146 വനിതകളിൽ 16 കമാൻഡോകൾ; വനിത ബറ്റാലിയൻ പുറത്തിറങ്ങി
text_fieldsതൃശൂർ: നിയമത്തിനും നീതിക്കും മുന്നിൽ എല്ലാവരും സമന്മാരാണെന്നും തെറ്റ് ചെയ്താൽ എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ വനിത ബറ്റാലിയൻ രണ്ടാം ബാച്ചിെൻറ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ലോക്കപ്പ് മർദനവും മൂന്നാം മുറയും പൂർണമായും അവസാനിപ്പിക്കണമെന്നാണ് സർക്കാർ നിലപാട്. മൂന്നാംമുറ െവച്ചുപൊറുപ്പിക്കില്ല. കുറ്റം തെളിയിക്കാനും വ്യക്തിവൈരാഗ്യം തീർക്കാനും മൂന്നാംമുറ സ്വീകരിക്കുന്നവർക്കു കേരള പൊലീസിൽ സ്ഥാനമുണ്ടാകില്ല. ചിലരുടെ പ്രവൃത്തികൾ മൂലം പൊലീസ് സേനയുടെ ആകെ നേട്ടങ്ങൾ കുറച്ച് കാണുന്ന സ്ഥിതിയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാനം വനിതകൾക്ക് വലിയതോതിലുള്ള ആദരവും അംഗീകാരവുമാണ് നൽകുന്നത്. വിവിധ മേഖലകളിൽ തുല്യത ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം. സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്തുന്നതിലൂടെ സ്ത്രീശാക്തീകരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളാപൊലീസ് വനിത പ്രാതിനിധ്യം വർധിപ്പിക്കാൻ തീരുമാനിച്ചത് ഇതിെൻറ ഭാഗമായാണ്. ഇത്തരം നടപടികൾ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരിശീലനം പൂർത്തിയാക്കിയ 146 വനിതകളിൽ 16 പേർ കമാൻഡോകളാണ്. 29 ബിരുദാനന്തര ബിരുദധാരികളും അഞ്ച് ബി.ടെക് ബിരുദധാരികളും മൂന്ന് കമ്പ്യൂട്ടർ ബിരുദാനന്തര ബിരുദധാരികളും. 25 പേർ ബി.എഡ് കഴിഞ്ഞവർ. 55 ബിരുദധാരികളും മൂന്നു എം.ബി.എക്കാരും നാലു ഡിപ്ലോമക്കാരും രണ്ടു ടി.ടി.സിക്കാരുമുണ്ട്. അടിസ്ഥാനപരിശീലനത്തിന് പുറമെ കമാൻഡോ പരിശീലനം, കളരി, കരാട്ടെ, യോഗ, നീന്തൽ, ഡ്രൈവിങ്, കമ്പ്യൂട്ടർ തുടങ്ങിയവയിലും പരിശീലനം നൽകി.
മികച്ച ഓൾ റൗണ്ടർ ആയി കെ. നിത്യ, ഔട്ട്ഡോർ വി. കൃഷ്ണപ്രിയ, ഇൻഡോർ എൻ.എസ്. നജില, ആത്മസമർപ്പണം എം. നിവ്യ, ഷൂട്ടർ ആശ ടി. സെബാസ്റ്റ്യൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പൊലീസ് ദേശീയ മീറ്റിൽ സ്വർണമെഡൽ നേടിയ കാസർകോട് ഡോഗ് സ്‌ക്വാഡിലെ നായ ബഡ്‌ഡി, ഹാൻഡ്‌ലർ കെ. അജീഷ്, അസി. ഹാൻഡ്‌ലർ മനു സി. ചെറിയാൻ, സ്വർണമെഡൽ ജേതാവ് കെ.ആർ. രതീഷ്, വെള്ളിമെഡൽ നേടിയ ടി.ആർ. ശരത്കുമാർ, കമ്പ്യൂട്ടർ പ്രോഗ്രാമിൽ മെഡൽ ജേതാക്കളായ ജെ. ജോൺസ് രാജ്, ജിതിൻ ജോർജ്, പി.ജെ. സിൽജോ, കെ. ആർ. ഫെബിൻ എന്നിവരെ ആദരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.