പ്രസവത്തിനിടെ യുവതിയുടെ മരണം: ചികിത്സ നിഷേധിച്ച് കൊലപ്പെടുത്തിയെന്ന് ബന്ധുക്കൾ
text_fieldsകൂറ്റനാട് (പാലക്കാട്): തിരുവനന്തപുരം നേമം കാരക്കാമണ്ഡപത്ത് വീട്ടില്‍ നടന്ന പ്രസവത്തിനിടെ മരിച്ച ഷമീറയെ ഭർത്താവ് നയാസ് വിവാഹം കഴിച്ചത് അവിവാഹിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച്. പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിലെ ആറങ്ങോട്ടുകര പുത്തൻപീടികയിൽ കുഞ്ഞുമരക്കാരുടെയും (മണി) പാത്തുമ്മക്കുട്ടിയുടെയും മകളായ ഷമീറയും (36) കുഞ്ഞും രണ്ട് ദിവസം മുമ്പാണ് മരിച്ചത്.
സംഭവത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് ഷമീറയുടെ ബന്ധുക്കൾ പറയുന്നു. ഷമീറ നേരത്തേ വിവാഹിതയായിരുന്നു. ഭര്‍ത്താവിന് മാനസികാസ്വാസ്ഥ്യം പ്രകടമായതോടെയാണ് ആ ബന്ധം വേര്‍പെടുത്തിയത്. ഇതില്‍ 15 വയസ്സുള്ള മകനുണ്ട്. ആയിടക്കാണ് നേമം സ്വദേശി നയാസ് അവിവാഹിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഷമീറയെ വിവാഹം കഴിച്ചത്. ഇയാൾ വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണെന്നറിഞ്ഞതോടെ ഇരുവരും തമ്മില്‍ ചെറിയ അകല്‍ച്ചയിലായിരുന്നു. തുടർന്ന് ഷമീറ നാട്ടിലായിരുന്നു താമസം. മാതാപിതാക്കളുടെ സംരക്ഷണയില്‍ ആറങ്ങോട്ടുകരയില്‍ വാടകക്ക് താമസിക്കവേ കടകളില്‍ ഷമീറ ജോലിക്ക് നിന്നിരുന്നു. നയാസുമായുള്ള ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ആ പ്രസവമെല്ലാം സിസേറിയനിലൂടെയായിരുന്നു.
ഒരു വര്‍ഷം മുമ്പാണ് ഷമീറയെ നേമത്തേക്ക് കൂട്ടികൊണ്ടുപോയത്. അതിന് ശേഷം വീട്ടുകാരുമായി ബന്ധമുണ്ടായിരുന്നില്ല. ഗര്‍ഭിണിയായതും അറിഞ്ഞിരുന്നില്ല. ഡോക്ടറെ കാണാൻ ഷമീറയെ ഭർത്താവ് അനുവദിച്ചിരുന്നില്ല. പ്രസവസമയത്ത് ഭര്‍ത്താവിന്റെ ആദ്യ ഭാര്യയും ഒരു മകളും ആ വീട്ടിലുണ്ടായിരുന്നു.
അക്യുപങ്ചര്‍ ചികിത്സയിലൂടെ പ്രസവം നടത്താൻ നയാസ് വാശിപിടിച്ചത് ഷമീറയെ മനഃപൂര്‍വം ഒഴിവാക്കാൻ വേണ്ടിയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ചികിത്സ ലഭ്യമാക്കാന്‍ പ്രദേശവാസികളും ആശാവര്‍ക്കറും വാര്‍ഡ് കൗണ്‍സിലറുമടക്കം പരിശ്രമിച്ചിട്ടും നയാസ് വഴങ്ങാത്തത് ഈ സംശയം ബലപ്പെടുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.