ട്രേഡിങ് ആപ്പിന്റെ മറവിൽ 3.25 കോടി തട്ടിയ യുവാക്കൾ അറസ്റ്റിൽ
text_fieldsമുഹമ്മദ് ഷാഫി, അഫ്ലാഹ് ഷാദിൽ
മലപ്പുറം: ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതുവഴി 3.25 കോടി തട്ടിയ യുവാക്കൾ അറസ്റ്റിൽ. വ്യാജ ആപ്പിൽ നിക്ഷേപിച്ച പണത്തിന്റെ ലാഭവിഹിതം വിർച്വലായി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ചാണ് 3.25 കോടി തട്ടിയത്. അരീക്കോട് പുത്തലം സ്വദേശി മണ്ണിങ്ങച്ചാലി അഫ്ലാഹ് ഷാദിൽ (25), അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി കമ്മു പൂളംകുണ്ടിൽ മുഹമ്മദ് ഷാഫി (34) എന്നിവരെയാണ് മലപ്പുറം സൈബർ ക്രൈം അറസ്റ്റ് ചെയ്തത്.നിക്ഷേപത്തിന് ഉയർന്ന ലാഭവിഹിതം വാഗ്ദാനം നൽകിയാണ് ആളുകളെ തട്ടിപ്പിലേക്ക് ആകർഷിച്ചത്. പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് വ്യത്യസ്ത സമയങ്ങളിലായി പ്രതികൾ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാൻ ആവശ്യപ്പെട്ടു. അയച്ച തുകയുടെ ലാഭവിഹിതം കാണിക്കുന്ന ആപ്ലിക്കേഷൻ പരാതിക്കാരന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും ചെയ്തു. ആപ്പില്‍ വലിയ ലാഭവിഹിതം കാണിച്ചിരുന്നു.
പിന്നീട് പണവും ലാഭവിഹിതവും തിരികെ ചോദിച്ചപ്പോൾ പ്രസ്തുത തുക പിൻവലിക്കാൻ കൂടുതൽ തുക നികുതിയായി അടക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് പരാതിക്കാരൻ മലപ്പുറം സൈബർ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്.
അറസ്റ്റിലായ അഫ്ലാഹ് ഷാദിലിനെയും മുഹമ്മദ് ഷാഫിയെയും മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ഐ.സി. ചിത്തരഞ്ജൻ, എസ്.ഐ ലത്തീഫ്, എസ്.ഐ നജ്മുദ്ദീൻ, എ.എസ്.ഐമാരായ റിയാസ് ബാബു, അനീഷ് കുമാർ, സി.പി.ഒ റിജിൽ, റാഷിനുൽ ഹസൻ, കൃഷ്ണേന്ദു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.