വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
text_fieldsതിരുവനന്തപുരം: കേരളത്തിൽ നാലുമുതൽ ആറുവരെ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 40 - 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാലിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, അഞ്ചിന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, ആറിന് ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.
ദക്ഷിണേന്ത്യയിൽ ഒക്ടോബർ രണ്ടാം പകുതിയോടെ വടക്കുകിഴക്കൻ മൺസൂൺ സജീവമാകുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) വിലയിരുത്തൽ. ഒക്ടോബർ 15നും 21നും ഇടയിൽ വടക്കുകിഴക്കൻ മൺസൂൺ എത്താൻ സാധ്യതയുണ്ട്. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, തീരദേശ ആന്ധ്രപ്രദേശ്, റായലസീമ, കേരളം, തെക്കൻ ഉൾപ്രദേശ കർണാടക എന്നിവിടങ്ങളിൽ ഒക്ടോബർ-ഡിസംബർ കാലയളവിൽ സാധാരണ മഴ ലഭിക്കുമെന്നാണ് പ്രവചനം.
ദക്ഷിണ ഉപദ്വീപിലെ വാർഷിക മഴയുടെ ഏകദേശം 30 ശതമാനം വടക്കുകിഴക്കൻ മൺസൂണിലൂടെയാണ് ലഭിക്കുന്നത്. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ മേഖലകളിൽ വാർഷിക മഴയുടെ ഏകദേശം 48 ശതമാനവും ഈ കാലയളവിലാണ് ലഭിക്കുന്നത്.
ഒക്ടോബറിൽ രാജ്യത്തെ മഴ ദീർഘകാല ശരാശരിയുടെ 85 ശതമാനത്തിൽ താഴെയാകുമെന്നാണ് പ്രവചനം. അതേസമയം, രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പരമാവധി താപനില സാധാരണയേക്കാൾ ഉയർന്നേക്കും. ഒക്ടോബർ ആദ്യവാരത്തിൽ കിഴക്കൻ, തെക്കൻ, വടക്കുകിഴക്കൻ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കാനും ചിലയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്.
ഒക്ടോബർ-ഡിസംബർ കാലയളവിൽ പഞ്ചാബ്, ഹരിയാനയുടെ ചില ഭാഗങ്ങൾ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ സാധാരണയോ അതിൽ കൂടുതലോ മഴ ലഭിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

