃത്തികൾക്കായി കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിക്ക് 40.04 ലക്ഷവും സ്പെഷൽ ഓഫിസർക്ക് 20 കോടിയും ഇതിനകം കൈമാറിക്കഴിഞ്ഞു. ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് പറഞ്ഞ 105 പേർക്ക് 15 ലക്ഷം രൂപ വീതം നൽകി. അഞ്ച് സോണുകളിലായി ഏഴ് സെന്റ് വീതമുള്ള സ്ഥലത്ത് 1000 ചതുരശ്ര അടിയിൽ 20 ലക്ഷം രൂപ വീതം ചെലവിൽ 410 വീടുകൾ നിർമിക്കാനാണ് പദ്ധതി.
ഇതിൽ മാതൃകാ വീടിന്റെ നിർമാണം ജൂലൈയിൽ പൂര്ത്തീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പൂർത്തിയായിട്ടില്ല. ദുരന്തമുണ്ടായി ഒരു വർഷം പൂർത്തിയാകുമ്പോഴും ആദ്യ ഘട്ടത്തിൽ പറഞ്ഞ 140 വീടുകളുടെ നിർമാണമാണ് 110 തൊഴിലാളികളെ ഉപയോഗിച്ച് നടന്നുകൊണ്ടിരിക്കുന്നത്. 270 വീടുകളുടെ നിർമാണ പ്രവൃത്തികൾ കൂടി ആരംഭിക്കാനുമുണ്ട്. ടൗൺഷിപ്പിന്റെ നിർമാണ പ്രവൃത്തികൾ 540 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കണമെന്നാണ് പദ്ധതിയുടെ ത്രികക്ഷി കരാറിൽ വ്യവസ്ഥകളുള്ളത്.
സംസ്ഥാന ദുരന്തനിവാരണ വകുപ്പ്, കിഫ്ബിയുടെ കൺസൽട്ടൻസിയായ കിഫ്കോൺ, നിർമാണകരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി എന്നിവർ തമ്മിലാണ് കരാർ. ഏപ്രിൽ 16നാണ് പ്രവൃത്തി തുടങ്ങിയത്. ടൗൺഷിപ്പിൽ വീടുകൾക്കുപുറമെ എല്ലാ സൗകര്യങ്ങളും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേ സമയം ദുരന്തമുണ്ടായി 360 ദിവസം കഴിഞ്ഞിട്ടും ഒരു വീട് പോലും പൂർത്തിയാക്കാൻ കഴിയാത്ത സർക്കാറിന് 410 വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെ സൗകര്യങ്ങളൊരുക്കാൻ എത്രവർഷം വേണ്ടിവരുമെന്നാണ് ദുരന്തബാധിതർ ചോദിക്കുന്നത്.
പൊതു റോഡ്, അംഗൻവാടി, പൊതു മാർക്കറ്റ്, മാതൃകാ ആശുപത്രി എന്നിവയെല്ലാം ടൗൺഷിപ്പിനുള്ളിൽ ഒരുക്കുമെന്നാണ് സർക്കാർ വാഗ്ദാനം. വൈദ്യുതി, കുടിവെള്ളം, ലൈബ്രറി, സ്പോർട്സ് ക്ലബ്, ഓപൺ എയർ തിയറ്റർ, കമ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ് ഹാൾ, കളി സ്ഥലം എന്നിവയും ഒരുക്കുന്നുണ്ട്. ഇതൊന്നുമില്ലാതെ തന്നെ തൊട്ടടുത്ത പുത്തുമലയിലെ ദുരന്ത ബാധിതർക്ക് പൂത്തക്കൊല്ലിയിൽ ഒരുക്കിയ വീടുകൾ പൂർത്തിയാകാനെടുത്ത കാലവും വീടുകളുടെ അവസ്ഥയും പാഠങ്ങളാണെന്നതാവുും ദുരന്തത്തിൽ ജീവൻ ബാക്കിയായവരെ ആശങ്കയിലാക്കുന്നത്.
ദുരന്ത ബാധിതരെല്ലാം വാടക വീടുകളിലാണ് ഇപ്പോൾ കഴിയുന്നത്. ജീവിത സമ്പാദ്യങ്ങളും കൂടപ്പിറപ്പുകളും ഒറ്റ രാത്രിയിൽ ഉരുളിലൊലിച്ചുപോയ തങ്ങൾക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നം എന്ന് പൂവണിയുമെന്നാണ് ഇവരുടെ ചോദ്യം. അതേസമയം ഒരു വർഷം പൂർത്തിയാകുമ്പോഴാണ് ദുരന്ത മേഖലയിലെ ഉന്നതി കുടുംബങ്ങൾക്ക് ഭൂമി പോലും കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം മാത്രമാണ് വെള്ളരിമല പുതിയവില്ലേജ് പരിസരത്ത് ഇവർക്കായി ഭവനങ്ങള് ഒരുക്കുന്നതിന് ഭൂമി കണ്ടെത്തിയത്.
വനം വകുപ്പ് നിക്ഷിപ്ത വനഭൂമിയായി ഏറ്റെടുത്ത പുതിയ വില്ലേജ് പരിസരത്തെ 15 ഏക്കറിലാണ് ഉന്നതിയിലെ 13 കുടുംബങ്ങളെ പുനരധിവസിപ്പിക്കുക. ഓരോ കുടുംബത്തിനും വീടിന് 10 സെന്റ് വീതം നല്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതിനായി 15 ഏക്കർ ഏറ്റെടുത്തത് എന്തിനെന്ന് സർക്കാർ വിശദീകരിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.