എങ്ങുമെത്താതെ തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ; അട്ടിമറിക്കപ്പെട്ട് ‘പോഷ്’ നിയമം
text_fieldsപാലക്കാട്: തൊഴിലിടത്തിലെ സ്ത്രീകൾക്കു നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്ന ‘പോഷ്’ നിയമം നിലവിൽവന്നിട്ട് 12 വർഷമായിട്ടും നടപ്പാക്കുന്നതിൽ വൻ വീഴ്ച. പത്തിലധികം ജീവനക്കാരുള്ള എല്ലാ തൊഴിലുടമകളും സ്ഥാപനങ്ങളിൽ സ്ത്രീകൾക്കെതിരായ പീഡനം തടയാൻ ആഭ്യന്തര കമ്മിറ്റി രൂപവത്കരിച്ച് അവർ തയാറാക്കിയ വാർഷിക റിപ്പോർട്ട് ജില്ല ഓഫിസറായ കലക്ടർക്ക് സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, നാമമാത്ര റിപ്പോർട്ടുകളാണ് കലക്ടർമാർക്ക് ലഭിച്ചത്.
മാത്രമല്ല, സുപ്രീംകോടതിയിൽനിന്ന് ആവർത്തിച്ച് നിർദേശങ്ങളുണ്ടായിട്ടും നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ചയാണ് വരുത്തുന്നതെന്ന് ജില്ലകളിൽനിന്നുള്ള വിവരാവകാശ മറുപടികൾ വെളിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം വയനാട് ജില്ല കൃഷി ഓഫിസിൽ ‘പോഷ്’ നിയമ പ്രകാരം ആഭ്യന്തരകമ്മിറ്റിക്ക് ലൈംഗികാതിക്രമ പരാതി നൽകിയ ജീവനക്കാരി ആത്മഹത്യാശ്രമം നടത്തിയതുതന്നെ നിയമനടപടികൾ ഏട്ടിലൊതുങ്ങിയതിന്റെ ഉദാഹരണമാണ്.
2013ൽ നടപ്പിൽവന്ന നിയമപ്രകാരം ആഭ്യന്തര കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കാത്ത തൊഴിലുടമകൾക്കെതിരെ വകുപ്പ് 26(1) സി പ്രകാരം നടപടിയെടുക്കാമെങ്കിലും ‘നടപടിയെടുക്കാൻ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ല’ എന്നായിരുന്നു ദേശീയ വിവരാവകാശ കൂട്ടായ്മക്ക് മലപ്പുറം കലക്ടറുടെ കാര്യാലയത്തിൽനിന്ന് നൽകിയ മറുപടി. ആഭ്യന്തര കമ്മിറ്റി വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കാത്ത തൊഴിലുടമകൾക്കെതിരെ ആദ്യ ഘട്ടത്തിൽ 50,000 രൂപ വരെ പിഴയും നിയമലംഘനം ആവർത്തിച്ചാൽ ഇരട്ടിത്തുക പിഴയും ലൈസൻസ് റദ്ദാക്കലും സ്വീകരിക്കാമെന്നാണ് നിയമത്തിലെ വ്യവസ്ഥ.
നിയമത്തെ ദുർവ്യാഖ്യാനം ചെയ്ത മലപ്പുറം ജില്ല കലക്ടറുടെ കാര്യാലയത്തിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കെതിരെയും, ഡെപ്യൂട്ടി കലക്ടർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വിവരാവകാശ കൂട്ടായ്മ കോഓഡിനേറ്റർ കെ.വി. ഷാജി ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.
ആഭ്യന്തര കമ്മിറ്റികളിലെ പ്രിസൈഡിങ് ഓഫിസര്‍ സ്ത്രീ ആയിരിക്കണമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും 18ഓളം സ്ഥാപനങ്ങളില്‍ പുരുഷന്മാരാണ് പ്രിസൈഡിങ് ഓഫിസര്മാരെന്നും സ്ത്രീ സൗഹൃദ സംഘടനയായ ‘സഖി’ വിമന്‍സ് റിസോഴ്സ് സെന്ററിന് നൽകിയ വിവരാവകാശ മറുപടിയിൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, അതീവ രഹസ്യമാകേണ്ട ആഭ്യന്തര കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പുപോലും ഉദ്യോഗസ്ഥർ വിവരാവകാശ മറുപടിയായി തന്നതായി സഖി സെക്രട്ടറി അഡ്വ. ജെ. സന്ധ്യ പറഞ്ഞു.
ഒരു വർഷം മുമ്പ് ‘സഖി’ നടത്തിയ പഠനത്തിൽ നിയമത്തിന്റെ നടത്തിപ്പ് സർക്കാർ സ്ഥാപനങ്ങളിൽപോലും പൂർത്തിയായില്ലെന്ന് വെളിപ്പെട്ടിരുന്നു. ‘പോഷ്’ നിയമത്തിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നാണ് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പരിശീലനങ്ങളും ബോധവത്കരണവും ജീവനക്കാര്‍ക്ക് നല്‍കണമെന്നത്.
അവ കാര്യമായി നടക്കുന്നില്ലെന്നു മാത്രമല്ല, പ്രത്യേക ഫണ്ടും നീക്കിവെച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.