യെച്ചൂരി തുടരും; ധാവ്ള, വിജയരാഘവൻ പി.ബിയിലേക്ക്
text_fieldsതിരുവനന്തപുരം: 23ാം പാർട്ടി കോൺഗ്രസ് അവസാന രണ്ട് ദിനങ്ങളിലേക്ക് കടന്നതോടെ പുതിയ ജനറൽ സെക്രട്ടറിയെയും പി.ബി, കേന്ദ്ര കമ്മിറ്റികളിലേക്ക് പുതുതായി എത്തുന്നവരെയും കുറിച്ചുള്ള കണക്കുകൂട്ടലുകൾ ശക്തമായി.
കഴിഞ്ഞ പാർട്ടി കോൺഗ്രസിൽനിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിലുള്ള അഭിപ്രായ വ്യത്യാസം ഇത്തവണ സി.പി.എം കേന്ദ്ര നേതൃത്വത്തിൽ ഇല്ലാതായതോടെ ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി.
മറിച്ചാവാൻ അത്ഭുതങ്ങൾ സംഭവിക്കണം. 2015 ഏപ്രിലിൽ വിശാഖപട്ടണത്ത് ചേർന്ന 21ാം പാർട്ടി കോൺഗ്രസിലാണ് പ്രകാശ് കാരാട്ടിനെ പിന്തുടർന്ന് ആദ്യമായി യെച്ചൂരി ജനറൽ സെക്രട്ടറിയായത്. 2018 എപ്രിലിലെ 22ാം ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ രണ്ടാം തവണ ജനറൽ സെക്രട്ടറിയായി. സി.പി.എം ഒരാൾക്ക് ഒരു പദവിയിൽ അനുവദിച്ചിരിക്കുന്നത് മൂന്ന് തവണ കാലാവധിയാണ്. 75 വയസ്സ് പരിധി പ്രകാരം പി.ബിയിൽനിന്ന് എസ്.ആർ.പി ഒഴിയുന്നതോടെ കേരളത്തിൽനിന്ന് എ. വിജയരാഘവൻ പോളിറ്റ് ബ്യൂറോയിൽ എത്തുമെന്ന് ഉറപ്പായി. 75 വയസ്സ് കഴിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് അനുവദിക്കാൻ നേരത്തെതന്നെ തീരുമാനം എടുത്തുകഴിഞ്ഞു.
കേരളത്തിന് പി.ബിയിൽ അനുവദിച്ചിരിക്കുന്നത് നാല് അംഗങ്ങളെയാണ്. അതിൽ തൽക്കാലം വർധന വരുത്താൻ സാധ്യതയില്ലെന്നാണ് അറിവ്. ബംഗാളിൽനിന്നുള്ള ഹനൻമൊല്ല, ബിമൻ ബസു എന്നിവർ പി.ബിയിൽ നിന്ന് ഒഴിയുമ്പോൾ പകരം ഒരാൾ മാത്രമേ പുതുതായി വരാൻ സാധ്യതയുള്ളൂവെന്നാണ് സൂചന. സംഘടനാ ശോഷണത്തിന്‍റെ അടിസ്ഥാനത്തിൽ അനുവദിച്ച ആറിന് പകരം പി.ബിയംഗങ്ങളുടെ എണ്ണം അഞ്ചാക്കിയാൽ ബംഗാൾ ഘടകത്തിന്റെ പ്രതികരണം എന്താവുമെന്നതും പ്രധാനമാണ്.
അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻമൊല്ലക്ക് പകരം പ്രസിഡന്‍റും നിലവിൽ സി.സി അംഗവുമായ മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ധാവ്ള പി.ബിയിൽ എത്തും. പി.ബിയിൽ ഇതുവരെ ദലിത് വിഭാഗത്തിൽനിന്നൊരാളും ഇല്ലാത്തത് ചൂണ്ടിക്കാട്ടി നേതൃത്വം കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. ഇതിന് പരിഹാരമായി ദലിത് പ്രാതിനിധ്യം ആദ്യമായി പി.ബിയിലുണ്ടാവുമെന്ന് ഉറപ്പായി.
കേന്ദ്ര കമ്മിറ്റിയിൽനിന്ന് പി. കരുണാകരൻ, വൈക്കം വിശ്വൻ എന്നിവർ പ്രായപരിധിയനുസരിച്ച് ഒഴിയും. പകരം പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവർ സി.സിയിൽ എത്തിയേക്കും. പി.എ. മുഹമ്മദ് റിയാസ് പാർട്ടി കോൺഗ്രസിലും അത്ഭുതം സൃഷ്ടിക്കുമോ എന്നും ഏവരും ഉറ്റുനോക്കുന്നുണ്ട്. എം.സി. ജോസഫൈൻ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവായേക്കും. പകരം ടി.എൻ. സീമക്കാണ് സാധ്യത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.