ബി.എൽ.ഒമാർക്ക് അടുത്ത പ്രഹരം ഫോം വിതരണം കഴിഞ്ഞില്ല; പിന്നാലെ ഡേറ്റ എൻട്രി ഭാരവും
text_fieldsതിരുവനന്തപുരം: ഫോം വിതരണവും തിരികെ വാങ്ങലും മാത്രമല്ല, ബി.എൽ.ഒമാർക്ക് ഭാരിച്ച ജോലി ഇനി വരാനിരിക്കുന്നതേയുള്ളൂ. ശേഖരിച്ച ഫോമുകളിലെ വിവരങ്ങൾ മൊബൈൽ ആപ് വഴി അപ്ലോഡ് ചെയ്യലാണ് അടുത്ത പണി. ഇതിനുള്ള പരിശീലനം തിങ്കളാഴ്ച ആരംഭിക്കും. ഓരോ നിയമസഭ മണ്ഡലത്തിലെയും തെരഞ്ഞെടുത്ത ഒരു ബി.എൽ.ഒക്കാണ് കലക്ടറുടെ നേതൃത്വത്തിൽ ഡേറ്റ എൻട്രി നടപടികളിൽ പരിശീലനം നൽകുന്നത്. ഇവർ മറ്റുള്ള ബി.എൽ.ഒമാർക്ക് പരിശീലനം നൽകണം.
ഫോമിലെ വിവരങ്ങൾ മൊബൈൽ ഫോൺ പരിമിതിക്കുള്ളിൽ ആപിൽ നൽകണം. വോട്ടർമാർ ഫോട്ടോ നൽകിയാൽ അതും ശേഷം ഫോം ഒന്നാകെയും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഒരു വോട്ടറുടെ ഫോം അപ്ലോഡ് ചെയ്യാൻ ചുരുങ്ങിയത് 10 മിനിറ്റ് വേണം. 1200 പേരുള്ള ഒരു വാർഡിലെ മുഴുവൻ വിവരങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ വേണ്ടത് 200 മണിക്കൂർ. ഒരു സെക്കൻഡ് പോലും പാഴാക്കാതെ എട്ടുദിവസം ചെലവഴിച്ചാലാണ് അപ്ലോഡിങ് പൂർത്തിയാക്കാനാവുക.
ഈ നിലയാണെങ്കിൽ ഡിസംബർ നാലിന് വിവരശേഖരണം പൂർത്തിയാക്കാനും ഒമ്പതിന് കരട് പട്ടിക പുറത്തിറക്കാനുമാകില്ല. ഇത് മുന്നിൽകണ്ടാണ് എന്യൂമറേഷൻ ഘട്ടമെങ്കിലും നീട്ടണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടത്. കേന്ദ്ര കമീഷനാണ് സമയച്ചട്ടം നിശ്ചയിച്ചതെന്നും ഇളവുണ്ടാകില്ലെന്നുമാണ് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിലപാട്.
വിതരണം വേഗം പൂർത്തിയാകുമെന്നാണ് കമീഷൻ പറയുന്നതെങ്കിലും താഴേത്തട്ടിൽ അതല്ല സ്ഥിതി. എസ്.ഐ.ആർ സംബന്ധിച്ച പൊതുജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ബി.എൽ.ഒമാർക്ക് അധികസമയം വേണ്ടിവരുന്നു. ദിവസം 10 മണിക്കൂർ പണിയെടുത്താലും പരമാവധി 20 വീടുകളേ കയറാൻ കഴിയൂ. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദവും അച്ചടക്കനടപടി ഭീഷണികളുംകൂടിയാകുമ്പോൾ കടുത്ത സമ്മർദത്തിലാണ് ബി.എൽ.ഒമാർ.
ഒരു ബൂത്തിൽ 1300-1400 വോട്ടർമാരാണുള്ളത്. ഇത് നിലമ്പൂർ മാതൃകയിൽ 1200 ആയി പരിമിതിപ്പെടുത്തുമെന്നായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞിരുന്നത്. ഇങ്ങനെ ക്രമീകരിക്കുമ്പോൾ 6300 ഓളം പുതിയ ബി.എൽ.ഒമാരെകൂടി കണ്ടെത്തുമെന്നും വ്യക്തമാക്കിയിരുന്നു. എന്യൂമറേഷൻ ഫോം വിതരണം തുടങ്ങി രണ്ടുദിവസം പിന്നിട്ടപ്പോഴാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ബി.എൽ.ഒ പട്ടികയിൽ ഉൾപ്പെട്ടത് ആശയക്കുഴപ്പമുണ്ടാക്കിയത്. തദ്ദേശ ഡ്യൂട്ടിയിലുള്ള ജീവനക്കാരെ ഒഴിവാക്കി പകരം ബി.എൽ.ഒമാരെ കണ്ടെത്താൻ നെട്ടോട്ടമായി. ഇതോടെ ‘ഒരു ബൂത്തിൽ 1200 പേർ’ എന്ന തീരുമാനം അട്ടിമറിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

