Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെങ്ങന്നൂരിന്‍റെ കാറ്റ് മാറിമറിയുമോ?

text_fields
bookmark_border
ശബരിമല സ്വർണക്കൊള്ളയടക്കം മണ്ഡലത്തിൽ പ്രതിഫലിക്കും
ചെങ്ങന്നൂരിന്‍റെ കാറ്റ് മാറിമറിയുമോ?
cancel

ചെങ്ങന്നൂർ: പതിവായി രാഷ്ട്രീയ സ്വഭാവമില്ലാത്ത ചെങ്ങന്നൂരിന്‍റെ കാറ്റ് ഇക്കുറി മാറിമറിയുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സി.പി.എം ബന്ധം ഉപേക്ഷിച്ച് ജി. സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയിലെ എതിരാളിയായ മന്ത്രി സജി ചെറിയാൻ മത്സരിക്കുന്ന ചെങ്ങന്നൂരിൽ അതിന്‍റെ ഇഫക്ട് ഉണ്ടാകുമോയെന്നാണ് കാത്തിരിക്കുന്നത്. ഇതിനൊപ്പം ശബരിമല സ്വർണക്കൊള്ള എങ്ങനെ പ്രതിഫലിക്കുമെന്നതും മണ്ഡലത്തിന്‍റെ വിജയഘടകമാണ്.

ഇക്കുറിയും സിറ്റിങ് എം.എൽ.എ സജി ചെറിയാൻ തന്നെ ജനവിധി തേടും. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും പാർട്ടിയുടെ ശക്തമായ അടിത്തറയും വ്യക്തിപരമായ സ്വാധീനവുമാണ് എൽ.ഡി.എഫിന്റെ കരുത്തായി മാറ്റുന്നത്. മണ്ഡലം തിരിച്ചുപിടിക്കാൻ കരുത്തനായ സാരഥിയെ തന്നെയാവും യു.ഡി.എഫും രംഗത്തിറക്കുക.

യൂത്ത് കോൺഗ്രസ് നേതാക്കളായ ബിനു ചുള്ളിയിൽ, അബിൻ വർക്കി, ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ്, ജ്യോതി വിജയകുമാർ എന്നിവരുടെ പേരുകളാണ് യു.ഡി.എഫിലുള്ളത്. ബി.ജെ.പി തെക്കൻ ജില്ല പ്രസിഡന്‍റ് സന്ദീപ് വചസ്പതി, കുമ്മനം രാജശേഖരൻ, അഡ്വ. പി.എസ്. ശ്രീധരൻപിള്ള എന്നിവരുടെ പേരുകളാണ് ബി.ജെ.പി ലിസ്റ്റിലുള്ളത്.

മണ്ഡലചിത്രം; ആർക്കും എളുപ്പം പിടികൊടുക്കില്ല

പമ്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളാൽ ചുറ്റപ്പെട്ടതും ഐതിഹ്യ പെരുമകളാൽ പുകൾപെറ്റതുമായ മണ്ഡലം. ശബരിമലയുടെ പ്രധാന പ്രവേശന കവാടം, തന്ത്രി കുടുംബം, വിഗ്രഹ നിർമാണ കേന്ദ്രം, പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ എന്നിവയുടെ ചരിത്രവുമുണ്ട്. മുന്നണിയോടും പാർട്ടിയോടും സ്ഥിരമായ ഇഷ്ടം മണ്ഡലത്തിനില്ല. തുടർച്ചയായി അഞ്ചുതവണ കോൺഗ്രസ് കൈയടക്കിവെച്ചിട്ടുണ്ട്.

