ബേബി നയിക്കുമ്പോൾ പാർട്ടിയിൽ പിണറായി പക്ഷത്തെ കാത്തിരിക്കുന്നത് എന്ത് ?
text_fieldsതിരുവനന്തപുരം: രാജ്യത്ത് സി.പി.എമ്മിനെ നയിക്കാനുള്ള നിയോഗം എം.എ. ബേബി ഏറ്റെടുക്കുമ്പോൾ കേരള ഘടകത്തിലും അതിന്റെ പ്രതിഫലനങ്ങൾ ഉറപ്പ്. പാർട്ടിയും സർക്കാറും പിണറായി വിജയന്റെ പൂർണ നിയന്ത്രണത്തിൽ ചലിക്കുന്ന കേരളത്തിൽ എം.എ. ബേബിയുടെ സ്ഥാനക്കയറ്റം പെട്ടെന്നൊരു മാറ്റമുണ്ടാക്കില്ല.
എന്നാൽ, പാർട്ടിക്കുള്ളിൽ ശാക്തിക ചേരിയിൽ ഭാവിയിൽ കാതലായ മാറ്റങ്ങൾക്ക് അത് കാരണമാകും. പാർട്ടിയുടെ സൈദ്ധാന്തിക മുഖവും സാംസ്കാരിക മേഖലകളിൽ വിപുല ബന്ധങ്ങളുമുള്ള ബേബി പക്ഷേ, സ്വന്തം തട്ടകവും അണികളുമുള്ള ജനകീയ നേതൃമുഖമല്ല. പാർട്ടി ഘടകങ്ങളിലും ബേബിക്ക് സ്വന്തം ആളുകൾ വിരലിലെണ്ണാവുന്നവർ മാത്രം.
ക്ലാസിക്കൽ കമ്യൂണിസ്റ്റ് സങ്കല്പം കൊണ്ടുനടക്കുന്ന ബേബി പാർട്ടിയിൽ വിഭാഗീയത കത്തിനിന്ന കാലത്ത് വി.എസ്. അച്യുതാനന്ദന്റെ പക്ഷത്തായിരുന്നു. പാലക്കാട് സമ്മേളനത്തിൽ വെട്ടിനിരത്തലിനിരയായ ശേഷം നിശബ്ദനായ അദ്ദേഹം പിന്നീട്, ഔദ്യോഗിക പക്ഷവുമായി ചേർന്നുപോകുന്നതാണ് കണ്ടത്.
അപ്പോഴും നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി സ്വതന്ത്ര അഭിപ്രായങ്ങൾ പങ്കുവെക്കാറുമുണ്ട്. എന്നാൽ, അത് പാർട്ടിക്കുള്ളിലെ പോരാട്ടമായി മുന്നോട്ടുകൊണ്ടുപോകാൻ ഒരിക്കൽ പോലും തയാറായിട്ടില്ല. പിണറായി വിജയന്റെ പിന്തുണയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിക്ക് വഴി തുറന്നത്. പിണറായി ബേബിയുടെ പേരുപറഞ്ഞത് പൂർണ മനസ്സോടെയല്ലെന്ന് വ്യക്തം.
കേരള താൽപര്യത്തിന് കൂടുതൽ അപകടകാരിയായ മറ്റൊരാൾ വരാതിരിക്കാനുള്ള പിന്തുണയാണത്. സ്വതന്ത്ര അഭിപ്രായം പറയുമ്പോഴും നേതൃത്വത്തോടുള്ള വണക്കം തെറ്റിക്കാറില്ലെന്നതും പിണറായിയുടെ വിശ്വാസം നേടാൻ ബേബിയെ സഹായിച്ചിട്ടുണ്ട്. ബേബി ജനറൽ സെക്രട്ടറിയാകുന്നതിൽ ബംഗാൾ ഘടകത്തിന്റെ എതിർപ്പ് പ്രകാശ് കാരാട്ട് ഇടപെട്ടാണ് അനുനയിപ്പിച്ചത്.
ബംഗാൾ ഘടകം എതിർപക്ഷത്താണെന്നിരിക്കെ, പിണറായി വിജയന്റെ പിന്തുണയില്ലാതെ പാർട്ടിയെ കൊണ്ടുനടക്കാൻ ബേബിക്ക് കഴിയില്ല. അതുകൊണ്ടുതന്നെ, പിണറായിയുടെ അപ്രമാദിത്വത്തിനെതിരെയോ കേരള ഘടകത്തിന്റെ താൽപര്യത്തിന് വിരുദ്ധമായോ ബേബിയിൽ നിന്ന് എന്തെങ്കിലും നീക്കം ഉടനെയുണ്ടാകാൻ സാധ്യതയില്ല. എന്നാൽ, ബേബിയെ കേന്ദ്രീകരിച്ച് പുതിയ ശാക്തിക ചേരി കേരളത്തിൽ രൂപപ്പെടാൻ നല്ല സാധ്യതയുണ്ട്.
