വേനൽക്കാലത്ത് എന്തുകൊണ്ട് പാമ്പുകൾ പുറത്തിറങ്ങുന്നു? കടിയേറ്റാൽ പ്രഥമമായി ചെയ്യേണ്ടത് ഇങ്ങനെ..
text_fieldsവേനൽ കടുത്തതോടെ പാമ്പുകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വർധിച്ചിരിക്കുന്നു. സംസ്ഥാനത്തുടനീളം പാമ്പുകടിയേറ്റുള്ള മരണങ്ങളും സംഭവങ്ങളും നിരന്തരം റിപ്പോർട്ട് ചെയ്യുന്നുണ്ട് മാധ്യമങ്ങൾ. കടുത്ത ചൂടായതുകൊണ്ടുത്തന്നെ ഇഴജന്തുക്കളിൽനിന്നുള്ള രക്ഷക്കായി ജാഗരൂകരായി കഴിയണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ട്. അതിനായുള്ള മുൻകരുതലുകളും ശ്രദ്ധയും ഓരോരുത്തരും സ്വയം കൈകൊള്ളേണ്ടതുണ്ട്.
എന്തുകൊണ്ട് വേനൽക്കാലത്ത് പാമ്പുകൾ പുറത്തിറങ്ങുന്നു?
അമിതമായ ചൂടും ജലക്ഷാമവുമാണ് പാമ്പുകളെ തങ്ങളുടെ സ്വാഭാവിക വാസസ്ഥലങ്ങളിൽ നിന്നും മനുഷ്യർ താമസിക്കുന്ന ഇടങ്ങളിലേക്ക് എത്തിക്കുന്നത്. സാധാരണയായി വനങ്ങളിലും കുറ്റിക്കാടുകളിലും കഴിയുന്ന പാമ്പുകൾ വേനൽക്കാലത്ത് പുറത്തിറങ്ങാൻ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്.
തണുപ്പ് തേടിയുള്ള യാത്രയാണ് ഒന്നാമത്തേത്. കഠിനമായ മനുഷ്യർക്ക് തീരെ സഹിക്കവയ്യ..അതുപോലെ തന്നെയാണ് ജീവജാലങ്ങളും. അമിതമായ ചൂട് താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് തണുപ്പുള്ള ഇടങ്ങൾ തേടി പാമ്പുകൾ സഞ്ചരിക്കാൻ തുടങ്ങുന്നത്. അതിനാൽ തന്നെ പൊതുവെ ചൂട് കുറവുള്ള വീടിന്റെ ഉൾവശം, തണുപ്പുള്ള തറകൾ, ബാത്ത്റൂമുകൾ, വാട്ടർ ടാങ്കിന്റെ പരിസരം, കിണറുകൾക്കരികിലെ നനവുള്ള ഇടങ്ങൾ എന്നിവിടങ്ങളിൽ പാമ്പുകൾ അഭയം തേടുന്നു.
ഇരയെ തേടിവരുന്നതാണ് രണ്ടാമത്തെ കാരണം. ചൂടുകാലത്ത് എലികളും തവളകളും ജലസ്രോതസ്സുകൾക്ക് അടുത്തേക്ക് നീങ്ങാറുണ്ട്. ഇവയെ ഭക്ഷണമാക്കുന്ന പാമ്പുകളും ഇരയെ പിന്തുടർന്ന് ഈ ഭാഗങ്ങളിലേക്ക് എത്തുകയും ഇരകളുടെ സുലഭത കാരണം ആയിടങ്ങളിൽ തമ്പടിക്കുകയും ചെയ്യുന്നു.
പാമ്പ് കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത്
പാമ്പ് കടിയേറ്റാല്‍ പ്രഥമമായി ചെയ്യേണ്ടത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വിഷം ചെന്നെത്തുന്നത് തടയുക എന്നതാണ്. ഒരു കാരണവശാലും പരിഭ്രാന്തരാകുകയോ കടിയേറ്റയാളെ ഭയപ്പെടുത്താനോ പാടില്ല.
കടിയേറ്റയാൾ ഭയക്കുന്നത് കാരണമായി അയാളുടെ ശരീരത്തിലെ രക്തയോട്ടം കൂടാനും വിഷം പെട്ടെന്ന് ശരീരത്തിൽ വ്യാപിക്കാനും കാരണമാകും. ശരീരം അനക്കാതെ സൗകര്യപ്രദമായി രീതിയിൽ ഇരുത്തുകയും ബോധം നഷ്ടപ്പെടുമെന്ന് തോന്നിയാൽ തറയില്‍ ചരിച്ചുകിടത്തുകയും വേണം.
കടിയേറ്റ ഭാഗം ഒന്നും ചെയ്യരുത്. മുറിവേറ്റ ഭാഗത്തുനിന്നും ഇറുകിയതോ മുറുകിയതോ ആയ ഉപകരണങ്ങൾ ആഭരണങ്ങൾ പോലുള്ളവ നീക്കം ചെയ്യേണ്ടതുണ്ട്. മുറിവിന് മുകളിലായി കയറോ, തുണിയോ മുറുക്കി കെട്ടേണ്ടതില്ല. കാരണം അങ്ങനെ ചെയ്യുന്നത് ശരീരത്തിലെ രക്തയോട്ടം തടസ്സപ്പെടുത്തി കോശങ്ങള്‍ നശിക്കുന്നതിന് കാരണമാകും. കടിയേറ്റ ആളെ എത്രയും വേഗം ആന്റി വെനം ലഭ്യമായ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണം.
പൊതുജനങ്ങൾ ശ്രദ്ധിക്കാൻ..
- വീടിനു ചുറ്റുമുള്ള കാടുകൾ വെട്ടിത്തെളിക്കുകയും പാഴ്വസ്തുക്കൾ (വിറക്, കല്ലുകൾ) അടുക്കി വെക്കുകയും ചെയ്യുക.
- വേനൽക്കാലത്ത് ബാത്ത്റൂമുകളിൽ പാമ്പുകൾ കയറാൻ സാധ്യതയുള്ളതിനാൽ വാതിലുകൾ എപ്പോഴും അടച്ചു സൂക്ഷിക്കുക. ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക.
- രാത്രി പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ടോർച്ച് ഉപയോഗിക്കുക. ഷൂസ് ധരിക്കാൻ ശ്രദ്ധിക്കുക.
- കെട്ടിടത്തിന് മുകളിലേക്ക് വളർന്നുനിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ നീക്കം ചെയ്യുക, വീടിനു മുകളിലേക്ക് പടർത്തിയ വള്ളിച്ചെടികൾ ജനൽ, എയർഹോൾ എന്നിവ കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാൻ പറ്റാത്ത വിധം ഒരുക്കിവെക്കാം.
- വീടിനു പുറത്തുവച്ച ഷൂസ്, ചെരുപ്പ് എന്നിവ ധരിക്കുമ്പോൾ അതിനുള്ളിൽ ചെറിയ പാമ്പുകളോ മറ്റ് ജീവികളോ ഇല്ല എന്നുറപ്പ് വരുത്തുന്നത് ശീലമാക്കുക, കുട്ടികളെയും ഇത് ശീലിപ്പിക്കുക.
- പാമ്പുകടിയേറ്റാൽ പരിഭ്രാന്തരാകാതെ കടിയേറ്റ ഭാഗം അനക്കാതെ വയ്ക്കുക. എത്രയും പെട്ടെന്ന് കടിയേറ്റ ആളെ ആന്റി വെനം ലഭ്യമായ സർക്കാർ ആശുപത്രിയിലോ മെഡിക്കൽ കോളേജിലോ എത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