2016ലാണ് എൽ.ഡി.എഫിന്റെ കൈകളിലെത്തിയത്. തുടർന്ന് മൂന്ന് തെരഞ്ഞെടുപ്പുകളിൽ ഉറച്ച കോട്ടയായി. 1951ൽ കോൺഗ്രസിന്റെ സി.പി. രാമസ്വാമി അയ്യരായിരുന്നു വിജയി. 1991 മുതൽ തുടർച്ചയായി മൂന്നുവട്ടം ശോഭന ജോർജ് വിജയിച്ചു. 2006ലും 2011ലും പി.സി. വിഷ്ണുനാഥ് (കോൺഗ്രസ്) വിജയിച്ചു. 2016ൽ അഡ്വ. കെ.കെ. രാമചന്ദ്രൻ നായരുടെ (സി.പി.എം) വേർപാടിനെത്തുടർന്ന് 2018ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാൻ വിജയിച്ചു. 2021 സജി ചെറിയാൻ മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ എം.എൽ.എയായി.

പ്രാദേശിക വിഷയങ്ങളും ചർച്ചയാകും

ശബരിമല സ്വർണക്കൊള്ള, മന്ത്രി സജി ചെറിയാന്‍റെ വിവാദപരമായ പ്രസ്താവനകൾ, സാമുദായിക പ്രീണന നയങ്ങൾ, പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന അസംതൃപ്തി ഉൾപ്പെടെ സർക്കാറിന്‍റെ ഭരണവിരുദ്ധ വികാരവും പ്രാദേശികമായ വിഷയങ്ങളും ഉയർന്നുവരും. ബ്ലോക്ക് പഞ്ചായത്തിനു പുറമെ എൽ.ഡി.എഫിന് മുളക്കുഴ, വെൺമണി, മാന്നാർ എന്നിവയാണുള്ളത്.

യു.ഡി.എഫിന് നഗരസഭ കൈവിടാതെ പുലിയൂരിൽ ഭരണത്തിൽ മേൽക്കൈ നേടാനായി. സംവരണമായതിനാൽ ഭൂരിപക്ഷം ലഭിച്ചിട്ടും പാണ്ടനാട്ടിൽ പ്രസിഡൻറ് സ്ഥാനം നഷ്ടപ്പെട്ടു. ചെറിയനാട്ട് നറുക്കെടുപ്പിൽ പ്രസിഡൻറ് സ്ഥാനവും തിരുവൻവണ്ടൂരിലും പാണ്ടനാട്ടിലും വൈസ് പ്രസിഡൻറു പദവികളും വോട്ടെടുപ്പിലൂടെ കരസ്ഥമാക്കി. ബി.ജെ.പിക്ക് ബുധനൂരിൽ ഒറ്റക്ക് ഭരണം നേടാനായി. ആലായിൽ നറുക്കെടുപ്പിലൂടെ രണ്ടു സ്ഥാനങ്ങളും തിരുവൻവണ്ടൂരിലും ചെന്നിത്തലയിലും പ്രസിഡൻറ് പദവികളും നേടാനായി.

വികസന പ്രവർത്തനങ്ങളേറെ

വികസനപ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ രണ്ടാമത്തെ മണ്ഡലമാണ് ചെങ്ങന്നൂർ. റോഡുകൾ, പാലങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രി അടക്കമുള്ള മേഖലകളിൽ ഏറെ മുന്നിലാണ്. എന്നാൽ, സമ്പൂർണ കുടിവെള്ള പദ്ധതികളിൽ ഇതുവരെ പ്രവർത്തനസജ്ജമായിട്ടില്ല. കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിനായി കെട്ടിടം പൊളിച്ചുനീക്കി ഒരു വർഷം പിന്നിട്ട ശേഷമാണ് കഴിഞ്ഞ മാസം കല്ലിട്ടത്. രാത്രികാലത്തുണ്ടായിരുന്ന വിവിധ സ്ഥലങ്ങളിലേക്കുള്ള സ്റ്റേ സർവിസുകൾ പുനഃസ്ഥാപിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ ഉദ്ഘാടനങ്ങളിൽ പലതും പ്രവൃത്തി പൂർത്തിയാകാതെ നടത്തിയെന്നാണ് ആക്ഷേപം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Will the wind in Chengannur change?
Next Story