വയനാട് മണ്ണിടിച്ചിൽ ദാരുണവും ഞെട്ടിപ്പിക്കുന്നതും; സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയെന്നും പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: വയനാട് മേപ്പാടി-കള്ളാടി തുരങ്കപാത നിർമാണ മേഖലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും പുറത്തെടുക്കാൻ അടിയന്തര നടപടികള്‍ ആവശ്യമാണ്. സർക്കാറിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയാണ്.
ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തണം. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയും കുറ്റകരമായ അനാസ്ഥയും ഉണ്ടായിട്ടുണ്ടോ എന്ന ഗൗരവപൂര്‍വമായ പരിശോധന ആവശ്യമാണെന്നും പിണറായി വിജയൻ പ്രസ്താവനയിൽ അറിയിച്ചു.
വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ അഞ്ചുപേരാണ് മരിച്ചത്. നാലുപേരെ കാണാനില്ല. കാണാതായവർക്കുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്നലെ മുതൽ വയനാട്ടിൽ അതിതീവ്ര മഴയാണ്. 18 പേരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ ഒമ്പതു പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ല ഭരണകൂടം ഔദ്യോഗികമായി മൂന്നു മരണങ്ങളാണ് സ്ഥിരീകരിച്ചത്. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നുണ്ട്.
കള്ളാടി താഞ്ഞിരോട് പ്രദേശത്തെ പുഴയുടെ താഴ്ഭാഗത്തുള്ള കുടുംബങ്ങെള മാറ്റിപ്പാർപ്പിച്ചു. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ,സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത നിർമാണ സ്ഥലത്തെ മീനാക്ഷി പാലത്തിലേക്കാണ് മണ്ണിടിച്ചിലുണ്ടായത്. മേപ്പാടി-ചൂരൽമല റോഡിലെ ഗതാഗതം പൂർണമായി തടസപ്പെട്ടു. മണ്ണിടിച്ചിലിൽ മീനാക്ഷി പാലത്തിലേക്ക് പതിച്ച മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താൻ സംസ്ഥാന പൊലീസിന്റെ സ്നിഫർ നായകളെ സ്ഥലത്ത് എത്തിച്ച് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

