മുന്നിൽ നിന്ന് നയിക്കുന്നവനെ ദുർബലപ്പെടുത്തുന്നത് രാഷ്ട്രീയ ശത്രുക്കൾക്ക് മാത്രമേ സഹായകമാവു; സതീശനെ പിന്തുണച്ച് രാജു പി.നായർ
text_fieldsകൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ വി.ഡി സതീശനെ പിന്തുണച്ച് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി രാജു പി.നായർ. മുന്നിൽ നിന്ന് നയിക്കുന്നവനെ ദുർബലപ്പെടുത്തുന്നത് രാഷ്ട്രീയ ശത്രുക്കൾക്ക് മാത്രമേ സഹായകമാവുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിനെതിരെ നടപടിയെടുത്തത് കോൺഗ്രസ് പാർട്ടിയുടെ കൂട്ടായ തീരുമാനമാണ്. ആ തീരുമാനമെടുക്കാൻ ഉത്തരവാദിത്വപ്പെട്ടത് കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും തന്നെയാണ്. അവർ അവരുടെ ഉത്തരവാദിത്വമാണ് നിർവഹിച്ചത്. ആ തീരുമാനം ധാർമ്മികമായും രാഷ്ട്രീയമായും ശരിയാണെന്ന വ്യക്തിപരമായ ബോധ്യമുണ്ടെന്ന് രാജു പറഞ്ഞു.
രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കണമെങ്കിൽ അത് ചെയ്യേണ്ടത് പരാതി ഉള്ളവരാണ്. പക്ഷെ രാഹുലിന്റെ ഭാഗത്ത് നിന്ന് വീഴ്ചകൾ സംഭവിച്ചിട്ടുണ്ട് എന്നത് കോൺഗ്രസിന്റെ മുഴുവൻ നേതൃത്വത്തിനും ബോധ്യപ്പെട്ടതിൽ നിന്നാണ് നടപടിക്കുള്ള തീരുമാനം ഉണ്ടായത്. ഏത് കാര്യത്തിനും നൂറ് അഭിപ്രായമുള്ള കോൺഗ്രസിന്റെ നേതാക്കന്മാർ ആർക്കും ആ നടപടിയിൽ ഭിന്നാഭിപ്രായം എന്ത് കൊണ്ടുണ്ടായില്ല എന്ന് സംശയമുള്ളവർ ചിന്തിക്കണം.
രാഷ്ട്രീയമായി ഈ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തേണ്ട നിയമസഭ തിരഞ്ഞെടുപ്പിന് മുൻപുള്ള നിർണ്ണായക ഘട്ടത്തിൽ, ഈ വിഷയം ചർച്ച ചെയ്ത് സർക്കാരിന് രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കുകയല്ല വേണ്ടത്. ഈ ഒരു മാസക്കാലം കൊണ്ട് സി.പി.എമ്മിലെ കത്ത് വിവാദം, ശബരിമല സംഗമം, പൊലീസ് അതിക്രമങ്ങൾ, വോട്ട് ചോരി മുതൽ കാതലായ എത്രയോ പ്രശ്നങ്ങളിലാണ് സർക്കാരിനെതിരെ ഉയരുന്നത്. ഈ വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക എന്നത് രാഷ്ട്രീയമായ ശരി തന്നെയായിരുന്നു. നേതൃത്വം അത് മൂന്നേ മൂന്ന് ദിവസം കൊണ്ട് അവസാനിപ്പിക്കുകയും ചെയ്തു.
ആ വിഷയം അടഞ്ഞ അധ്യായമാണെന്ന് പറഞ്ഞത് പാർട്ടിയുടെ നേതൃത്വം തന്നെയാണ്. കോൺഗ്രസ് പാർട്ടി ഇത്രയും വേഗം രണ്ടാമതൊരു അഭിപ്രായമില്ലാതെ, ഈ വിഷയത്തിൽ തീരുമാനമെടുത്തതോടെ സി.പി.എം. ആണ് വെട്ടിലായത്. അതോടെയാണ് സമരം ഷാഫി പറമ്പിലിനെ കൂടി ടാർഗറ്റ് ചെയ്ത് വിഷയം സജീവമാക്കി നിർത്താൻ ശ്രമിച്ചു. എന്നാൽ ഷാഫി നടത്തിയ പ്രതികരണത്തോടെ പ്രതിരോധത്തിലായ സി.പി.എം. പൊലീസിനെ ഉപയോഗിച്ച് പരാതിക്കാരെ അന്വേഷിച്ചിറങ്ങുന്നതിന്റെയും, അത് വാർത്തകളായി പുറത്ത് വിടുന്നതിന്റെയും, പാർട്ടിയുടെ പ്രോക്സി ചാനലുകൾ ആ വിഷയം സജീവമായി നിർത്താൻ ശ്രമിക്കുന്നതിന്റെയും രാഷ്ട്രീയം മനസ്സിലാക്കാൻ കഴിയാത്ത ചില സൈബർ പോരാളികൾ സി.പി.എമ്മിന് വളമായി മാറുകയാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.