‘പുഴുവിനെ ഇട്ട അധ്യാപകൻ 2020ൽ കോൺഗ്രസ് സ്ഥാനാർഥി, ‘21ൽ ഡിവൈഎഫ്ഐയിൽ ചേർന്നു; പി. സരിൻ എന്തെങ്കിലും ചെയ്താൽ പാപഭാരം കോൺഗ്രസിനല്ല’ -ഡോ. ജിന്റോ ജോൺ
text_fieldsകൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് ആരോപിച്ചതിന് അറസ്റ്റിലായ കായികാധ്യാപകൻ ജിജോ ജയിംസിന്റെ രാഷ്ട്രീയബന്ധത്തെച്ചൊല്ലി വിവാദം. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജിജോ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചതിന്റെ പോസ്റ്റർ ചൂണ്ടിക്കാട്ടി ഇദ്ദേഹം കോൺഗ്രസുകാരനാണെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടന്നിരുന്നു. എന്നാൽ, കോൺഗ്രസ് പ്രവർത്തകനാണെന്ന പ്രചാരണം തെറ്റാണെന്നും 2021ൽ പാർട്ടി വിട്ട് സി.പി.എം പക്ഷത്തേക്ക് മാറിയതാണെന്നും കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ പറയുന്നു.
‘2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജിജോ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നുവെങ്കിലും പാർട്ടി വിമതനാണ് വിജയിച്ചത്. തെരഞ്ഞെടുപ്പിന് പിന്നാലെ വിമത സ്ഥാനാർഥിയെയും അദ്ദേഹത്തെ പിന്തുണച്ചവരെയും കോൺഗ്രസിലേക്ക് തിരിച്ചെടുത്തതിലുള്ള പ്രതിഷേധത്തിൽ 2021ൽ ജിജോ പാർട്ടി വിട്ടു’ -ജിന്റോ ജോൺ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
‘അന്നത്തെ സി.പി.എം ലോക്കൽ സെക്രട്ടറി ജോർജി ജോയിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ അംഗത്വം നൽകി ജിജോയെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നു. കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന കാലത്ത് കെ.പി.എസ്.ടി.എ അംഗമായിരുന്നെങ്കിലും പാർട്ടി വിട്ടശേഷം അധ്യാപക സംഘടനയിലെ അംഗത്വം പുതുക്കിയിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷമായി കോൺഗ്രസിന്റെയോ അനുഭാവ അധ്യാപക സംഘടനയുടെയോ പ്രവർത്തനങ്ങളിൽ ജിജോ പങ്കെടുത്തിട്ടില്ല. നിലവിൽ അംഗത്വവുമില്ല. മുൻകാല രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടി ഇപ്പോഴും കോൺഗ്രസ് പ്രവർത്തകനായി ചിത്രീകരിക്കുന്നത് തെറ്റാണ്’ -ജിന്റോ പറയുന്നു.
അതേസമയം, കായികമേളയിലെ ഭക്ഷണത്തിൽ പുഴുവുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് ജിജോയെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം പരിശോധനയിൽ ശരിയല്ലെന്ന് കണ്ടെത്തിയതായാണ് പൊലീസ് അറിയിച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ഡോ. ജിന്റോ ജോൺ എഴുതിയ കുറിപ്പിന്റെ പൂർണരൂപം:
കോഴിക്കോട് നടക്കുന്ന സ്കൂൾ കായികമേളയുടെ ഭക്ഷണത്തിൽ പുഴുവിട്ട കായികാദ്ധ്യാപകൻ കോൺഗ്രസുകാരൻ ആണെന്നുള്ള പ്രചരണം തെറ്റാണ്. 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇയാൾ മത്സരിച്ചിരുന്നു എന്നത് സത്യമാണ്. എന്നാൽ ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയാണ് ജയിച്ചത്. ആ റിബൽ സ്ഥാനാർത്ഥിയേയും കൂടെ പ്രവർത്തിച്ചവരേയും തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചെടുത്ത വാശിക്ക് ജിജോ ജയിംസ് 2021ൽ കോൺഗ്രസ് പാർട്ടി വിട്ടു. സിപിഎമ്മിന്റെ അന്നത്തെ ലോക്കൽ സെക്രട്ടറി ജോർജ്ജി ജോയിയുടെ നേതൃത്വത്തിൽ അയാളെ ഡിവൈഎഫ്ഐയുടെ മെമ്പർഷിപ്പ് കൊടുത്ത് സിപിഎമ്മിന്റെ കൂടെക്കൂട്ടി. കോൺഗ്രസ്സിൽ ആയിരുന്നപ്പോൾ ഇയാൾ കെപിഎസ്ടിഎയുടെ മെമ്പറായിരുന്നു. പക്ഷേ പക്ഷേ കോൺഗ്രസ് വിട്ടതിന് ശേഷം അധ്യാപകസംഘടനയുടെ മെമ്പർഷിപ്പ് പുതുക്കിയിട്ടില്ല.
നിലവിൽ കോൺഗ്രസിന്റേയോ കോൺഗ്രസ്സനുഭാവ അധ്യാപക സംഘടനയുടെ പ്രവർത്തനങ്ങളിലോ യാതൊരുവിധത്തിലും സജീവമല്ലാത്ത, കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ ഒരു പരിപാടിയിൽ പോലും പങ്കെടുക്കാത്ത, നിലവിൽ പാർട്ടിയുടേയോ അധ്യാപക സംഘടനയുടേയോ അംഗത്വമില്ലാത്ത ഇയാളെ കോൺഗ്രസ്സാക്കാൻ കൈരളിയും ദേശാഭിമാനിയും മറ്റ് ചില മാധ്യമ സഖാക്കളും നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല.
ഇന്ന് രാവിലെ വരെ ഇയാളിട്ട പുഴുവിനെ ചുമന്ന് നടന്നവർ, ബ്രഡും പഴവും വിതരണം ചെയ്യാനിറങ്ങിയ കുട്ടി സഖാക്കൾ കയ്യോടെ പിടിക്കപ്പെട്ട ഈ പുത്തൻകൂറ്റ് സഖാവിനെ കോൺഗ്രസ്സാക്കുന്ന തിരക്കിലാണ് ഇപ്പോൾ. ഈ വൃത്തികെട്ടവൻ കോൺഗ്രസ് ആയിരുന്നാലും ഇക്കാര്യത്തിൽ അവനെതിരെ ആയിരിക്കും നിലപാട്.
ടി കെ ഹംസയും, പി സരിനും, കെ പി അനിൽകുമാറും, ലതിക സുഭാഷും, പി എസ് പ്രശാന്തുമെല്ലാം ഒരുകാലത്ത് കോൺഗ്രസ്സായിരുന്നു എന്നുകരുതി ഇപ്പോൾ നിൽക്കുന്ന ലാവണത്തിനനുസരിച്ച് എന്തെങ്കിലും ചെയ്താൽ അതിന്റെ പാപഭാരം മുൻപ് പ്രവർത്തിച്ചിരുന്ന കോൺഗ്രസ് പാർട്ടിക്കല്ലെന്ന് ഓർക്കണം.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജയിലിൽ പോയ പ്രശാന്തിന്റെ മുൻപ് കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച പോസ്റ്റർ വച്ച് 'അയ്യേ കോൺഗ്രസ്സുകാരൻ പ്രശാന്ത് സ്വർണ്ണക്കൊള്ള നടത്തിയേ' എന്ന് പറയില്ലല്ലോ.

