വെള്ളാർമല സ്കൂളിലെ ആ കുഞ്ഞുങ്ങളെവിടെ?
text_fieldsചൂരൽമലയിലെ വെള്ളാർമല ജി.വി.എച്ച്.എസ്.എസ് ഉരുൾപൊട്ടലിൽ തകർന്നപ്പോൾ
ചൂരൽമല (വയനാട്): മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർവവും നശിച്ച ചൂരൽമലയിൽ തലയുയർത്തിനിന്ന ഒരു വിദ്യാലയമുണ്ടായിരുന്നു. വെള്ളാർമല ജി.വി.എച്ച്.എസ്.എസ്. തോട്ടംതൊഴിലാളികളും സാധാരണക്കാരുമായവരുടെ മക്കൾ പഠിക്കുന്ന നാട്ടിന്റെ സ്വന്തം വിദ്യാലയം. 497 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനം കുട്ടികളും ഉരുൾപൊട്ടൽ ദുരന്തം നടന്ന പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. എന്നാൽ, ദുരന്തം നടന്നതിനുശേഷം 24ഓളം കുട്ടികളുമായും അവരുടെ രക്ഷിതാക്കളുമായും ബന്ധപ്പെടാൻ രക്ഷാപ്രവർത്തകർക്കോ അധ്യാപകർക്കോ കഴിഞ്ഞിട്ടില്ല. രക്ഷിതാക്കളെ വിളിച്ചാണ് അതത് ക്ലാസ് അധ്യാപകർ കുട്ടികളുടെ കാര്യങ്ങൾ അറിയുന്നത്. പക്ഷേ, ഇപ്പോഴും 24 കുട്ടികളെ പറ്റി വിവരമില്ല.
വിവിധ സ്ഥലങ്ങളിലെ ക്യാമ്പുകളിൽ രക്ഷപ്പെട്ട കുട്ടികളും മറ്റുമുള്ളതിനാൽ ആരൊക്കെയാണ് ജീവനോടെയുള്ളതെന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. കഴിഞ്ഞദിവസംവരെ മഴയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ച സ്കൂളായിരുന്നു ഇത്.
ഉരുൾപൊട്ടലിൽ കൂറ്റൻ മരത്തടികളും പാറകളും വീടുകളുടെ അവശിഷ്ടങ്ങളും കുത്തിയൊലിച്ച് സ്കൂളിന്റെ ഒരുകെട്ടിടം പൂർണമായി തകർന്നു. റോഡിനോട് ചേർന്ന മറ്റൊരു കെട്ടിടത്തിന്റെ താഴ്ഭാഗവും തകർന്നു. ചുവരുകളെല്ലാം തകർന്നതിനാൽ കാലുകളിൽ നിൽക്കുന്ന കെട്ടിടം മാത്രമായി സ്കൂൾ മാറി. വിദ്യാർഥികൾ എവിടെയെന്ന ആശങ്കയിലാണ് എല്ലാവരും. ഒന്നും സംഭവിക്കാതെ എല്ലാവരെയും തിരിച്ചുകിട്ടണേയെന്ന പ്രാർഥനയിലാണ് അധ്യാപകരും നാട്ടുകാരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.