ഹാദിയയെ തടവിൽ നിന്ന് മോചിപ്പിച്ച് വൈദ്യസഹായം നൽകണമെന്ന് വനിത കൂട്ടായ്മ
text_fieldsകൊച്ചി: വീട്ടുതടങ്കലിൽ കഴിയുന്ന ഡോ. ഹാദിയയെ മോചിപ്പിച്ച് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വനിത കൂട്ടായ്മ. ആഗസ്റ്റ് 30ന് കാണാൻ ചെന്നപ്പോഴാണ് ദയനീയ അവസ്ഥ മനസ്സിലാക്കിയതെന്ന് കൂട്ടായ്മയിലെ മൃദുല ഭവാനിയും പി. സജ്നയും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ‘ഇവിടെ നിന്ന് രക്ഷിക്കൂ, ഉപദ്രവിക്കുന്നു’ എന്ന് ജനാലക്കരികിലെത്തി ഉറക്കെ കരഞ്ഞ ഹാദിയയെ ആരോ വലിച്ചു കൊണ്ടു പോകുന്നതാണ് കണ്ടത്.
ഹാദിയയെ ഉപദ്രവിക്കുന്നതായി കാവലിരുന്ന പൊലീസുകാരും നിലവിളി ശബ്ദം കേൾക്കാറുള്ളതായി സമീപവാസികളും പറഞ്ഞതായി മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. യൂത്ത് കമീഷൻ, വനിത കമീഷൻ, മനുഷ്യാവകാശ കമീഷൻ എന്നിവയിൽ പരാതി നൽകിയെങ്കിലും ആവശ്യമായ നടപടിയുണ്ടായില്ല. സംസ്ഥാന സർക്കാർ തുടക്കം മുതൽ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല. കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഹാദിയയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കയുള്ളതിനാൽ ഉടൻ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കും.
നീതി നിഷേധം തുടരുകയാണെങ്കിൽ വനിത കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രത്യക്ഷ പ്രതിഷേധം തുടങ്ങും. നാലുമാസമായി വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയക്ക് അടിയന്തരമായി വൈദ്യപരിശോധന നടത്തണം. മാനസിക നില കൂടുതൽ അപകടത്തിലാകുന്നതിനു മുമ്പ് മൊഴി രേഖപ്പെടുത്തണമെന്നും വനിത കൂട്ടായ്മ പ്രവർത്തകരായ കുഞ്ഞില, പി.കെ. ജാസ്മിൻ, നിമ്മി എന്നിവർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.