ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു
text_fieldsചെങ്ങമനാട്: ദേശീയപാത ചെങ്ങമനാട് പറമ്പയം പാലത്തിന് സമീപം പാചകവാതക ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ചാലക്കുടി കൊരട്ടി കട്ടപ്പുറം എളാട്ട് കൃഷ്ണൻകുട്ടിയുടെ മകൻ ശ്രീഹരിയാണ് (27) മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.45ഓടെ പറമ്പയം പാലത്തിനും - പറമ്പയം കവലക്കും മധ്യേയായിരുന്നു അപകടം. സ്കൂട്ടറിൽനിന്ന് റോഡിൽ തെറിച്ച് വീണ ശ്രീഹരിയുടെ ദേഹത്ത് ടാങ്കർ കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം മരിച്ചു.
സംഭവമറിഞ്ഞ് നെടുമ്പാശ്ശേരി പൊലീസ് സ്ഥലത്തെത്തി. എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമായിട്ടില്ല. മുന്നിൽ പോയ കാറിൽ തട്ടി സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിൽ വീഴുകയായിരുന്നെന്നും ഈ സമയം പിന്നിൽ വന്ന ടാങ്കർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നെന്നും പറയുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
ആലുവയിലെ സ്വകാര്യ സ്ഥാപനത്തിൽ ടോറസ് ലോറി ഡ്രൈവറായിരുന്നു ശ്രീഹരി. രാത്രി കൊരട്ടിയിലെ വീടിന് സമീപം കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ ഫോൺ കോൾ വന്നു. തുടർന്ന് സുഹൃത്തിന്‍റെ സ്കൂട്ടറുമായി ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പൊലീസ് നൽകുന്ന സൂചന.
ശ്രീഹരി അവിവാഹിതനാണ്. മാതാവ്: ഉഷ. സഹോദരി: കൃഷ്ണപ്രിയ.
മൃതദേഹം ചൊവ്വാഴ്ച രാവിലെ അങ്കമാലി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.