കോന്നി സുരേന്ദ്രനും വിക്രമുമെത്തി; കിണറ്റിൽ വീണ കൊമ്പനെ ഉൾവനത്തിലേക്ക് തുരത്തും
text_fieldsകാട്ടുകൊമ്പനെ തുരത്താനെത്തിയ കോന്നി സുരേന്ദ്രനും വിക്രമും കൊടുമ്പുഴ വനത്തിൽ
അരീക്കോട് (മലപ്പുറം): ഊർങ്ങാട്ടിരിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ കുങ്കി ആനകളായ കോന്നി സുരേന്ദ്രനെയും വിക്രമിനെയും ഓടക്കയത്ത് എത്തിച്ചു. മുത്തങ്ങയിൽനിന്ന് വ്യാഴാഴ്ച രാത്രി കൊടുമ്പുഴ വനം വകുപ്പ് ഓഫിസിലെത്തിയ ആനകളെ വനപാലകരുടെ സുരക്ഷയിൽ വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് ഓടക്കയം കൂരങ്കലിൽ എത്തിച്ചത്. വടക്കുമുറി, കിണറടപ്പ്, വെറ്റിലപ്പാറ വഴി എട്ട് കിലോമീറ്റർ നടന്നാണ് ഇവ എത്തിയത്.
കിണറ്റിൽ നിന്ന് രക്ഷപ്പെട്ട കാട്ടാന വനമേഖലയിൽ എവിടെയാണെന്ന് കണ്ടെത്തി കുങ്കികളെ ഉപയോഗിച്ച് ഉൾവനത്തിലേക്ക് തുരത്താനുള്ള ദൗത്യമാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നത്. അരീക്കോട് ഫോറസ്റ്റ് സ്റ്റേഷന്റെയും നോർത്ത് ഡി.എഫ്.ഒ പി. കാർത്തികിന്റെയും നേതൃത്വത്തിലാണ് ദൗത്യം. കിണറ്റിലകപ്പെട്ട കാട്ടാന വ്യാഴാഴ്ച രാത്രി പത്തിന് ശേഷമാണ് രക്ഷപ്പെട്ട് വനത്തിലേക്ക് കയറിയത്. തുടർന്ന് വനപാലകരുടെ നേതൃത്വത്തിൽ നിരീക്ഷിച്ചുവരുകയാണെങ്കിലും ആനയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. എടവണ്ണ ഫോറസ്റ്റ് റേഞ്ചിന് കീഴിൽ നൂറിലധികം ഉദ്യോഗസ്ഥരാണ് മേഖലയിൽ ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തുന്നത്.
ശനിയാഴ്ച കൂടുതൽ വനമേഖലയിലേക്ക് തിരച്ചിൽ വ്യാപിപ്പിക്കും. കുങ്കി ആനകൾ എത്തിയതോടെ കാട്ടാനയെ ജനവാസ മേഖലയിൽ നിന്ന് പൂർണമായി തുരത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പും നാട്ടുകാരും. മേഖലയിൽ കാട്ടാനശല്യം രൂക്ഷമായിട്ട് മാസങ്ങളായി. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിരുന്നില്ല. ഇതിനിടയിലാണ് കൂരങ്കല്ലിൽ വ്യാഴാഴ്ച പുലർച്ച കാട്ടുകൊമ്പൻ കിണറ്റിൽ വീണത്. ഇതിനിടെ മറ്റു കാട്ടാനകളെ കണ്ടാൽ അവയെയും തുരത്താനുള്ള നടപടി സ്വീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.