സുജിത്തിനെ മർദിച്ച പൊലീസുകാരെ പുറത്താക്കണം, പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്; പ്രതികളുടെ വീടുകളിലേക്ക് മാർച്ച് നടത്തും
text_fieldsയൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത്തിനെ പൊലീസ് കസ്റ്റഡിയിൽ മർദിക്കുന്നു
കുന്നംകുളം: ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്‍റ് വി.എസ്. സുജിത്തിനെ പൊലീസ് സ്റ്റേഷനിൽവച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കും. മർദിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും. ഇന്ന് എസ്.ഐയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. പൊലീസിന്‍റെ ആക്രമണത്തിന് ഇരയായ സുജിത്തിനെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് സന്ദർശിക്കും.
കുറ്റക്കാരായ പൊലീസുകാരെ സേനയിൽ നിന്ന് പുറത്താക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആവശ്യം. സുജിത്തിന് നേരിട്ടത് അതിക്രൂര മർദനമാണ്. കേരള പൊലീസ് ഇതുപോലെ തോന്നിവാസം കാണിച്ച മറ്റൊരു കാലഘട്ടവും ഉണ്ടാവില്ല. കേരളത്തിലെ പൊലീസ് സേനയുടെ യഥാർഥ മുഖം എന്താണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. ഇത്തരം പൊലീസുകാരുമായി തുടരാനാണ് സർക്കാർ തീരുമാനമെങ്കിൽ അതിനെതിരെ ശക്തമായ പ്രതിഷേധം യൂത്ത് കോൺഗ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവത്തിൽ ഡി.ജി.പി.ക്ക് റിപ്പോർട്ട് നൽകി തൃശൂർ ഡി.ഐ.ജി ഹരിശങ്കർ. മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി. പരാതിയുയർന്ന അന്നുതന്നെ നടപടിയെടുത്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സംഭവത്തിൽ നാലു ഉദ്യോഗസ്ഥരുടെയും രണ്ട് വർഷത്തെ ഇൻക്രിമെന്റ് കട്ട് ചെയ്യുകയും അവരെ സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേയുള്ളൂ എന്നും റിപ്പോർട്ടിലുണ്ട്. കോടതിയും ആ കേസ് മാത്രമാണ് എടുത്തത്. റിപ്പോർട്ടിൽ കൂടുതൽ നടപടിക്ക് ശിപാർശയില്ല.
നിലവിൽ കുന്നംകുളം കോടതി നേരിട്ട് കേസന്വേഷിക്കുകയാണ്. കോടതിയുത്തരവ് വന്ന ശേഷം തുടർനടപടി ആകാമെന്നാണ് റിപ്പോർട്ടിലുള്ളത്. പൊലീസ് സേനയിൽ 62,000 പേർ ജോലി ചെയ്യുന്നുണ്ടെന്നും അതിനാൽ ഈ സംഭവം പൊതുവത്കരിക്കരുതെന്നാണ് ഹരിശങ്കർ മാധ്യമങ്ങളോട് പറഞ്ഞത്.
അതിനിടെ, ത്യശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിലെ പൊലീസ് മർദന വിവരങ്ങൾ അടിയന്തരമായി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമീഷൻ അംഗം വി. ഗീത തൃശൂർ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണം. മാധ്യമങ്ങളിൽ മർദന ദ്യശ്യങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്‍റ് വി.എസ്. സുജിത്തിനെ അകാരണമായി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തായത്. സുജിത്തിനെ മർദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ കുന്നംകുളം സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുന്നംകുളം കോടതി കേസെടുത്ത നടപടിക്ക് പിന്നാലെയാണ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. സുജിത്ത് നടത്തിയ രണ്ട് വർഷത്തിലേറെ നീണ്ട നിരന്തരമായ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സി.സി ടി.വി ദൃശ്യങ്ങൾ ലഭ്യമായത്.
2023 ഏപ്രിൽ അഞ്ചിനാണ് സുജിത്തിനെ പൊലീസ് മർദിച്ചത്. സംഭവ ദിവസം ചൊവ്വന്നൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയും ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം സ്റ്റേഷനിലെ എസ്.ഐ നുഅ്മാൻ സുജിത്തിനെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെ ഇടിമുറിയിൽ വെച്ച് എസ്.ഐ നുഅ്മാൻ, സി.പി.ഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.