വേളാങ്കണ്ണി മാതാവിന്റെ ‘അവതാരം’ എന്ന പേരിൽ വയോധികയെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടി; സി.സി.ടി.വി നോക്കി പ്രതിയെ പൊക്കി
text_fieldsഅടൂര്‍: വേളാങ്കണ്ണി മാതാവിന്റെ അവതാരമാണെന്ന് പറഞ്ഞ് വയോധിക ദമ്പതികളെ വിശ്വസിപ്പിച്ച ശേഷം പണവും സ്വര്‍ണാഭരണങ്ങളും കവർന്ന സ്ത്രീയെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ ആനയടി തെങ്ങമം തോട്ടുവാ തുളസി ഭവനം വീട്ടില്‍ തുളസി ( 57) ആണ് പൊലീസിന്റെ അന്വേഷണത്തില്‍ കുടുങ്ങിയത്.
ഏനാത്തു കടമ്പനാട് വടക്ക് ചുമട്താങ്ങി ഒറ്റത്തെങ്ങ് പുത്തന്‍ വീട്ടില്‍ ലീലാമ്മ (74)യാണ് കബളിപ്പിക്കപ്പെട്ടത്. ഭര്‍ത്താവിനും മരുമക്കള്‍ക്കും അപകടം സംഭവിക്കാന്‍ പോകുന്നുവെന്നാണ് ഇവര്‍ ലീലാമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഞായറാഴ്ച രാവിലെ 9.30നാണ് സംഭവം. ലീലാമ്മയും ഭര്‍ത്താവ് തങ്കച്ചനും (80) താമസിക്കുന്ന വീട്ടിലെത്തിയ സ്ത്രീ അവിടുത്തെ അവസ്ഥകളും പഴയ കാര്യങ്ങളും പറഞ്ഞു ഇവരെ വീഴ്ത്തുകയായിരുന്നു. തങ്ങളുടെ കാര്യങ്ങള്‍ കൃത്യമായ പറയുന്നത് കേട്ട് ഇവര്‍ അത്ഭുതപ്പെട്ടു. ദമ്പതികളുടെ മൂന്ന് പെണ്മക്കള്‍ കുടുംബമായി വേറെ താമസിക്കുകയാണ്. തങ്കച്ചനും തങ്ങളുടെ മരുമക്കള്‍ക്കും ആപത്ത് സംഭവിക്കാന്‍ പോകുന്നു എന്നും പ്രാര്‍ഥനയും വഴിപാടുകളും നടത്തണമെന്നും പറഞ്ഞ് ഇരുവരെയും ഭയപ്പെടുത്തി. അപകടം ഒഴിവാകണമെങ്കില്‍ 51 പേര്‍ക്ക് ഊണ് കൊടുക്കണമെന്ന് പറഞ്ഞു 5,000 രൂപ ആദ്യം കൈക്കലാക്കി.
പൈസ ഇല്ലെന്ന് ലീലാമ്മ അറിയിച്ചപ്പോള്‍ കൊന്ത ഉയര്‍ത്തി പ്രാർഥിച്ചു കൊണ്ട് വീടിന്റെ സിറ്റൗട്ടില്‍ നിന്നും ഹാളിലേക്ക് കയറിയിരുന്നു. പണം തൊട്ടപ്പുറത്തെ മുറിയിലെ അലമാരയില്‍ ഉണ്ടെന്ന് പറഞ്ഞു. ഇവരുടെ ‘അത്ഭുതസിദ്ധി’യില്‍ വീണുപോയ വീട്ടമ്മ 5,000 രൂപ അവിടെ നിന്നും എടുത്തു കൊണ്ടു കൊടുത്തു. ഈ തുക കൊണ്ട് മാത്രം ആപത്ത് മാറില്ല എന്ന് പറഞ്ഞ തുളസി കൊന്തമാല ഉയര്‍ത്തി സ്വന്തം നെഞ്ചത്തടിക്കാനും വയോധികയെ നോക്കി പ്രാർഥിക്കാനും തുടങ്ങി. തുടര്‍ന്ന്, സ്വര്‍ണാഭരണം ആവശ്യപ്പെടുകയായിരുന്നു.
ഭയന്നുപോയ ലീലാമ്മ കൈയിലെ ഒന്നേകാല്‍ പവന്‍ വരുന്ന സ്വര്‍ണ വളയും അരപ്പവന്‍ വീതം വരുന്ന മൂന്ന് മോതിരങ്ങളും രണ്ടു ഗ്രാം സ്വര്‍ണ നാണയവും ഉള്‍പ്പെടെ മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങള്‍ പ്രതിക്ക് കൈമാറുകയായിരുന്നു. പ്രാർഥിച്ച ശേഷം തിങ്കളാഴ്ച തിരികെ നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ സ്ഥലം വിടുകയും ചെയ്തു. വരുമ്പോള്‍ തനിക്ക് ഭക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇവര്‍ പോയിക്കഴിഞ്ഞാണ് കബളിപ്പിക്കപ്പെട്ട വിവരം ലീലാമ്മ തിരിച്ചറിയുന്നത്.
ഇവര്‍ പരാതിയുമായി ഏനാത്ത് പൊലീസ് സ്റ്റേഷനില്‍ എത്തി. ഇന്‍സ്പെക്ടര്‍ എ. അനൂപിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സ്ത്രീ വന്ന് പോയതിനു ശേഷം മയക്കത്തിലായെന്നും ബോധം വന്നപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നെന്നും ലീലാമ്മ പറഞ്ഞു. പ്രതിയെ വീട്ടില്‍ നിന്നും മണിക്കൂറുകള്‍ക്കകം കസ്റ്റഡിയിലെടുത്തു. വയോധികയ്ക്ക് ആകെ 2,15,000 രൂപയുടെ നഷ്ടമുണ്ടായി.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വൈദ്യപരിശോധനക്ക് ശേഷം പൊലിസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ പിങ്ക് പെട്രോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എ.എസ്.ഐ റഷീദ, എസ്.സി.പി.ഒ ജലജ എന്നിവരുടെ നേതൃത്വത്തില്‍ പത്തനംതിട്ട വനിതാ സ്റ്റേഷനിലേക്ക് മാറ്റി. ഇവരുടെ കൈയില്‍ നിന്നും സ്വര്‍ണം പൊലീസ് കണ്ടെടുത്തു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.ഐ ആര്‍. ശ്രീകുമാര്‍, എസ്.സി.പി.ഒമാരായ കലേഷ്, സുനില്‍, സി.പി.ഒ അനൂപ് എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.