രാഹുലിനെതിരെ കോൺഗ്രസിലെ വനിതാ നേതാക്കൾ; ‘എം.എൽ.എ സ്ഥാനം രാജിവെച്ചേ പറ്റൂ, തെറ്റുകാരനല്ലെങ്കിൽ കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ട്?’
text_fieldsഷാനിമോൾ ഉസ്മാൻ, ഉമ തോമസ്, ബിന്ദു കൃഷ്ണ
കോഴിക്കോട്: ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി കൂടുതൽ വനിതാ നേതാക്കൾ രംഗത്ത്. ഉമ തോമസ് എം.എൽ.എ, മുൻ എം.എൽ.എ ഷാനിമോള്‍ ഉസ്മാന്‍, ദീപ്തി മേരി വര്‍ഗീസ്, മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ബിന്ദു കൃഷ്ണ എന്നിവരാണ് രംഗത്തെത്തിയത്.
രാഹുൽ എം.എൽ.എ സ്ഥാനം രാജിവെച്ചേ പറ്റൂവെന്ന് ഉമ തോമസ് വ്യക്തമാക്കി. രാഹുൽ ഇങ്ങനെയാണെന്ന സൂചന പോലും കിട്ടിയില്ല. രാഹുൽ ഇങ്ങനെയെന്ന് അറിഞ്ഞപ്പോൾ ഷോക്കായി. തെറ്റുകാരനല്ലെങ്കിൽ കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച ഉമ തോമസ്, കോൺഗ്രസ് സ്ത്രീകൾക്കൊപ്പമെന്നതിൽ സംശയമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ മാറി നില്‍ക്കണമെന്ന് തന്നെയാണ് തന്‍റെ നിലപാടെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. രാഹുലിന്‍റെ കാര്യത്തില്‍ കോൺഗ്രസ് മാതൃകപരമായ തീരുമാനം എടുക്കും. നിയമമോ, പരാതിയോ അല്ല, ധാർമികത തന്നെയാണ് വിഷയം. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും കോൺഗ്രസ് എടുക്കുന്ന പോലൊരു തീരുമാനം എടുക്കാൻ സാധിക്കില്ല. കോൺഗ്രസിന്റേത് വിപ്ലവകരമായ നടപടിയാണ്. സ്ത്രീകളുടെ മനഃസാക്ഷിയോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും ഷാനിമോള്‍ ചൂണ്ടിക്കാട്ടി.
രാഹുലിനെതിരായ ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്നത് അന്വേഷണത്തിൽ തെളിയട്ടെയെന്ന് ദീപ്തി മേരി വർഗീസ് പ്രതികരിച്ചു. ഒരു തെളിവുമില്ലെങ്കിലും രാഹുല്‍ മാറി നിൽക്കണമെന്നാണ് കോൺഗ്രസ് നിലപാട് സ്വീകരിച്ചത്. ഇപ്പോൾ പുറത്ത് വരുന്ന ചാറ്റുകളും ശബ്ദരേഖകളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് പുറത്തു വരുന്നത്. ഇതൊക്കെ തെളിയിക്കപ്പെടേണ്ട കാര്യങ്ങളാണ്.
രാഹുലിന്റെ രാജി കോൺഗ്രസിന്റെ മേലുള്ള കളങ്കമല്ല, ആര് എന്ത് തെറ്റ് ചെയ്താലും അതിന്റെ ഉത്തരവാദിത്തം അതത് വ്യക്തികള്‍ക്കാണ്. ഇതിന്‍റെ ബാധ്യത ഏറ്റെടുക്കേണ്ട ആവശ്യം കോൺഗ്രസിനില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തിരുത്തേണ്ടത് അതത് വ്യക്തികളാണെന്നും ദീപ്തി മേരി വര്‍ഗീസ് ചൂണ്ടിക്കാട്ടി.
രാഹുലിനെതിരെ എത്രയും വേഗം കോൺഗ്രസ് ഉചിത തീരുമാനമെടുക്കുമെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി. പുറത്ത് വന്ന ആരോപണങ്ങൾ ഒരു പൊതുപ്രവർത്തകനിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തത്. ഇത്തരമൊരു ആരോപണം ഉയർന്ന് 24 മണിക്കൂറിനുള്ളിൽ പാർട്ടി ആദ്യഘട്ടത്തിൽ തീരുമാനമെടുത്തിരുന്നു. രണ്ടാം ഘട്ടത്തിലും പാർട്ടി ഉടൻ തീരുമാനം എടുക്കും.
സാധാരണ വ്യക്തിയിൽ നിന്ന് പോലും ഇത്തരം ചിന്തകൾ പോലും ഉണ്ടാകാൻ പാടില്ല. ജനപ്രതിനിധിയില്‍ നിന്നും ജനങ്ങള്‍ക്ക് മാതൃകയാകേണ്ട ആളില്‍ നിന്നും ഒരിക്കലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. അത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ടെന്നും സ്ത്രീകളുടെ സുരക്ഷയാണ് പ്രധാനമെന്നും ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി.
രാഹുലിന്‍റെ കാര്യത്തിൽ കോൺഗ്രസ് പാർട്ടി കൃത്യമായ സമയത്ത് കൃത്യമായ നിലപാട് എടുത്തുവെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം.പി പറഞ്ഞു. ഔദ്യോഗികമായി ഒരു പരാതി പോലും ലഭിക്കും മുമ്പ് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെച്ചു. കോൺഗ്രസ് സ്ത്രീപക്ഷത്ത് എന്ന് തെളിയിക്കുന്ന നടപടിയായിരുന്നു അത്.
