ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണം അയച്ചെന്ന് പറഞ്ഞ് ഫോണുമായി കടന്നുകളയാൻ ശ്രമിച്ച 18കാരൻ പിടിയിൽ
text_fieldsമതിലകം: വ്യാജ ആപ്പിൽ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് 17,000 രൂപ അയച്ചതായി തെറ്റിദ്ധരിപ്പിച്ച് മൊബൈൽ ഫോണുമായി കടന്നുകളയാൻ ശ്രമിച്ച 18കാരന്‍ പിടിയിൽ. പെരിഞ്ഞനം സ്വദേശി എള്ളുംപറമ്പിൽ വീട്ടിൽ അഹമ്മദ് (18) ആണ് അറസ്റ്റിലായത്. മതിലകം പൊലീസാണ് യുവാവിനെ പിടികൂടിയത്.
വ്യാഴാഴ്ച വൈകീട്ട് ആറിന് മതിലകം സെന്ററിൽ പ്രവർത്തിക്കുന്ന മൊബൈൽ കടയിലാണ് പ്രതി തട്ടിപ്പിന് ശ്രമിച്ചത്. മൊബൈൽ കടയിലെത്തിയ യുവാവ് ഫോൺ വാങ്ങിയ ശേഷം ക്യൂ.ആർ. കോഡ് സ്കാൻ ചെയ്ത് ആപ്പ് വഴി പണം അയച്ചതായി പറഞ്ഞ് പെട്ടെന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിക്കുകയായിരുന്നു. സ്ക്രീൻ ഷോട്ട് കാണിച്ചെങ്കിലും സംശയം തോന്നിയതോടെ പോകരുതെന്ന് പറഞ്ഞെങ്കിലും യുവാവ് കേട്ടില്ല.
ഉടൻ കടയുടമ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ പണം ക്രെഡിറ്റ് ആയിട്ടില്ലെന്ന് മനസിലായി. ഇതോടെ യുവാവിനെ തടഞ്ഞുവെച്ച് മതിലകം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കടയുടമകളിലൊരാളായ നൗഫലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. മതിലകം എസ്.എച്ച്.ഒ ഷാജി എം.കെ, എസ്.ഐ അശ്വിൻ റോയ്, ജി.എസ്.സി.പി.ഒമാരായ സനീഷ്, ഷനിൽ എന്നിവരാണ് അന്വേഷണം നടത്തിയത്.
മതിലകം സെന്‍ററിലെ ചിക്കൻ സെന്‍ററിൽനിന്ന് കോഴി വാങ്ങിയതിലടക്കം തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.