ട്രെയിനിൽ സ്ഫോടക വസ്തു എത്തിച്ചത് പാറപൊട്ടിക്കാനെന്ന്
text_fieldsകോഴിക്കോട് ട്രെയിനിൽനിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കളുമായി തിരുവണ്ണാമലൈ സ്വദേശി രമണി റെയിൽവേ ഉദ്യോഗസ്ഥർക്കൊപ്പം
കോഴിക്കോട്: ട്രെയിനിൽ കടത്തിയ സ്ഫോടക വസ്തുക്കളുമായി തമിഴ്നാട് സ്വദേശിനി പിടിയിൽ. തിരുവണ്ണാമലയിലെ രമണിയെയാണ് (30) വെള്ളിയാഴ്ച രാവിലെ പിടികൂടിയത്. 117 ജലാറ്റിന്‍ സ്റ്റിക്കും 350 ഡിറ്റണേറ്ററുമാണ് യുവതിയിൽനിന്ന് കണ്ടെത്തിയത്. കിണര്‍ നിര്‍മാണ തൊഴിലാളിയായ ഭര്‍ത്താവിൻെറ നിർദേശപ്രകാരമാണ് സ്ഫോടകവസ്തുക്കൾ കൊണ്ടുവന്നതെന്ന് മൊഴി നല്‍കിയതിനെ തുടർന്ന്, ഭർത്താവ് തങ്കരാജിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യംചെയ്തു. ഇദ്ദേഹവും കിണർ കുഴിക്കുേമ്പാൾ പാറപൊട്ടിക്കാനാണ് ഇവ കൊണ്ടുവന്നതെന്നാണ് വ്യക്തമാക്കിയത്.
ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ പരിശോധന നടത്തവെ തിരൂരിനും േകാഴിക്കോടിനും ഇടയിൽവെച്ച് റെയില്‍വേ സുരക്ഷസേനക്കു കീഴിലുള്ള ക്രൈം പ്രിവന്‍ഷന്‍ ഡിറ്റക്ഷന്‍ സ്ക്വാഡാണ് സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്. റെയില്‍വേ പാലക്കാട് ഡിവിഷന് സെക്യൂരിറ്റി കമീഷണര്‍ ജിതിന് ബി. രാജിെൻറ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. ഡി വണ്‍ കമ്പാർട്മെൻറില്‍ യാത്രചെയ്ത ഇവരുടെ സീറ്റിനടിയിലെ ബാഗ് സ്ക്വാഡിലെ ഹെഡ് കോൺസ്റ്റബ്ൾ വി.പി. മഹേഷ്, വിജേഷ് എന്നിവർ പരിശോധിക്കുകയും സ്ഫോടകവസ്തുശേഖരം കണ്ടെത്തിയതോടെ യുവതിയെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് ഓഫിസിലെത്തിക്കുകയുമായിരുന്നു. ചെന്നൈയിൽനിന്ന് തലശ്ശേരിയിലേക്കുള്ള ടിക്കറ്റാണ് യുവതിയുടെ പക്കലുണ്ടായിരുന്നത്.
തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലേക്ക് ഇത്തരത്തിൽ സ്ഫോടകവസ്തു കൊണ്ടുവന്നതിെന പൊലീസ് ജാഗ്രതയോടെയാണ് കാണുന്നത്. ആനിലക്കാണ് അന്വേഷണം പുരോഗമിക്കുന്നതും. സ്ഫോടകവസ്തു ശേഖരം പിടികൂടിയതറിഞ്ഞ് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഭീകരവിരുദ്ധ സ്ക്വാഡും (എ.ടി.എസ്) ആർ.പി.എഫിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. യുവതിയെക്കുറിച്ച് തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ടും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
സ്ഫോടക വസ്തുക്കളുടെ മഹസര്‍ തയാറാക്കിയശേഷം ആർ.പി.എഫ് ഇവരെ റെയില്‍വേ പൊലീസിന് കൈമാറി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.