വയനാട് പാക്കേജ് : ജില്ലാ സാങ്കേതിക സമിതി രൂപവൽകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് :വയനാട് വികസന പാക്കേജുമായി ബന്ധപ്പെട്ട് സാങ്കേതികാനുമതി നൽകുന്നതിനുള്ള ജില്ലാ സാങ്കേതിക സമിതി രൂപവൽകരിക്കുന്നതിന് വേണ്ട നടപടികൾ അടിയന്തിരമായി ഭരണ വകുപ്പ് സ്വീകരിക്കമെന്ന് ധനകാര്യ റിപ്പോർട്ട്. പാക്കേജുമായി ബന്ധപ്പെട്ട് കലക്ടർക്ക് തുക ട്രഷറിയിൽനിന്ന് പിൻവലിക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ അടിയന്തിരമായി ഭരണ വകുപ്പ് സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
സംസ്ഥാന തലത്തിൽ അംഗീകാരം ലഭ്യമാക്കേണ്ട പദ്ധതികൾക്ക് ഭരണാനുമതി ലഭ്യമാകേണ്ട നടപടികൾ ഭരണ വകുപ്പ് സ്വീകരിക്കണം. പാക്കേജുമായി ബന്ധപ്പെട്ട ശീർഷകത്തിൽ തുക അനുവദിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.
വയനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 2022-23 വർഷം 75 കോടി രൂപ ജില്ലക്കായി അനുവദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാതല കമിറ്റി അംഗീകരിച്ച് 100.16 കോടി രൂപയുടെ 32 പദ്ധതികൾ സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് അയച്ചു. ഇതിൽ നിന്ന് സർക്കാർ നിർദേശ പ്രകാരം അഞ്ചുകോടി രൂപവരെയുള്ള 30.29 കോടി രൂപയുടെ 12 പ്രവർത്തികൾക്ക് ജില്ലയിൽ നിന്ന് ഭരണാനുമതി നൽകിയിരുന്നു. അതിൽ ജില്ലാ നിർമിതികേന്ദ്രയ്ക്ക് ഭരണാനുമതി നൽകിയ രണ്ട് പ്രവർത്തികളുടെ ഭരണാനുമതി ഉത്തരവ് റദ്ദ് ചെയ്തിരുന്നു.
റദ്ദ് ചെയ്ത പ്രവർത്തികളിൽ ഒരെണ്ണത്തിൻ്റെ (കാപ്പിസെറ്റ് പ്രീ-മെട്രിക് ഹോസ്റ്റൽ നിർമാണം) എസ്റ്റിമേറ്റ് തയാറാക്കുന്നതിന് പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് നിർദേശം നൽകി. ഭരണാനുമതി നൽകിയ പ്രവർത്തികൾക്ക് സാങ്കേതികാനുമതി നൽകുന്നതിന് ജില്ലാതല സാങ്കേതിക കമിറ്റി രൂപീകരിക്കുന്നതിന് സർക്കാർ നിർദേശപ്രകാരം പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ഉത്തരവായിട്ടില്ല.
അതിനാൽ ഭരണാനുമതി നൽകിയ പ്രവർത്തികൾക്ക് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. അഞ്ച് കോടി രൂപക്ക് മുകളിലുള്ള 44.71 കോടി രൂപയ്ക്കുള്ള അഞ്ച് പദ്ധതികൾക്ക് കൂടി 2023 ആഗസ്റ്റ് മൂന്നിന് ചേർന്ന സംസ്ഥാന തല എംപവേർഡ് കമിറ്റി യോഗം അംഗീകാരം നൽകിയിട്ടുണ്ട്. ഈ പ്രവർത്തികളുടെ ഭരണാനുമതി സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ല.
2023-24 വർഷത്തെ പുതിയ 23 പദ്ധതി നിർദേശങ്ങൾ (ഒന്നാം ഘട്ടം 39.62 കോടി രൂപ) ജില്ലാ തല കമിറ്റി അംഗീകരിച്ച് ആസൂത്രണ ബോർഡിന് സമർപ്പിച്ചിരുന്നു. ഒന്നാം ഘട്ടത്തിൽ സമർപ്പിച്ച പദ്ധതികളിൽ ഒമ്പത് എണ്ണം വ്യക്തത വരുത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് തിരികെ അയച്ചു. രണ്ടാം ഘട്ടത്തിൽ 87.73 കോടി രൂപയുടെ 21 പദ്ധതി നിർദേശങ്ങൾ ജില്ലാ തല കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
അതിന്മേൽ തുടർനടപടികൾ സ്വീകരിച്ചു തുടങ്ങിയെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.