ഗവിയിലും സൂര്യനെല്ലിയിലും വർക്കേഷൻ സൗകര്യം, വാഗമണിൽ പ്രീമിയം പോഡ് സ്റ്റേ; ‘ഷോള’ ബ്രാൻഡ് ഉദ്ഘാടനം ചെയ്ത് സതീശൻ
text_fieldsകെ.എഫ്.ഡി.സി ഇക്കോടൂറിസം കേന്ദ്രങ്ങളിൽ ഒരുക്കുന്ന ‘ഷോള’ബ്രാൻഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുന്നു
തിരുവനന്തപുരം: ജൈവവൈവിധ്യത്തെ തകർക്കുന്നത് മനുഷ്യന്റെ നിലനിൽപ് തന്നെ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള വനവികസന കോർപറേഷന്റെ (കെ.എഫ്.ഡി.സി) ഇക്കോടൂറിസം കേന്ദ്രങ്ങളിൽ താമസിച്ച് ജോലിചെയ്യാൻ കഴിയുന്ന സൗകര്യങ്ങൾ ഗവിയിലും സൂര്യനെല്ലിയിലും ഒരുക്കുന്ന ‘ഷോള’ ബ്രാൻഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ജൈവവൈവിധ്യം ലോകോത്തരമാണ്. സമാനതകളില്ലാത്ത അനുഭവം വിനോദസഞ്ചാരികൾക്ക് നൽകാൻ വനം വകുപ്പിന്റെ പുതിയ സംരംഭങ്ങൾക്ക് കഴിയും. ഇക്കോടൂറിസം കേന്ദ്രങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന താൽക്കാലിക സംവിധാനമായ പോഡുകൾ കേരളത്തിന്റെ സാഹചര്യങ്ങൾക്ക് ഏറെ അനുകൂലമാണ്. മൂല്യവർധന ഉറപ്പാക്കി കേരളത്തിന്റെ പ്രത്യേകതയാർന്ന ഉൽപന്നങ്ങൾ കൂടുതലായി വികസിപ്പിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.എഫ്.ഡി.സി ഉൽപാദിപ്പിക്കുന്ന തേയിലയും കാപ്പിയും വിപണനം ചെയ്യുന്ന ‘ആത്മ’എന്ന ബ്രാൻഡിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. വനംമന്ത്രി ഷിബു ബേബി ജോൺ അധ്യക്ഷത വഹിച്ചു. വനാതിർത്തി പ്രദേശങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയാണെന്നും ഈ സാധ്യത സാമൂഹിക- സാമ്പത്തിക പുരോഗതിയുടെ ഭാഗമാക്കുന്നതിനുമായി മുന്നോട്ടുവെക്കുന്ന പ്രീമിയം ബയോഡൈവേഴ്സിറ്റി എക്സ്പീരിയൻസ് എന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് പദ്ധതികൾ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പ് സെക്രട്ടറി കെ. ബിജു, നജീബ് കാന്തപുരം എം.എൽ.എ, വനംമേധാവി രാജേഷ് രവീന്ദ്രൻ, കെ.എഫ്.ഡി.സി എം.ഡി രാജു കെ. ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
അതിനിടെ, ഇടുക്കിയിൽ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വനാതിർത്തിയോട് ചേർന്ന തോട്ടങ്ങളിൽ വൈകീട്ട് ആറുമുതൽ രാവിലെ ആറ് വരെ മനുഷ്യസഞ്ചാരവും ജോലികളും നിരോധിച്ച് ജില്ല കലക്ടർ ഉത്തരവിട്ടു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ടാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. പീരുമേട്, മൂന്നാർ, ഉടുമ്പൻചോല ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻമാർക്ക് നിർദേശം കർശനമായി നടപ്പാക്കാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

