ഡ്രൈവര്‍ ജോലിക്കായി സമൂഹമാധ്യമത്തിൽ പരസ്യം നൽകി ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ
text_fieldsകൊല്ലം: ഡ്രൈവര്‍ ജോലിക്കായി ആളെ ആവശ്യമുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. പാലക്കാട് ഷൊര്‍ണൂര്‍ കവളപ്പാറ ചൂണ്ടക്കാട്ട് പറമ്പില്‍ വീട്ടില്‍ വിഷ്ണുവാണ് (27) കൊല്ലം സിറ്റി സൈബര്‍ പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം കഴക്കൂട്ടത്ത് ഡോക്ടറുടെ ഹൗസ് ഡ്രൈവര്‍ ജോലി ഒഴിവുണ്ടെന്ന് കാണിച്ച് ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം, ഒ.എല്‍.എക്സ് എന്നിവ വഴിയാണ് പരസ്യം നൽകിയത്.
പരസ്യത്തില്‍ കാണുന്ന നമ്പറില്‍ ബന്ധപ്പെടുന്നവരോട് എറണാകുളത്തെ ഓഫിസിലെത്തി രജിസ്റ്റര്‍ ചെയ്യാനും അല്ലെങ്കിൽ ലൈസന്‍സിന്റെയും ആധാറിന്റെയും കോപ്പി വാട്സ് ആപ്പിലൂടെ അയക്കാനും പറയും. ശേഷം രജിസ്ട്രേഷന്‍ ഫീസായി 560 രൂപ അയച്ചുനല്‍കാൻ ആവശ്യപ്പെടും. തുടര്‍ന്ന് വെരിഫിക്കേഷനായി 1000 രൂപ കൂടി വാങ്ങിയെടുക്കും. പണം കൈക്കലാക്കിയ ശേഷം അവരെ ബ്ലോക്ക് ചെയ്യും. ഫോണ്‍നമ്പറും സമൂഹമാധ്യമ അക്കൗണ്ടുകളും ഇടക്കിടെ മാറ്റി തട്ടിപ്പ് തുടരുകയായിരുന്നു.
പണം നഷ്ടമായ കൊട്ടിയം പഴയാറ്റിന്‍കുഴി സ്വദേശി സൈബര്‍ ക്രൈം പോര്‍ട്ടല്‍ നമ്പറായ 1930ല്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്തതാണ് കേസിൽ വഴിത്തിരിവായത്. കൊല്ലം സിറ്റി സൈബര്‍ ക്രൈം പൊലീസ് നടത്തിയ പരിശോധനയിൽ കേരളത്തില്‍ പല ജില്ലകളിലും സമാന തട്ടിപ്പ് പരാതികള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രതി എട്ട് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി വ്യക്തമായി. സിം കാര്‍ഡും മൊബൈല്‍ ഫോണും രണ്ടാഴ്ച കൂടുമ്പോള്‍ മാറ്റുന്നതായിരുന്നു രീതി. രണ്ട് ദിവസം മുമ്പ് എടുത്ത സിംകാര്‍ഡും മൊബൈല്‍ ഫോണുമാണ് പിടിയിലാകുമ്പോള്‍ ഇയാള്‍ ഉപയോഗിച്ചിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.