സി.പി.എമ്മുകാർ പ്രതികളായ കേസ് പിൻവലിക്കൽ: സർക്കാർ നിർദേശം തള്ളി തളിപ്പറമ്പ് സെഷൻസ് കോടതി
text_fieldsതളിപ്പറമ്പ് (കണ്ണൂർ): എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ സി.പി.എമ്മുകാർ വധിക്കാന്‍ ശ്രമിക്കുകയും പൊലീസ് വാഹനം തകര്‍ക്കുകയും ചെയ്ത കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷ തളിപ്പറമ്പ് അഡീഷനൽ സെഷന്‍സ് കോടതി തള്ളി. കേസിലെ പ്രതികളായ 13 സി.പി.എമ്മുകാരും വിചാരണ നേരിടണമെന്നും സര്‍ക്കാറിന്റെ ഹരജി തള്ളി ജഡ്ജി കെ.എന്‍. പ്രശാന്ത് വിധിച്ചു. ഈ കേസിലെ മിക്ക പ്രതികളും മറ്റ് നിരവധി കേസുകളിൽ പ്രതിയാണെന്നും എന്ത് പൊതുതാല്‍പര്യമാണ് കേസ് പിന്‍വലിക്കുന്നതിന് പിറകിലുള്ളതെന്നും കോടതി ചോദിച്ചു.
സംസ്ഥാന നിയമസഭ അടിച്ചുപൊളിച്ച സംഭവത്തിൽ കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാർ നീക്കം ഹൈകോടതിയും സുപ്രീംകോടതിയുമുള്‍പ്പെടെ തടഞ്ഞ കാര്യവും കോടതി എടുത്തുകാട്ടി. കേസ് പിന്‍വലിക്കുന്നത് ഭരണഘടനാതത്ത്വത്തിന്റെയും സാമൂഹിക നീതിയുടെയും ലംഘനമായിരിക്കുമെന്നും ഭരണഘടന ദിനമായ ബുധനാഴ്ച പുറപ്പെടുവിച്ച വിധിയില്‍ കോടതി വ്യക്തമാക്കി.
2015 സെപ്റ്റംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. രാമന്തളി സെന്ററിന് സമീപം സി.പി.എം-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തി മടങ്ങുകയായിരുന്ന എസ്.ഐ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള പഴയങ്ങാടി സ്റ്റേഷനിലെ പൊലീസുകാരാണ് വധശ്രമത്തിനിരയായത്. രാത്രി 8.05 ഓടെ രാമന്തളി കുന്നരു ഗോള്‍ഡ് റഷ് ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബിന് സമീപത്തെ റോഡില്‍ സംഘടിച്ച 25ഓളം സി.പി.എമ്മുകാര്‍ പൊലീസ് വാഹനം തടഞ്ഞു.
തുടര്‍ന്ന് എസ്.ഐ ഷൈന്‍, സീനിയര്‍ സി.പി.ഒ എം.ബി. പ്രമോദ്, സി.പി.ഒ ടി.വി. സുനില്‍കുമാര്‍ എന്നിവരെ ആക്രമിച്ചു. പൊലീസ് വാഹനം വടിവാള്‍ കൊണ്ട് വെട്ടിനശിപ്പിച്ചു. ടി.വി. അനൂപ്, സത്യന്‍, ജിതിന്‍, ദിനേശന്‍, പ്രവീണ്‍ തുടങ്ങിയ 13 സി.പി.എമ്മുകാരാണ് കേസില്‍ പ്രതികള്‍. 2016ല്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിറകെയാണ് കേസ് പിന്‍വലിക്കാന്‍ നീക്കംതുടങ്ങിയത്
. ആഭ്യന്തര സെക്രട്ടറിക്കുവേണ്ടി കണ്ണൂർ ജില്ല കലക്ടറാണ് കേസ് പിന്‍വലിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം കേട്ടശേഷമാണ് സര്‍ക്കാറിന്റെ അപേക്ഷ തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