പിണറായിയുടെ ബലത്തിൽ മുഹമ്മദ് റിയാസിന് പാർട്ടിയിലും ഭരണത്തിലും ലഭിക്കുന്ന പരിഗണന സമകാലികരായ പലരിലും കടുത്ത അസ്വസ്ഥതക്ക് കാരണമാണ്. പിണറായി ഭരണത്തിനുകീഴിൽ പാർട്ടിയുടെ നയവ്യതിയാനങ്ങളിൽ എതിർപ്പുള്ളവരും കുറവല്ല.
അതൃപ്തി പരസ്യമാക്കിയാൽ ഫിനിഷ് ചെയ്യപ്പെടുമെന്ന ഭീതിയാണ് രണ്ടാംനിര നേതാക്കൾ പലരും തുറന്നുപറയാത്തതിന്റെ കാരണം. ഇവരിൽ പലരും ബേബിയുമായി അടുപ്പമുള്ളവരാണ്. കാലം പോകവേ, പിണറായി വിജയന്റെ പിടിത്തം അയയുന്ന മുറക്ക് അതൃപ്തരായ രണ്ടാം നിരക്കാർ കേന്ദ്രീകരിച്ചാൽ കേരള ഘടകത്തിൽ അവർ പ്രബലരായി മാറാൻ സാധ്യതയുണ്ട്.
ഞായറാഴ്ച 71 വയസ്സ് പൂർത്തിയാക്കിയ എം.എ. ബേബിക്ക് ജനറൽ സെക്രട്ടറി സ്ഥാനത്ത് ചുരുങ്ങിയത് രണ്ട് ഊഴം അതായത് ആറു വർഷം ലഭിക്കും. ചുവടുറപ്പിക്കാനും പിടിമുറുക്കാനും ആഗ്രഹിച്ചാൽ മതിയായ സാവകാശമുണ്ടെന്ന് സാരം.
തുടർഭരണം ‘ബിഗ് ചാലഞ്ച്’
തിരുവനന്തപുരം: കേരളത്തിൽ ഇടതുമുന്നണിക്ക് ഇനിയുമൊരു തുടർഭരണം ഏറ്റവും തീവ്രമായി ആഗ്രഹിക്കുന്ന ഒരാൾ ആരായിരിക്കും? പിണറായി വിജയൻ എന്നാണ് ഉത്തരം. കൊല്ലം സംസ്ഥാന സമ്മേളനത്തിൽ ‘നവകേരളത്തെ നയിക്കാൻ പുതുവഴി രേഖകൾ’ മുന്നോട്ടുവെച്ച അദ്ദേഹം അതിന് കരുനീക്കം തുടങ്ങിയിട്ടുമുണ്ട്. മധുരയിൽ സി.പി.എം 24ാം പാർട്ടി കോൺഗ്രസ് പൂർത്തിയായതോടെ, പിണറായി വിജയനെക്കാൾ തീവ്രമായി കേരളത്തിൽ തുടർഭരണം ആഗ്രഹിക്കുന്നത് ജനറൽ സെക്രട്ടറി എം.എ. ബേബിയാണ്.
ഒരു വർഷത്തിനപ്പുറം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്വന്തം സംസ്ഥാനത്ത് ഭരണം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ തുടക്കം തന്നെ പാളിയെന്ന് വിലയിരുത്തപ്പെടും. സി.പി.എമ്മിന് കേരളത്തിൽ മാത്രമാണ് ഭരണമുള്ളത്. പഴയ ശക്തി കേന്ദ്രങ്ങളായ ബംഗാളിലും ത്രിപുരയിലും അടുത്തൊന്നും തിരിച്ചുവരവിന്റെ പ്രതീക്ഷ പോലുമില്ല.
അതിനാൽ, കേരളത്തിലും ഭരണമില്ലാത്ത സാഹചര്യമുണ്ടാകുന്നത് പാർട്ടിയെ വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുക. ഈ നിലയിൽ അതിനിർണായക ഘട്ടത്തിലാണ് ബേബി പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനത്ത് എത്തുന്നത്.
കേരളത്തിൽ അധികാരത്തിലിരിക്കെ, നടന്ന കഴിഞ്ഞ രണ്ടു ലോക്സഭ തെരഞ്ഞെടുപ്പിലും ഒരു എം.പിയെ മാത്രമാണ് പാർട്ടിക്ക് ജയിപ്പിക്കാനായത്. ‘മോദിപ്പേടി’ നിലനിൽക്കുവോളം കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പ് കോൺഗ്രസിന് അനുകൂലമായി തുടരാനാണ് സാധ്യത.
കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ മുന്നണികളുടെ ഘടകകക്ഷിയെന്ന കാരുണ്യത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർട്ടി ലോക്സഭയിലേക്ക് പ്രതിനിധികളെ ജയിപ്പിക്കുന്നത്. ആ നിലയിൽ പാർലമെന്റിലെ സീറ്റുനില മെച്ചപ്പെടുത്തുക പുതിയ ജനറൽ സെക്രട്ടറിക്ക് ഹിമാലയൻ കടമ്പയാണ്. കേരള ഭരണമെങ്കിലും നിലനിർത്താനായാലേ പിടിച്ചുനിൽക്കാനാകൂവെന്ന് ചുരുക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.