സർക്കാർ മെഡിക്കൽ കോളജുകളെ ആര് കാക്കും?
text_fieldsകോഴിക്കോട്: സൂപ്പർവൈസറി തസ്തികകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാത്തതും ഉള്ള ജീവനക്കാരുടെ അസന്തുലിത വിന്യാസവും കാരണം സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജുകളുടെ സുരക്ഷ പ്രതിസന്ധിയിൽ. പല മെഡിക്കൽ കോളജുകളിലും സുരക്ഷ വിഭാഗത്തിന് മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്. ആശുപത്രി വികസന സമിതികൾ വഴി നിയമിക്കുന്ന താൽക്കാലിക സുരക്ഷ ജീവനക്കാർക്ക് മാർഗനിർദേശം നൽകാൻ പോലും ആളില്ലാത്ത സ്ഥിതിയാണ്.
സർജന്റ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫിസർ, സെക്യൂരിറ്റി ഓഫിസർ എന്നീ തസ്തികകളാണ് മെഡിക്കൽ കോളജുകളിൽ സുരക്ഷ വിഭാഗത്തിന് മേൽനോട്ടം വഹിക്കാനായുള്ളത്. എന്നാൽ, ഈ തസ്തികകൾ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുകയാണ്. മറ്റ് സർക്കാറിതര വകുപ്പുകളിൽനിന്ന് വ്യത്യസ്തമായി മെഡിക്കൽ കോളജുകളിലും ആശുപത്രികളിലും ക്ലിനിക്കൽ വിഭാഗത്തോടൊപ്പം സുരക്ഷ വിഭാഗവും 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കണം.
എന്നാൽ, തിരുവനന്തപുരം മെഡിക്കൽ കോളജിൽ അല്ലാതെ മറ്റൊരിടത്തും ഇതിന് പര്യാപ്തമായ ഉദ്യോഗസ്ഥരില്ല. സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 13 മെഡിക്കൽ കോളജുകളിലും ഡി.എം.ഇ ഓഫിസിലുമായി 41 സർജന്റും ഏഴ് അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫിസറും അഞ്ചു സെക്യൂരിറ്റി ഓഫിസർമാരുമാണ് ഉള്ളത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ യഥേഷ്ടം ജീവനക്കാർ ഉള്ളപ്പോൾ മറ്റെല്ലാ മെഡിക്കൽ കോളജുകളിലും സുരക്ഷ ചോദ്യചിഹ്നമാവുകയാണ്. ആകെയുള്ള 41 സർജന്റുമാരിൽ 21ഉം തിരുവനന്തപുരം മെഡിക്കൽ കോളജിലാണ്. ഇത്രയുംതന്നെ രോഗികളെത്തുന്ന കോഴിക്കോട് മെഡിക്കൽ കോളജിൽ നാലു സർജന്റുമാരാണ് ഉള്ളത്. എറണാകുളം, ഇടുക്കി, മഞ്ചേരി, കണ്ണൂർ മെഡിക്കൽ കോളജുകളിൽ സർജന്റുമാരില്ല.
ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫിസർമാരും ആലപ്പുഴ, കോട്ടയം, ഇടുക്കി, കോന്നി, മഞ്ചേരി, വയനാട്, കാസർകോട്, കണ്ണൂർ മെഡിക്കൽ കോളജുകളിൽ സെക്യൂരിറ്റി ഓഫിസർ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. മെഡിക്കൽ കോളജ് കാമ്പസുകളിലെയും ആശുപത്രികളിലെയും സ്ഥാവരജംഗമ വസ്തുക്കളുടെയും ചികിത്സക്കെത്തുന്ന രോഗികളുടെയും സുരക്ഷയും പരിപാലനവും ശ്രമകരമായ ജോലിയാണെന്നിരിക്കെയാണ് ആരോഗ്യവകുപ്പിന്റെ അനാസ്ഥ.
ആവശ്യത്തിന് സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തത് സർക്കാർ ആശുപത്രികളിൽ സാമൂഹിക വിരുദ്ധരുടെ കടന്നുകയറ്റം, മോഷണം, ലഹരി വിൽപന, വ്യാജ ഡോക്ടർമാരുടെ വിലസൽ തുടങ്ങിയവ വർധിക്കാനും ഇടയാക്കുന്നു. അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ വീഴ്ച മറച്ചുവെക്കാൻ സുരക്ഷ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ കാണിക്കുന്ന അനാസ്ഥ മെഡിക്കൽ കോളജ് അധികൃതർക്കിടയിലും കടുത്ത അമർഷത്തിനിടയാക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.