വയനാട് പുനരധിവാസം: തൊഴിലാളി ആനുകൂല്യങ്ങൾ വേഗത്തിലാക്കാൻ കോടതിയെ വീണ്ടും സമീപിക്കും
text_fieldsതിരുവനന്തപുരം: വയനാട് ചൂരൽമല-മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസത്തിന്റെ ഭാഗമായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കുള്ള പിരിച്ചുവിടൽ ആനുകൂല്യം ലഭ്യമാക്കാനുള്ള നിയമനടപടികൾ വേഗത്തിലാക്കാൻ അഡ്വക്കറ്റ് ജനറലിന് നിർദേശം. റവന്യൂമന്ത്രി കെ. രാജൻ, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, പട്ടികജാതി- വർഗ മന്ത്രി ഒ.ആർ. കേളു എന്നിവരുടെ യോഗത്തിലാണ് തീരുമാനം. വയനാട് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ ഓൺലൈനായി പങ്കെടുത്ത യോഗത്തിൽ തൊഴിൽ വകുപ്പ് അഡീ. ലേബർ കമീഷണർ (ഐ.ആർ) സുനിൽ.കെ.എമ്മും സന്നിഹിതനായിരുന്നു.
5,97,53,793 കോടി രൂപ പലയിനങ്ങളിലായി തൊഴിലാളികൾക്ക് നൽകാനുണ്ടെന്നും ഇതിന്റെ റവന്യൂ റിക്കവറി നടക്കുകയാണെന്നും എ.ജി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ, വേതനം, ഗ്രാറ്റ്വിറ്റി തുടങ്ങിയവ ഉൾപ്പെടെ വേതന കുടിശ്ശിക സംബന്ധിച്ച കണക്ക് ബന്ധപ്പെട്ട വകുപ്പ് ശേഖരിക്കുകയാണെന്നും കോടതിയെ അറിയിച്ചു. കെട്ടിവെക്കാൻ പറഞ്ഞ തുക രണ്ട് ഘട്ടങ്ങളിലായി സർക്കാർ കോടതിയിൽ കെട്ടിവെച്ചു. എന്നാൽ, ഈ തുക എങ്ങനെ വിതരണം ചെയ്യണമെന്നത് സംബന്ധിച്ച നിർദേശം കോടതിയിൽ നിന്നുണ്ടായിട്ടില്ല. തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യം സർക്കാർ അടച്ച തുകയിൽനിന്ന് ലഭ്യമാക്കുന്നത് സംബന്ധിച്ച് കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവരാനാണ് എ.ജിക്ക് നൽകിയ നിർദേശം.
2015 ഫെബ്രുവരി മുതൽ 2024 ഡിസംബർ വരെയുള്ള പി.എഫ് കുടിശ്ശികയായ 2,73,43,304 രൂപയും ആയതിന് പ്രോവിഡൻറ് ഫണ്ട് കമീഷണർ നിർദേശിക്കുന്ന പിഴപ്പലിശയും തൊഴിലാളികൾക്ക് 2023-24, 2024-25 വർഷങ്ങളിലെ ബോണസായി മൊത്തം 4,43,995 രൂപയും 2022, 2023, 2024 വർഷങ്ങളിലെ ആന്വൽ ലീവ് സറണ്ടർ ആനുകൂല്യമായി 14,20,591രൂപയും 2019, 2023 വർഷങ്ങളിലെ സാലറി അരിയർ ആയ 4,46,382 രൂപയും പ്രോവിഡന്റ് ഫണ്ടിൽ അധികമായി ഈടാക്കിയ 7,21,240 രൂപയും തൊഴിലാളികളുടെയും സൂപ്പർവൈസർമാരുടെയും നാലുമാസത്തെ വേതന കുടിശ്ശികയായ 17,93,087 രൂപയും തൊഴിലാളികൾക്ക് ആറുവർഷത്തെ വെതർ പ്രൊട്ടക്ടിവ് ആനുകൂല്യമായി പ്രതിവർഷം 350 രൂപ എന്ന നിരക്കിൽ ആറുവർഷക്കാലം നൽകാനുള്ള 3,25,500 രൂപയും ഡെപ്യൂട്ടി ലേബർ കമീഷണറുടെ ഉത്തരവിൽ ഉൾപ്പെട്ടതടക്കം 150 തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി തുകയായ 2,35,09,300 രൂപയും അൺക്ലെംഡ് ഡ്യൂസ് ആയ 33,67,409 രൂപയും വിവിധ ഹെഡുകളിലായി തൊഴിലാളികൾക്ക് മാനേജ്മെന്റ് നൽകുമെന്ന് തൊഴിൽ വകുപ്പ് അഡീ. ലേബർ കമീഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനേജ്മെന്റ് സമ്മതിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.