സ്ത്രീകളെ പകല്‍ മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ; പരാതിയിൽ കേസെടുത്തില്ലെങ്കിൽ എന്തുകൊണ്ടെന്ന് അറിയിക്കണം
text_fieldsതിരുവനന്തപുരം: സ്ത്രീകളെ പകല്‍ മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂവെന്നും രാത്രിയില്‍ സ്ത്രീകളുടെ അറസ്റ്റ് പാടില്ലെന്നും നിർദേശം. പൊലീസ് നടപടിക്രമം സംബന്ധിച്ച പൗരാവകാശ രേഖയിലാണ് പുതിയ നിർദേശം ഉൾപ്പെടുത്തിയത്.
പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ കഴിയില്ലെങ്കില്‍ എന്തുകൊണ്ട് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന കാരണം പരാതിക്കാരനെ രേഖാമൂലം അറിയിക്കണം. അറസ്റ്റ് മെമ്മോയില്‍ അറസ്റ്റിലാകുന്ന വ്യക്തിയുടെ കുടുംബാംഗമോ പ്രദേശത്തെ പ്രമുഖ വ്യക്തിയോ സാക്ഷ്യപ്പെടുത്തണം. അറസ്റ്റിലാകുന്നവര്‍ക്ക് അഭിഭാഷകനുമായി സംസാരിക്കാന്‍ അവസരമൊരുക്കണം.
കസ്റ്റഡിയിലുള്ളവരെ ഓരോ രണ്ടു ദിവസം കൂടുമ്പോഴും (48 മണിക്കൂര്‍) മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കണം. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ പേരും ഔദ്യോഗിക പദവിയും വ്യക്തമാക്കുന്ന നെയിംബോര്‍ഡ് ധരിച്ചിരിക്കണം. സ്ത്രീകളുടെ പരാതി സ്വീകരിക്കാന്‍ സ്റ്റേഷനില്‍ വനിത ഉദ്യോഗസ്ഥയുണ്ടാകണം.
അറസ്റ്റിലാകുന്ന വ്യക്തികളെ അവരുടെ സമ്മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പോളിഗ്രാഫ്/ലൈ ഡിറ്റക്റ്റർ ടെസ്റ്റിന് വിധേയമാക്കാവൂ. വ്യക്തി അറസ്റ്റിനെ എതിർക്കുകയാണെങ്കിൽ, അറസ്റ്റ് നടപ്പാക്കാൻ പൊലീസ് ഉദ്യോഗസ്ഥന് ആവശ്യമായത്ര ബലം പ്രയോഗിക്കാം. ഉപയോഗിക്കുന്ന ബലം യഥാർഥ ആവശ്യത്തിന് ആനുപാതികമായിരിക്കണം. അറസ്റ്റിലാകുന്ന ഒരു വ്യക്തിയും രക്ഷപ്പെടുന്നത് തടയാൻ ആവശ്യമായതിലും കൂടുതൽ നിയന്ത്രണമേർപ്പെടുത്താൻ പാടില്ലെന്നും പൗരാവകാശരേഖയിൽ വ്യക്തമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.