Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 8 March 2021 11:24 PM IST Updated On
date_range 8 March 2021 11:24 PM ISTഅമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് പിണറായി വിജയന് നല്‍കുന്നത് ഉത്തരമല്ല, നിലവിളി -വി. മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയുടെ ചോദ്യങ്ങൾക്ക് മറുചോദ്യം തൊടുത്തും അദ്ദേഹത്തിന്റെ ഭൂതകാലം ചികഞ്ഞ് കടന്നാക്രമിച്ചുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനെതിരെ കേന്ദ്ര മന്ത്രി വി. മുരളീധരൻ. 'ഇച്ഛാശക്തിയുള്ള കേന്ദ്രഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഭയമുണ്ടല്ലേ? അമിത് ഷായുടെ ശംഖുമുഖം ചോദ്യങ്ങള്‍ക്ക് പിണറായി വിജയന് നല്‍കുന്നത് ഉത്തരമല്ല, നിലവിളിയാണ്.
ഒരു കാര്യം മറക്കണ്ട.. നിങ്ങള്‍ വഞ്ചിച്ചത് ഈ രാജ്യത്തെയാണ്. നിങ്ങള്‍ ഒറ്റുകൊടുത്തത് ഒരു ജനതയെയാണ്. അതിന് എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും' -വി. മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അമിത്ഷായെ വ്യാജ ഏറ്റുമുട്ടല്‍ പ്രതിയെന്ന് ആക്ഷേപിക്കുന്ന പിണറായി വിജയന് വാടിക്കല്‍ രാമകൃഷ്ണനെന്ന പേര് ഓര്‍മയുണ്ടോ? കല്ലുവെട്ടുന്ന മഴുകൊണ്ട് ആ ജനസംഘം പ്രവര്‍ത്തകന്റെ ശിരസിലേക്കാഞ്ഞുവെട്ടിയത് പിണറായി മറന്നോ? ചോരപുരണ്ട ആ കൈകള്‍ അമിത് ഷായ്ക്ക് നേരെ ചൂണ്ടേണ്ട..എല്ലാ കോടതികളും നിരപരാധിയെന്ന് വിധിച്ച അമിത് ഷായുമായി നിങ്ങള്‍ക്ക് താരതമ്യമില്ല. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷമല്ല, 2016ല്‍ പിണറായി തിരുവനന്തപുരത്ത് അധികാരമേറ്റ ശേഷമാണ് തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്തിന്റെ ഹബ്ബായി മാറിയത്. പിണറായിയുടെ കീഴിലുള്ള പ്രോട്ടോക്കാള്‍ വിഭാഗമാണ് നയതന്ത്രപരിരക്ഷ ഇല്ലാതിരുന്നിട്ടും നയതന്ത്ര ബാഗേജെന്ന് വ്യാജേന സ്വര്‍ണം കടത്തുവാന്‍ വേണ്ട ഒത്താശ ചെയ്തു കൊടുത്തത്. കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലാതെ കോണ്‍സുല്‍ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ ഒരുക്കിയത് എന്തിനെന്ന് രാജ്യത്തോട് പിണറായി വിശദീകരിക്കണം. കള്ളക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിയായ ചരിത്രം അമിത് ഷായ്ക്കില്ല. വിദേശപൗരന്മാരുമായി ചേര്‍ന്ന് നിങ്ങള്‍ നടത്തിയ ദേശദ്രോഹം ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയോ? ഇച്ഛാശക്തിയുള്ള കേന്ദ്രഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഭയമുണ്ടല്ലേ? അമിത് ഷായുടെ ശംഖുമുഖം ചോദ്യങ്ങള്‍ക്ക് പിണറായി വിജയന് നല്‍കുന്നത് ഉത്തരമല്ല, നിലവിളിയാണ്. കള്ളക്കടത്തുകാരിയുമായി കറങ്ങി നടന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതെന്ത്? കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയതാരാണെന്ന് പിണറായി കൊടുവള്ളിയിലെ സഖാക്കളോട് ചോദിച്ചാല്‍ മതി. കൈകാര്യം ചെയ്യും, കേരളമാണ് തുടങ്ങിയ വിരട്ടലൊന്നും അമിത് ഷായോടും ബി.ജെ.പിയോടും വേണ്ട. ഒരു കാര്യം മറക്കണ്ട..നിങ്ങള്‍ വഞ്ചിച്ചത് ഈ രാജ്യത്തെയാണ്. നിങ്ങള്‍ ഒറ്റുകൊടുത്തത് ഒരു ജനതയെയാണ്.
അതിന് എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും…...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story