കേരളം: മരണത്തിന്റെ ആനത്താര
text_fieldsമലപ്പുറം: പാമ്പുകടി കഴിഞ്ഞാൽ, മനുഷ്യ-വന്യജീവി സംഘർഷത്തിൽ കേരളത്തിൽ ഏറ്റവുമധികം മരണം സംഭവിക്കുന്നത് കാട്ടാനയുടെ ആക്രമണത്തിൽ. കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് കാട്ടാനക്കലിയിൽ പൊലിഞ്ഞത് 192 ജീവനുകളാണ്. പരിക്കേറ്റത് 278 പേർക്ക്. 2016 മുതൽ 2025 ജനുവരി 31 വരെയുള്ള കണക്കാണിത്.
2021ലാണ് കാട്ടാനയുടെ ആക്രമണം അതിരൂക്ഷമായത്. ആ വർഷം 29 പേരുടെ ജീവനെടുത്തു. പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ്ആക്രമണം വ്യാപകം. പത്ത് വർഷത്തിനിടെ, ഈ മൂന്ന് ജില്ലകളിൽ മാത്രം മരിച്ചത് 124 പേർ. ഇക്കാലയളവിൽ പാലക്കാട്ട് 48ഉം ഇടുക്കിയിൽ 40ഉം വയനാട്ടിൽ 36ഉം പേർക്ക് ജീവൻ നഷ്ടമായി. 2021 പാലക്കാട് ജില്ലക്ക് ഇരുണ്ട വർഷമാണ്. ആ വർഷം പത്ത് പേരുടെ ജീവനാണ് കാട്ടാന കവർന്നത്.
ജില്ലതല കണക്കുകളിൽ സംസ്ഥാനത്തുതന്നെ ഏറ്റവും ഉയർന്നതാണിത്. 2017ൽ എട്ടും 2022ൽ ഏഴും മരണങ്ങൾ പാലക്കാട് ജില്ലയിൽ മാത്രം റിപ്പോർട്ട് ചെയ്തു. 2024ലാണ് ഇടുക്കിയിൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്; ഏഴു പേർ. കഴിഞ്ഞ വർഷം വയനാട് ജില്ലയിൽ ആറു പേർക്കും ജീവൻ നഷ്ടമായി. കാടും ജനവാസ മേഖലയും ഇടകലർന്നുകിടക്കുന്ന വയനാട്ടിൽ കാട്ടാന ആക്രമണം വ്യാപകമാണ്. കാട്ടാനയുടെ മുന്നിൽപെട്ട് ജീവൻ തിരിച്ചുകിട്ടിയ നിരവധി പേരുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ, വയനാട് ജില്ലയിൽ 87 പേർക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു. വനംവകുപ്പ് രേഖ പ്രകാരം സംസ്ഥാനത്തുതന്നെ ഉയർന്നതാണിത്.
തുടർചികിത്സകൾക്ക് സഹായമില്ല
വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ പൂർണമായും ഏറ്റെടുത്തിട്ടില്ല. പരിക്കുകൾക്ക് വനംവകുപ്പ് നഷ്ടപരിഹാരം നൽകുന്നത് കേരള റൂൾസ് ഫോർ പേമെന്‍റ് ഓഫ് കോമ്പൻസേഷൻ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈൽഡ് ആനിമൽസ് ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരമാണ്.
സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേൽക്കുന്നവരുടെ ചികിത്സക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയുമാണ് അനുവദിക്കുന്നത്. തുടർചികിത്സകൾക്ക് സഹായം കിട്ടുന്നില്ല. അതേസമയം, ആദിവാസികളുടെ മുഴുവൻ ചികിത്സച്ചെലവും വഹിക്കാൻ വകുപ്പുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.