സി.പി.എമ്മിനെ പോലെ ന്യായീകരണങ്ങളിലേക്ക് കോൺഗ്രസ് പോയില്ല. കാര്യങ്ങൾ പരിശോധിക്കപ്പെടണമെന്ന് തന്നെയാണ് നിലപാട്. എന്നാൽ, സ്ത്രീകൾക്ക് എതിരെയുള്ള സൈബർ ആക്രമണങ്ങൾ അംഗീകരിക്കില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു.
രാഹുൽ എം.എൽ.എ സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന് യു.ഡി.എഫിനൊപ്പം നിൽക്കുന്ന ആർ.എം.പി.ഐ നേതാവും എം.എൽ.എയുമായ കെ.കെ. രമയും ആവശ്യപ്പെട്ടു.
അതേസമയം, രാഹുൽ വിഷയത്തിൽ രൂക്ഷ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും രാഹുലിന്‍റെ വിഷയത്തിൽ പാർട്ടി ഉടൻ തീരുമാനം പ്രഖ്യാപിക്കുമെന്നും മുരളീധരൻ പറഞ്ഞു.
രേഖാമൂലം പരാതിയില്ലാത്ത സാഹചര്യത്തിലും ആരോപണം ഉയർന്നപ്പോൾ തന്നെ രാഷ്ട്രീയ ധാർമികതയുടെ പേരിൽ പാർട്ടി ആവശ്യപ്പെട്ട പ്രകാരം രാഹുൽ അധ്യക്ഷ പദവി രാജിവെച്ചു. തുടർനടപടി വേണ്ടെന്നാണ് പാർട്ടി തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോൺ സംഭാഷണങ്ങൾ പ്രശ്നത്തിന്‍റെ ഗൗരവം വർധിച്ചിട്ടുണ്ട്.
അതോടൊപ്പം, സംഭാഷണത്തിന്‍റെ ആധികാരികത പരിശോധിക്കേണ്ടതുണ്ട്. കാര്യങ്ങളെ കുറിച്ച് പഠിച്ച് ഉചിതമായ നടപടി പാർട്ടി സ്വീകരിക്കും. കുറ്റാരോപിതരെ സംരക്ഷിക്കില്ല. എന്നാൽ, കാര്യങ്ങൾ ബോധ്യപ്പെടുകയും വേണം. രാഹുലിനെതിരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. ഫോൺ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസിന് അന്വേഷണം നടത്താം.
'പലർക്കും പല അസുഖങ്ങൾ ഉണ്ടെങ്കിൽ അത് എങ്ങനെ മനസിലാക്കാൻ കഴിയുക. അതൊക്കെ രോഗം പുറത്തു വരുമ്പോഴല്ലേ അറിയൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിശാലമായ സമീപനമാണ് പാർട്ടി സ്വീകരിച്ചത്. ഭാവിയുള്ള ചെറുപ്പക്കാരനെ നിയമസഭയിൽ എത്തിക്കണമെന്നത് പാർട്ടിയുടെ വികരമായിരുന്നു. അതനുസരിച്ചാണ് രാഹുലിനെ സ്ഥാനാർഥിയാക്കിയത്. അതിൽ ഭയക്കേണ്ട കാര്യമില്ല. ബി.ജെ.പിയുടെ എം.എൽ.എ വേണമെന്ന് എൽ.ഡി.എഫിന് നിർബന്ധമില്ലെങ്കിൽ പാലക്കാട് ബി.ജെ.പി ജയിക്കാൻ പോകുന്നില്ല. ഇനി തെരഞ്ഞെടുപ്പ് വേണമോ എന്ന കാര്യവും നമ്മൾ ചിന്തിക്കണം.
ഇത്തരം കാര്യങ്ങൾ എങ്ങനെ മുൻകൂട്ടി കാണാൻ കഴിയും. ആര് എവിടെയൊക്കേ മതിൽ ചാടുന്നുവെന്ന് ആർക്കറിയാം. നിലവിൽ നിയമസഭയിൽ ഉള്ളവരുടെ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മാറ്റി നിർത്തുന്നില്ല. മുകേഷ് രാജിവെച്ചിട്ടില്ല എന്നത് ശരിയാണ്. സംഭാഷണം പുറത്തുവന്ന സാഹചര്യത്തിൽ പ്രശ്നം ഗൗരവമുള്ളതാണ്. അതിന് അനുസരിച്ചുള്ള നടപടി പാർട്ടി സ്വീകരിക്കും' -മുരളീധരൻ വ്യക്തമാക്കി.
ഈ വിഷയത്തിൽ തുറന്ന നിലപാടാനാണ് കോൺഗ്രസിനുള്ളത്. ജനങ്ങളുടെ സംശയങ്ങൾക്ക് അറുതി വരുത്തുക എന്നതാണ് പാർട്ടി നയം. തീരുമാനം വൈകാതെ വരുമെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തലയും രാഹുലിന്‍റെ രാജി ആവശ്യപ്പെട്ടു. ഇനിയും വെളിപ്പെടുത്തലുകൾക്ക് സാധ്യതയുള്ളതിനാൽ രാഹുൽ എം.എൽ.എ പദവിയിൽ തുടരുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് ചെന്നിത്തല വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ് ദാസ് മുൻഷി എന്നിവരുമായുള്ള ചർച്ചയിലാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.
ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകൾ ഉയരുന്ന സാഹചര്യത്തിൽ രാഹുൽ ജനപ്രതിനിധി പദവിയിൽ തുടരുന്നത് തദ്ദേശ -നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ദോഷമായി ബാധിക്കുമെന്നാണ് ചെന്നിത്തല അറിയിച്ചത്. ഇത് ഹൈകമാൻഡിനെയും അദ്ദേഹം അറിയിച്ചു. ഒരു നിമിഷം പോലും അദ്ദേഹം സ്ഥാനം തുടരരുതെന്ന് ചെന്നിത്തല കർശനമായി നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.