‘സാങ്കേതിക തകരാർ മൂലം കാർ തനിയെ നീങ്ങി, ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടി’ - പ്രതിഭാഗം വാദങ്ങൾ തകർന്നടിഞ്ഞു; ആദിശേഖർ കൊലക്കേസിൽ നിർണായകമായി സാക്ഷിമൊഴികൾ
text_fieldsകൊല്ലപ്പെട്ട ആദിശേഖർ, പ്രതി പ്രിയരഞ്ജൻ
തിരുവനന്തപുരം: സാങ്കേതിക തകരാർ മൂലം കാർ തനിയെ നീങ്ങിയതാണെന്നും ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടിയെന്നാണ് പ്രിയരഞ്ജനായി ഹാജരായ അഭിഭാഷകൻ വാദിച്ചത്, എന്നാൽ പ്രതി ബോധപൂർവമാണ് ഈ ഹീന കൃത്യം ചെയ്തതെന്നും ഒരുവിധ യന്ത്രത്തകരാറും വാഹനത്തിനില്ലായിരുന്നെന്നുമുള്ള റിപ്പോർട്ടും പൊലീസ് കോടതിയിൽ ഹാജരാക്കി.
കൂടാതെ, കൊലപാതകത്തിനു ശേഷം പ്രിയരഞ്ജൻ വാഹനമോടിച്ച് പോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാക്കി. രക്തത്തിൽ കുളിച്ചു കിടന്ന ആദിയെ താനും കൂടി ചേർന്നാണ് പിറകെ വന്ന കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടു പോയതെന്ന് ദൃക്സാക്ഷിയായ കുട്ടി വിശദീകരിച്ച് മൊഴി നൽകിയിരുന്നു.
ആദിശേഖർ അന്നേദിവസം ഉപയോഗിച്ചിരുന്ന സൈക്കിളും പ്രതി കൃത്യത്തിന് ഉപയോഗിച്ച കാറും സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. ക്ഷേത്രനട തുറന്നതിനാൽ മുതിർന്നവർ പറഞ്ഞതിനാലാണ് തളംകെട്ടിക്കിടന്ന രക്തം വെള്ളമൊഴിച്ച് കഴുകിക്കളഞ്ഞതെന്ന് മറ്റൊരു കുട്ടി കോടതിയിൽ മൊഴി നൽകി. സാക്ഷികൾ പ്രതി പ്രിയരഞ്ജനെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു.
ആദിശേഖർ കയറിയ സൈക്കിളും കൃത്യത്തിന് ഉപയോഗിച്ച മഹീന്ദ്ര എക്സ്.യു.വി ഇലക്ട്രിക് കാറും കോടതിയിൽ സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. വിനീത് കുമാർ, അഡ്വ. ടോണി ജെ.സാം എന്നിവർ ഹാജരായി.
ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്ത പത്താം ക്ലാസുകാരൻ ആദിശേഖറിനെ (15) വഴിയിൽ കാത്തുനിന്ന് കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജൻ തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വിദ്യാർഥിയെ മനഃപൂർവം കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ശിക്ഷ വിധിച്ചത്.
പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകനാണ് കൊല്ലപ്പെട്ട ആദിശേഖര്‍. കാട്ടാക്കട ചിന്മയ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ 30 സാക്ഷികളുടെയും 43 രേഖകളുടെയും 11 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിലായിരുന്നു വിധി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളാണ് കേസിൽ നിർണായക തെളിവായത്.
2023 ആഗസ്റ്റ് 30ന് വൈകീട്ട് വീടിന് സമീപത്തെ പുളിങ്കോട് ഭദ്രകാളി ക്ഷേത്ര റോഡിൽവെച്ചായിരുന്നു മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച അരുംകൊല അരങ്ങേറിയത്. കൊലപാതകത്തിന് ദിവസങ്ങൾക്കുമുമ്പ് ക്ഷേത്രമതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിക്കുന്നത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിന് പ്രതികാരം തീർക്കാൻ ക്ഷേത്ര ഗ്രൗണ്ടിന് സമീപം കാറുമായി കാത്തുനിൽക്കുകയായിരുന്നു ഇയാൾ.
ഫുട്ബാൾ കളി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങാൻ തുടങ്ങിയ ആദിശേഖറിന് നേരെ അമിതവേഗത്തിൽ കാർ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ആദിശേഖർ മരിച്ചു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം പൊലീസ് കേസെടുത്തത്. കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ മൊഴിയും ദൃശ്യങ്ങളുമാണ് ആസൂത്രിത കൊലപാതകമെന്ന് തിരിച്ചറിയാന്‍ സഹായകമായത്.
സംഭവത്തിനു ശേഷം കാര്‍ ഉപേക്ഷിച്ച് കുടുംബവുമായി തമിഴ്നാട്ടിലേക്ക് കടന്ന പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഡി. ഷിബുകുമാറിന്റെ നേതൃത്വത്തിൽ 12ാം ദിവസം കന്യാകുമാരി കുഴിത്തുറയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.