ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ; 3000 രൂപയാക്കാനുള്ള വാഗ്ദാനം വൈകില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയെ അറിയിച്ചു. ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പെൻഷൻ വർധനവുമായി ബന്ധപ്പെട്ട് വൻ കാലതാമസമുണ്ടായ സാഹചര്യം മുഖ്യമന്ത്രി സഭയിൽ ഓർമിപ്പിച്ചു. 1600 രൂപയിൽനിന്ന് 2500 രൂപയാക്കുമെന്നായിരുന്നു അന്ന് നൽകിയ വാഗ്ദാനം.
എന്നാൽ, നാലേമുക്കാൽ വർഷക്കാലം തുകയിൽ ഒരു രൂപപോലും വർധിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പത്തെ ആഴ്ചയിലാണ് 1600 രൂപ 2000 രൂപയായി വർധിപ്പിച്ചത്. അത്തരം ഒരു കാലതാമസം ഈ സർക്കാർ വരുത്തില്ലെന്നും നൽകിയ വാഗ്ദാനം എത്രയും വേഗം പാലിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഫെബ്രുവരിയിലാണ് ഈ പദ്ധതി ആരംഭിച്ചത്. സാമൂഹ്യക്ഷേമ പെൻഷന്റെ ഭാഗമല്ല ഈ പദ്ധതിയെന്നും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിച്ചശേഷം അറിയിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

