സുപ്രീംകോടതിയിലെ കേസിൽ കക്ഷിചേരും -സുജിത്ത്
text_fieldsകസ്റ്റഡിയിൽ പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായ സുജിത്തിന്റെ വീട് രമേശ് ചെന്നിത്തല സന്ദർശിക്കുന്നു
കുന്നംകുളം: പൊലീസ് സ്റ്റേഷനുകളിലെ സി.സി.ടി.വികൾ പ്രവർത്തനരഹിതമാണെന്ന വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷിചേരുമെന്ന് കുന്നംകുളം സ്റ്റേഷനിൽ ക്രൂരമർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത്. ഈ കേസിനും തന്‍റെ കേസിനും സമാന സ്വഭാവമാണെന്നും ഉടൻ സുപ്രീംകോടതിയിൽ അപേക്ഷ നൽകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രണ്ടര വർഷം മുമ്പ് മർദനമുണ്ടായപ്പോൾ പൊലീസ് കൊലപ്പെടുത്തുമെന്നാണ് കരുതിയത്. അല്ലെങ്കിൽ പുറത്തിറങ്ങുമ്പോൾ മർദനത്തിന്‍റെ ക്ഷതങ്ങൾകൊണ്ട് മരിച്ചുപോകുമെന്നുപോലും ഭയന്നു. എന്നാൽ, ഭാഗ്യംകൊണ്ടും ഈശ്വരകടാക്ഷം കൊണ്ടും മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്. നിയമങ്ങൾ ഇപ്പോഴും ശക്തമായതുകൊണ്ടാണ് സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞത്.
2020ലെ സുപ്രീംകോടതി വിധിയനുസരിച്ച് രാത്രിപോലും കാഴ്ച സാധ്യമാകുന്ന സി.സി.ടി.വികൾ സ്‌ഥാപിക്കുകയും ഇവയുടെ ഡേറ്റ 18 മാസം സൂക്ഷിക്കേണ്ടതുമാണ്. എന്നാൽ, സുപ്രീംകോടതിയുടെ വിവിധ വിധികൾ ഉണ്ടായിട്ടും ദൃശ്യം ലഭിക്കാൻ രണ്ടു വർഷം നിയമപോരാട്ടം നടത്തേണ്ടിവന്നത് കേരളത്തിലെ പൊലീസ് സുപ്രീംകോടതി വിധികൾ ലംഘിച്ചതുകൊണ്ടാണ്. പൊലീസ് സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ എന്തുകൊണ്ട് സൂക്ഷിക്കണമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ. തന്‍റെ അനുഭവം നാളെ രാജ്യത്തെ ഒരാൾക്കുപോലും വരാതിരിക്കാനാണ് സുപ്രീംകോടതിയിൽ കക്ഷിചേരുന്നത്. പൊലീസ് സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് വെബ്സൈറ്റിൽ കയറി പരിശോധിക്കാൻ ജനത്തിന് അവകാശമുണ്ടാകണമെന്ന ആവശ്യവും ഹരജിയിൽ ഉന്നയിക്കും. ദൃശ്യങ്ങൾ ലോകം മുഴുവൻ കണ്ടിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. ഉന്നത സി.പി.എം നേതാക്കൾക്ക് ഈ ഗൂഢാലോചനയിൽ അറിവുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി മൗനം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.