ഫ്ലാറ്റ് പണയത്തിന് നൽകാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; സ്ത്രീ പിടിയിൽ
text_fieldsകാക്കനാട്: മലബാർ അപ്പാർട്മെന്റ്സ് എൽ.എൽ.പി എന്ന സ്ഥാപനത്തിന്‍റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതിയായ സ്ത്രീ പിടിയിൽ. തൃക്കാക്കര മലബാർ അപ്പാർട്മെന്റ്സിൽ താമസിക്കുന്ന പി.കെ. ആശയെയാണ് (55) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരുടെ മകൻ മിഥുനും (25) പിടിയിലായി. തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ കിരൺ സി. നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ചൊവ്വാഴ്ച രാത്രി 11ന് ഇടക്കൊച്ചിയിലെ ഒളിസങ്കേതത്തിൽനിന്നാണ് അമ്മയെയും മകനെയും പിടികൂടിയത്.
ഫ്ലാറ്റ് പണയത്തിന് നൽകാമെന്ന് വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ സാന്ദ്ര, മിന്റു മാണി എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഒരു കെട്ടിടം കാണിച്ച് ഒന്നിലേറെ പേരിൽനിന്ന് ഇവർ പണം തട്ടിയെടുത്തിരുന്നു. പണം നൽകി ഫ്ലാറ്റ് കിട്ടാതായവർ പരാതി നൽകിയതോടെയാണ് വ്യാപകമായി നടന്ന തട്ടിപ്പ് പുറത്തായത്.
തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ മാത്രം എട്ട് കേസുകളിലായി 64 ലക്ഷത്തിന്‍റെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കടവന്ത്ര, പാലാരിവട്ടം, ഇൻഫോപാർക്ക്, മരട് സ്റ്റേഷനുകളിലായി 14 കേസുകളിലായി രണ്ടുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയതിനും കേസുണ്ട്.
കാക്കനാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.