വർഗീയവാദികൾക്കെതിരായ നിലപാടിൽ മാറ്റമില്ല, തോൽവിയുടെ കാരണം പരിശോധിക്കും -എ.കെ ബാലൻ
text_fieldsപാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി സി.പി.എം നേതാവ് എ.കെ ബാലൻ. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ കൃത്യമായി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വർഗീയവാദികൾക്കെതിരെ താൻ നടത്തിയ പരാമർശങ്ങളിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം ഇസ്ലാം മതത്തിന് എതിരല്ലെന്ന് ബാലൻ വ്യക്തമാക്കി. മതരാഷ്ട്ര നിലപാട് മാറ്റാത്തതിനാലാണ് ജമാഅത്തിനെ വിമർശിക്കുന്നത്.
വെള്ളാപ്പള്ളി നടേശൻ മുസ്ലിം ലീഗിനെയാണ് വിമർശിച്ചത്, എന്നാൽ അത് മുസ്ലീങ്ങളെ ഒന്നാകെ പറഞ്ഞതാണെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിക്കുകയായിരുന്നു. വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും സ്വീകരിച്ച വിവിധ നിലപാടുകൾ യു.ഡി.എഫിന് അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ടാകാമെന്നും അദ്ദേഹം നിരീക്ഷിച്ചു.
തങ്ങളുടെ കുട്ടികളെ തല്ലിച്ചതച്ചതൊന്നും മറക്കില്ലെന്ന് സതീശൻ പറഞ്ഞതിന് പിന്നാലെയാണ് ഇന്നലെ ആക്രമണമുണ്ടായത്. പാർട്ടി ഓഫീസിൽ വന്ന് പൊലീസിനും ഗുണ്ടകൾക്കും വിലസാമെന്ന് ആരും കരുതരുത്. എൻ.എൻ കൃഷ്ണദാസ് തടഞ്ഞില്ലായിരുന്നെങ്കിൽ വലിയ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമായിരുന്നു.
ഞങ്ങളുടെ ശവത്തിൽ ചവിട്ടി മാത്രമേ അവർക്ക് മുന്നോട്ട് പോകാൻ കഴിയുമായിരുന്നുള്ളൂ. സർക്കാർ ആവിഷ്കരിച്ച പദ്ധതികൾക്ക് തടസ്സമുണ്ടാക്കാൻ ശ്രമിച്ചാൽ അത് അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വർഗീയ ശക്തികൾക്ക് ഇപ്പോൾ അഹങ്കാരമുണ്ടാകാം, എന്നാൽ കേരളം ഇപ്പോഴും അവരുടെ കൈപ്പിടിയിലല്ലെന്ന് ഓർക്കണം. ജീവൻ കൊടുത്തും കേരളത്തിന്റെ മതസൗഹാർദം കാത്തുസംരക്ഷിക്കുമെന്നും എ.കെ ബാലൻ പാലക്കാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

